ആലുവ: കോതമംഗലത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കു നേരെയുണ്ടായ പോലീസ് നടപടി കിരാതമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. കോതമംഗലത്തെ അറസ്റ്റ് മാസപ്പടി, സിദ്ധാര്‍ത്ഥിന്റെ മരണം അടക്കമുള്ള വിഷയങ്ങളില്‍ നിന്ന ശ്രദ്ധതിരിക്കാനാണ്. പോലീസിനെ വിട്ട് പ്രതിപക്ഷത്തെ വിരട്ടാമെന്ന മുഖ്യമന്ത്രിയുടെ മോഹം നടക്കില്ല. ഇന്ദിരാമ്മയുടെ മൃതദേഹം സമരപ്പന്തലില്‍ നിന്ന് വലിച്ചിഴച്ചതും അവഹേളിച്ചതും പോലീസാണ്. പ്രതിപക്ഷ സമരം പോലീസിനെ വിട്ട് അടിച്ചമര്‍ത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും പ്രതിപക്ഷ നേതാവ് ആലുവയില്‍ പറഞ്ഞു.
പ്രതിഷേധം കുടുംബത്തിന്റെ അനുമതിയോടെയല്ല എന്ന ഇന്ദിരയുടെ സഹോദരന് സുരേഷിന്റെ പരാമര്‍ശം പ്രതിപക്ഷ നേതാവ് തള്ളിക്കളഞ്ഞൂ. ഇന്ദിരാമ്മയുടെ ഭര്‍ത്താവിന്റെയും മകന്റെയും പൂര്‍ണ്ണമായ അനുവാദത്തോടെയാണ് പ്രതിഷേധം നടത്തിയത്. ഇതാദ്യമായല്ല മൃതദേഹം വച്ച് പ്രതിഷേധം നടക്കുന്നത്. മൃതദേഹം മോര്‍ച്ചറിയില്‍ നിന്ന് കോണ്‍ഗ്രസുകാര്‍ തട്ടിക്കൊണ്ടുപോയി എന്ന് പോലീസ് പ്രചരിപ്പിക്കുകയാണ്. അനുമതിയോടെയാണ് പ്രതിഷേധമെന്ന് ഭര്‍ത്താവും മകനും തുറന്നുപറഞ്ഞുകഴിഞ്ഞു. ഇന്നലെ പ്രതിഷേധം നടന്നതുെകാണ്ടാണ് കുടുംബത്തിന് നഷ്ടപരിഹാരം ലഭിച്ചത്. വന്യജീവി ആക്രമണത്തിന് ഇരയായ ഏഴായിരം കുടുംബങ്ങള്‍ക്കാണ് നഷ്ട പരിഹാരം കിട്ടാനുള്ളതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.






