
ന്യൂഡല്‍ഹി: ഇന്ത്യയൂടെ ഏറ്റവും മികച്ച നായകന് ധോനിയാണോ ഗാംഗുലിയാണോ എന്ന തര്‍ക്കം ഇതുവരെ അവസാനിച്ചിട്ടില്ല. രണ്ടു ലോകകപ്പുകള്‍ ഇന്ത്യന്‍ ഷെല്‍ഫില്‍ എത്തിച്ച ധോനിയെ ഗാംഗുലിയേക്കാള്‍ ഒരു പടി മുന്നില്‍ നിര്‍ത്തുന്നുണ്ടെങ്കിലും പ്രതിഭകളായ ഒരുപറ്റം യുവാക്കളെ ടീമില്‍ സ്ഥാനം നല്കി ഗാംഗുലി തുടങ്ങിവെച്ച ഇന്ത്യന്‍ ക്രിക്കറ്റിലെ വിപ്ളവത്തെ ഫലപ്രദമായി വിനിയോഗിക്കുകയാണ് ധോനി ചെയ്തതെന്ന വാദമാണ് എതിര് വിഭാഗത്തിന്. എന്തായാലും ഇന്ത്യയുടെ മുന്‍ സെലക്ടറും ഓള്റൗണ്ടറുമൊക്കെയായ രവി ശാസ്ത്രിയുടെ ഏറ്റവും മികച്ച ഇന്ത്യന്‍ നായകന്മാരുടെ പട്ടികയില്‍ പക്ഷേ ഗാംഗുലി ഇല്ലെന്ന് മാത്രമല്ല ധോനിയെ നായകന്മാരുടെ നായകനായി തെരഞ്ഞെടുക്കുകയും ചെയ്തു.
ഇന്ത്യ കണ്ട ഏറ്റവും മികച്ച നായകന് ധോനി തന്നെയാണെന്നും മറ്റുള്ള നായകന്മാരെയെല്ലാം ടീമിന്റെ നേട്ടങ്ങള്‍ പരിഗണിച്ചാല്‍ ധോനി കാതങ്ങളോളം അകലെ നിര്‍ത്തുന്നതായും ശാസ്ത്രി പറയുന്നു. വിജയങ്ങളുടെ കാര്യത്തില്‍ ധോനിയുടെ ഏഴയല്പക്കത്ത് ഒരു നായകന്മാരും എത്തുകയില്ല. ആര്‍ക്കും പിടിക്കാന്‍ കഴിയാത്ത നായകനാണെന്നും 94 ാം ടെസ്റ്റില്‍ ഓസ്ട്രേലിയയില്‍ വെച്ച് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നില്ലെങ്കില്‍ അദ്ദേഹത്തിന്റെ നാഴികക്കല്ല് ആര്‍ക്കും പിന്നിടാന്‍ കഴിയാത്ത വിധം ഉയരുമായിരുന്നെന്നും ധോനിയെ ശാസ്ത്രി വാഴ്ത്തുന്നു.
2019 ല്‍ ലോകകപ്പ് നിലനിര്‍ത്താന്‍ ഇറങ്ങുന്ന ഇന്ത്യന്‍ ടീമിന് ധോനി വിരമിക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ മാത്രമേ പുതിയ നായകനേക്കുറിച്ച് ചിന്തിക്കേണ്ടി പോലും വന്നിട്ടുള്ളെന്ന് ശാസ്ത്രി പറഞ്ഞു. നായകസ്ഥാനത്ത് നിന്നും വിരമിക്കാനുള്ള തീരുമാനം ധോനി സ്വയം എടുക്കുകയായിരുന്നെന്നും അത് ശരിയായ തീരുമാനം ആയിരുന്നെന്നും ഇത് വിരാട് കോഹ്ലിക്ക് മതിയായ നായക സ്ഥാനത്തേക്ക് തയ്യാറെടുക്കാന്‍ മതിയായ സമയം കിട്ടുമെന്നും പറയുന്നു. ധോനി കഴിഞ്ഞാല്‍ ശാസ്ത്രിയുടെ മികച്ച നായകന് ഇന്ത്യയ്ക്ക് ആദ്യ ലോകകപ്പ് സമ്മാനിച്ച കപില്‍ ദേവാണ്. 1971 ല്‍ വെസ്റ്റിന്‍ഡീസിനെ തോല്‍പ്പിച്ച് പരമ്പര പിടിച്ച അജിത് വഡേക്കറും ടൗഗര് പട്ടൗഡിയും 1984 ലോക പരമ്പര ജയിച്ച സുനില്‍ ഗവാസ്ക്കറും മികച്ച നായകന്മാരുടെ പട്ടികയില്‍ കയറി.



