
രാജ്കോട്ട് : ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ 500 ടെസ്റ്റ് വിക്കറ്റ് തികച്ച് രവിചന്ദ്രന്‍ അശ്വിന്. 14ാം ഓവറിലെ ആദ്യ പന്തില്‍ ക്രൗളിയെ രജത് പാട്ടിദാറിന്റെ കൈകളിലെത്തിച്ചാണ് അശ്വിന് ടെസ്റ്റില്‍ 500 വിക്കറ്റ് പൂര്‍ത്തിയാക്കിയത്. 2011ലാണ് അശ്വിന് ടെസ്റ്റില്‍ അരങ്ങേറിയത്.
മറ്റുചില നേട്ടങ്ങളും അശ്വിനെ തേടിയെത്തി. ടെസ്റ്റില്‍ അതിവേഗത്തില്‍ 500വിക്കറ്റുകള്‍ നേടുന്ന രണ്ടാമത്തെ ബോളറായി അശ്വിന് മാറി. 500ല്‍ 347 വിക്കറ്റുകളും നാട്ടിലാണ് അശ്വിന് വീഴ്ത്തിയത്. 105 ടെസ്റ്റില്‍നിന്ന് 500 വിക്കറ്റ് ക്ലബ്ബിലെത്തിയ അനില്‍ കുംബ്ലെയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് അശ്വിന്റെ നേട്ടം. 87ാം ടെസ്റ്റില്‍ 500 വിക്കറ്റ് നേട്ടം കൈവരിച്ച ശ്രീലങ്കയുടെ മുന്‍ താരം മുത്തയ്യ മുരളീധരനാണ് ഒന്നാമത്. ഷെയ്ന് വോണ്‍ (108), ഗ്ലെന്‍ മഗ്രോ (110) എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍.
Take A Bow, R Ashwin 🙌 🙌#TeamIndia | #INDvENG | @ashwinravi99 | @IDFCFIRSTBank pic.twitter.com/kpEp8ruhrl
— Anju Meghwal (@Anju_Megh) February 16, 2024
എറിഞ്ഞ പന്തുകളുടെ അടിസ്ഥാനത്തില്‍ രണ്ടാമതാണ് അശ്വിന്. 500ലെത്താന്‍ അശ്വിന് 25714 പന്തുകളാണ് വേണ്ടിവന്നത്. 25528 പന്തുകള്‍ എറിഞ്ഞ മഗ്രാത്താണ് ഒന്നാമന്. ആന്ഡേഴ്സണ് (28150), ബ്രോഡ് (28430), വാല്‍ഷ് (28833) എന്നിവര്‍ പിറകില്‍.
ടെസ്റ്റ് ക്രിക്കറ്റില്‍ 500 വിക്കറ്റെന്ന നാഴികക്കല്ല് പിന്നിട്ട് ഒമ്പതാമത്തെ ബൗളറാണ് അശ്വിന്. മുത്തയ്യ മുരളീധരന് (800), ഷെയ്ന് വോണ്‍ (708), ജെയിംസ് ആന്ഡേഴ്സണ് (696), അനില്‍ കുംബ്ലെ (616), സ്റ്റുവര്‍ട്ട് ബ്രോഡ് (604), ഗ്ലെന്‍ മഗ്രാത് (563), ക്വേര്‍ട്നി വാല്‍ഷ് (519), നതാന്‍ ലിയോണ്‍ (517) എന്നിവരാണ് അശ്വിന് മുമ്പ് 500 വിക്കറ്റ് നേടിയബൗളര്മാര്.


