
കോട്ടയം: മന്ത്രി എ.കെ. ശശീന്ദ്രന്റെ രാജി ആവശ്യപ്പെടാന്‍ എന്‍.സി.പി ദേശീയ നേതൃത്വത്തിന്റെ തീരുമാനം. പകരം കുട്ടനാട് എം.എല്‍.എ. തോമസ് കെ. തോമസിനെ മന്ത്രിയാക്കണമെന്ന് പാര്‍ട്ടി ദേശീയ നേതൃത്വം ആവശ്യപ്പെടും. ഇതോടെ എന്‍.സി.പി. ദേശീയതലത്തിലുണ്ടായ പിളര്‍പ്പ് കേരള ഘടകത്തെ കനത്ത പ്രതിസന്ധിയിലാക്കും. മന്ത്രി എ.കെ. ശശീന്ദ്രനും പി.സി. ചാക്കോയും അടക്കമുളളവര്‍ ശരദ് പവാര്‍ പക്ഷത്തിനൊപ്പമാണെങ്കിലും അജിത് പവാര്‍ പക്ഷത്തെ തെരഞ്ഞെടുപ്പ് കമ്മീഷന് അംഗീകരിച്ചതോടെ ദേശീയതലത്തില്‍ എന്‍.സി.പി അവരുടെ െകെയിലായി.
പാര്‍ട്ടി ചിഹ്നവും അജിത് പവാറിന്റെ പാര്‍ട്ടിക്കാണ്. ദേശീയ തലത്തിലെ പിളര്‍പ്പിന്റെ ഭാഗമായി കേരളത്തിലും എന്‍.സി.പി. രണ്ടായി. ശരദ് പവാര്‍ പക്ഷത്തിന്റെ പ്രസിഡന്റായി പി.സി. ചാക്കോയും അജിത് പവാര്‍ പക്ഷത്തിന്റെ പ്രസിഡന്റായി എന്‍.എ. മുഹമ്മദ് കുട്ടിയുമാണ് തുടരുന്നത്. അജിത് പവാര്‍ പക്ഷം ദേശീയതലത്തില്‍ ബി.ജെ.പി. നേതൃത്വത്തിലുള്ള എന്‍.ഡി.എ. സഖ്യത്തിന്റെ ഭാഗമാണ്. എന്നാല്‍ കേരളത്തിലെ ഇരുവിഭാഗവും ഇടതുമുന്നണിയുടെ ഭാഗമായിരുന്നു. എന്നാല്‍, അജിത് പവാറിന്െ പിന്തുണയ്ക്കുന്ന എന്‍.എ. മുഹമ്മദുകുട്ടിയുടെ നേതൃത്വത്തിലുളള വിഭാഗത്തെ ഇടതുമുന്നണി യോഗത്തില്‍ പങ്കെടുപ്പിക്കാറില്ല. ഇതേത്തുടര്‍ന്ന് ഇടതുനേതൃത്വവുമായി ഈ വിഭാഗം അകന്നുനില്‍ക്കുകയാണ്.
2021-ല്‍ മന്ത്രിസഭയില്‍ ചേരുന്നതുമായി ബന്ധപ്പെട്ടുണ്ടാക്കിയ കരാറില്‍ ആദ്യ രണ്ടര വര്‍ഷം എ.കെ. ശശീന്ദ്രനും പിന്നീടുളള രണ്ടര വര്‍ഷം തോമസ് കെ.തോമസിനും നല്‍കാമെന്ന് രേഖാമൂലം കരാര്‍ ഉണ്ടായിരുന്നുവെന്ന് അജിത് പവാര്‍ വിഭാഗം സംസ്ഥാന അധ്യക്ഷന്‍ എന്‍.എ മുഹമ്മദ് കുട്ടി മംഗളത്തോട് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് എന്‍.സി.പിയിലെ ധാരണ അറിയിച്ചുവെങ്കിലും അംഗീകരിക്കാന്‍ തയാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് ദേശീയനേതൃത്വം ശശീന്ദ്രന്റെ രാജി ആവശ്യപ്പെടുന്നത്.
ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം വരുന്ന ഏഴിന് എറണാകുളത്ത് നടക്കുന്ന യോഗത്തില്‍ പങ്കെടുക്കാന്‍ എന്‍.സി.പി.യുടെ ചിഹ്നത്തില്‍ മത്സരിച്ച് വിജയിച്ച എല്ലാ ജനപ്രതിനിധകളോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും യോഗത്തില്‍ പങ്കെടുക്കാത്തവര്‍ക്കെതിരേ കര്‍ശന നടപടി ഉണ്ടാകുമെന്നും എന്‍.എ. മുഹമ്മദ് കുട്ടി പറഞ്ഞു. സംസ്ഥാന തലത്തില്‍ ഏത് മുന്നണിക്കൊപ്പം വേണമെങ്കിലും സഖ്യമുണ്ടാക്കാന്‍ അനുമതി ദേശീയ നേതൃത്വം നല്‍കിയിട്ടുണ്ടെന്നും ഇതനുസരിച്ചാണ് ഇടതുമുന്നണിയുടെ ഭാഗമായി തുടര്‍ന്നിരുന്നതെന്നും അദേഹം പറഞ്ഞു.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എന്‍.സി.പി കേരള ഘടകം 10 സീറ്റില്‍ മത്സരിക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ എന്‍.എ. മുഹമ്മദ് കുട്ടി. നാല്പത് വര്‍ഷമായി കൂടെനില്‍ക്കുന്ന എന്‍.സി.പി.യെ ഒഴിവാക്കി പി.സി. ചാക്കോയുടെ നേതൃത്വത്തിലുള്ള എന്‍.സി.പി.(എസ്) വിഭാഗത്തെ എല്‍.ഡി.എഫ്. തെരഞ്ഞെടുപ്പ് യോഗത്തില്‍ പങ്കെടുപ്പിക്കുന്നതില്‍ പ്രതിഷേധിച്ചാണ് ഈ തീരുമാനം.
ആറ്റിങ്ങല്‍, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, ചാലക്കുടി, തൃശൂര്‍, പാലക്കാട്, പൊന്നാനി, കോഴിക്കോട് മണ്ഡലങ്ങളിലാണ് സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നത്. സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കായി വരുന്ന രണ്ടിന് കളമശേരിയിലെ സംസ്ഥാന കമ്മറ്റി ഓഫീസില്‍ സംസ്ഥാന എക്സികൂട്ടീവ് യോഗം ചേരും. നിലവില്‍ ഒരു മുന്നണിയുമായും ബന്ധമില്ലാതെയാണ് പാര്‍ട്ടി മത്സരിക്കുന്നതെന്നും സംസ്ഥാന പ്രസിഡന്റ് പറഞ്ഞു. െവെസ് പ്രസിഡന്റ് റോയി വാരിക്കാട്ട്, ഷാജി ഫിലിപ്പ്, മുരളി തകിടിയേല്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.






