
റാഞ്ചി: ഇംഗ്ളണ്ടിനെതിരേയുള്ള അഞ്ചു മത്സരങ്ങളുടെ ക്രിക്കറ്റ് പരമ്പര ഇന്ത്യ സ്വന്തമാക്കി. പരമ്പരയിലെ ആദ്യ ടെസ്റ്റ് പരാജയപ്പെട്ടതിന് പിന്നാലെ തുടര്‍ച്ചയായി മൂന്ന് മത്സരങ്ങള്‍ ജയിച്ചാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. നാലാം മത്സരത്തില്‍ ഇംഗ്ളണ്ടിനെ അഞ്ചുവിക്കറ്റിന് പരാജയപ്പെടുത്തിയതോടെ പരമ്പര 3-1 ന് ഇന്ത്യ മുന്നിലായി. 193 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ നാലാം ദിവസം തന്നെ മറികടന്നു.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ളണ്ട് ഉയര്‍ത്തിയ 353 റണ്‍സും രണ്ടാം ഇന്നിംഗ്സില്‍ നേടിയ 145 റണ്‍സും ഇന്ത്യ 307/192 എന്നിങ്ങനെ സ്കോര്‍ ചെയ്തു. രണ്ടാം ഇന്നിംഗ്സില്‍ നായകന് രോഹിത് ശര്‍മ്മ (55) യുടേയും യുവതാരം ശുഭ്മാന്‍ ഗില്ലി (പുറത്താകാതെ 52) അര്ദ്ധശതകങ്ങളായിരുന്നു ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. പുതുമുഖ താരവും വിക്കറ്റ് കീപ്പറുമായ ധ്രുവ് ജൂറല്‍ 39 റണ്‍സുമായി പുറത്താകാതെ നിന്നു. യശ്വസ്വീ ജെയ്സ്വാള്‍ 37 റണ്‍സും നേടിയതോടെ ഇന്ത്യ നാലാം മത്സരവും പരമ്പരയും നേടി.
ആദ്യ ഇന്നിംഗ്സില്‍ 90 റണ്‍സ് എടുത്ത ധ്രുവ് ജൂറലായിരുന്നു ഇന്ത്യന്‍ ബാറ്റിംഗിന് നെടുന്തൂണായത്. ഓപ്പണര്‍ യശ്വസ്വീ 73 റണ്‍സും എടുത്തിരുന്നു. ആദ്യ ഇന്നിംഗ്സില്‍ മികച്ച സ്കോര്‍ നേടിയ ഇംഗ്ളണ്ടിനെ രണ്ടാം ഇന്നിംഗ്സില്‍ 145 റണ്‍സിന് പുറത്താക്കാനായതാണ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണ്ണായകമായത്. ആദ്യ ഇന്നിംഗ്സില്‍ ജോ റൂട്ട് പുറത്താകാതെ 122 റണ്‍സ് നേടിയിരുന്നു.
ഇന്ത്യയുടെ ബൗളര്‍മാര്‍ മാറിമാറി വിക്കറ്റ്വേട്ടക്കാരായി മാറിയപ്പോള്‍ ഇന്ത്യയ്ക്ക് വിജയം അനായാസമായി. ആദ്യ ഇന്നിംഗ്സിലെ സെഞ്ച്വറിക്കാരന്‍ റൂട്ടിനെ രണ്ടാം ഇന്നിംഗ്സില്‍ 11 റണ്‍സിന് പുറത്താക്കി. ആദ്യ ഇന്നിംഗ്സില്‍ പരാജയപ്പെട്ട ആര് അശ്വിന് രണ്ടാം ഇന്നിംഗ്സില്‍ അഞ്ചു വിക്കറ്റ് വീഴ്ത്തി. ആദ്യ ഇന്നിംഗ്സില്‍ നാലു വിക്കറ്റ് വീഴ്ത്തിയ ജഡേജയ്ക്ക് രണ്ടാം ഇന്നിംഗ്സില്‍ ഒരു വിക്കറ്റ് നേടാനെ കഴിഞ്ഞുള്ളൂ.






