
രാജ്കോട്ട്: രാജ്കോട്ട് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് റെക്കോര്‍ഡ് വിജയം. 557 റണ്‍സ് വിജയലക്ഷ്യം മുന്നോട്ടുവെച്ച ഇന്ത്യ ഇംഗ്ലണ്ടിനെ രണ്ടാം ഇന്നിംഗ്സില്‍ 39.3 ഓവറില്‍ 122 റണ്‍സിന് എറിഞ്ഞിട്ടാണ് 434 റണ്‍സിന്റെ റെക്കോര്‍ഡ് വിജയം സ്വന്തമാക്കിയത്. 1934നുശേഷം ഇംഗ്ലണ്ടിന്റെ ഏറ്റവും വലിയ തോല്‍വിയുമാണിത്.
അഞ്ച് വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയും രണ്ട് വിക്കറ്റ് വീഴ്ത്തി കുല്‍ദീപ് യാദവും ഓരോ വിക്കറ്റ് വീതം വീഴ്ത്തിയ ബുമ്രയും അശ്വിനും ചേര്‍ന്നാണ് ഇംഗ്ലണ്ടിനെ എറിഞ്ഞിട്ടത്. ജയത്തോടെ അഞ്ച് മത്സര പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലെത്തി. പരമ്പരയിലെ നാലാം ടെസ്റ്റ് 23ന് റാഞ്ചിയില്‍ തുടങ്ങും.സ്കോര്‍ ഇന്ത്യ 445, 430-4, ഇംഗ്ലണ്ട് 319, 122.
ഇന്ത്യ ഉയര്‍ത്തിയ റണ്‍മലക്ക് മുന്നില്‍ ഇംഗ്ലണ്ടിന് അടിതെറ്റി. വീരന് ബെന്‍ ഡക്കറ്റ് തുടക്കത്തിലെ റണ്ണൗട്ടായി. മുഹമ്മദ് സിറാജിന്റെ ത്രോയില്‍ ധ്രുവ് ജുറെല്‍ പറന്നെത്തിയാണ് ഡക്കറ്റിനെ റണ്ണൗട്ടാക്കിയത്. സാക്ക് ക്രോളി(11) ബുമ്രയുടെ ഇന്‍സ്വിംഗറിന് മുന്നില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയപ്പോള്‍ ഒലി പോപ്പ്(3), ജോ റൂട്ട്(7), ജോണി ബെയര്‍സ്റ്റോ(4) എന്നിവരെ ജഡേജ കറക്കി വീഴ്ത്തി .
ബെന്‍ സ്റ്റോക്സിനെ(15) കുല്‍ദീപ് യാദവ് വിക്കറ്റിന് മുന്നില്‍ കുടുക്കിയപ്പോള്ബെന് ഫോക്സിനെയും(16), പതിനൊന്നാമനായി ഇറങ്ങി ടോപ് സ്കോററായ മാര്‍ക്ക് വുഡിനെയും(33) വീഴ്ത്തിയ ജഡേജ അഞ്ച് വിക്കറ്റ് തികച്ചു. റെഹാന് അഹമ്മദിനെ(0) കുല്‍ദീപും ടോം ഹാര്‍ട്ലിയെ(16) അശ്വിനും മടക്കി.




