
രാജ്കോട്ട്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ ടീം ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യയ്ക്ക് ഒരു വിക്കറ്റ് നഷ്ടമായി. രാജ്കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്ത യുവതാരം യശസ്വീ ജെയ്സ്വാളാണ് പുറത്തായത്. 10 റണ്‍സ് നേടിയ ജെയ്സ്വാളിനെ മാര്‍ക്ക് വുഡാണ് വീഴ്ത്തിയത്.
ഒരു വിക്കറ്റ് നഷ്ടത്തില്‍ 21 റണ്‍സ് എടുത്ത നിലയിലാണ് ഇന്ത്യ. രോഹിത് ശര്‍മ്മ 11 റണ്‍സ് എടുത്തു. യശ്വസ്വീ ജെയ്സ്വാളിനെ മാര്‍ക്ക് വുഡിന്റെ പന്തില്‍ റൂട്ടിനായിരുന്നു ക്യാച്ച്. ടോസ് നേടിയ ഇന്ത്യന്‍ നായകന് രോഹിത് ശര്‍മ്മ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. നായകന് രോഹിത് ശര്‍മ്മയും യുവതാരം ശുഭ്മാന്‍ ഗില്ലുമാണ് ഇപ്പോള്‍ ക്രീസിലുള്ളത്.
നാല് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. പേസര്‍ മുഹമ്മദ് സിറാജും ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും ടീമില്‍ മടങ്ങിയെത്തിയപ്പോള്‍ മുകേഷ് കുമാറും അക്സര്‍ പട്ടേലും പ്ലേയിംഗ് ഇലവന് പുറത്തായി. നീണ്ട കാത്തിരിപ്പിനൊടുവില്‍ ആഭ്യന്തര ക്രിക്കറ്റിലെ സ്റ്റാര്‍ ബാറ്റര്‍ സര്‍ഫറാസ് ഖാനും വിക്കറ്റ് കീപ്പര്‍ ധ്രുവ് ജൂറെലും ഈ ടെസ്റ്റില്‍ അരങ്ങേറ്റക്കാരായി ഇന്ത്യന്‍ ടീമിലെത്തി.
അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ ഓരോ മത്സരം ജയിച്ച് നിലവില്‍ ഇന്ത്യയും ഇംഗ്ലണ്ടും സമനില പങ്കിടുകയാണ്. ആദ്യ ടെസ്റ്റ് നടന്ന ഹൈദരാബാദിനെക്കാളും രണ്ടാം മത്സരത്തിന് വേദിയായ വിശാഖപട്ടണത്തെക്കാളും മികച്ച വിക്കറ്റാണ് രാജ്കോട്ടിലേത് എന്ന് രോഹിത് ശര്‍മ്മ ടോസ് വേളയില്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.
പ്ലേയിംഗ് ഇലവനുകള്‍
ഇംഗ്ലണ്ട്: സാക്ക് ക്രോലി, ബെന്‍ ഡക്കെറ്റ്, ഓലീ പോപ്, ജോ റൂട്ട്, ജോണി ബെയ്ര്‍സ്റ്റോ, ബെന്‍ സ്റ്റോക്സ് (ക്യാപ്റ്റന്‍), ബെന്‍ ഫോക്സ് (വിക്കറ്റ് കീപ്പര്‍), റെഹാന് അഹമ്മദ്, ടോം ഹാര്‍ട്ലി, മാര്‍ക് വുഡ്, ജയിംസ് ആന്ഡേഴ്സണ്.
ഇന്ത്യ: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ജസ്പ്രീത് ബുമ്ര (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, രജത് പാടിദാര്‍, സര്‍ഫറാസ് ഖാന്, ധ്രുവ് ജൂരെല്‍ (വിക്കറ്റ് കീപ്പര്‍), രവിചന്ദ്രന്‍ അശ്വിന്, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്.






