2024 ലെ ഏറ്റവും ശ്രദ്ധേയമായ ചുരുക്കം ചില മലയാള ചിത്രങ്ങളില്‍ ഒന്നാണ് മഞ്ഞുമ്മല്‍ ബോയ്സ്. ചിദംബരം സംവിധാനം ചെയ്ത ചിത്രം പ്രേക്ഷകപ്രീതിയും വന്‍ വാണിജ്യ വിജയം നേടിക്കൊണ്ട് മുന്നേറുകയാണ്. മഞ്ഞുമ്മല്‍ ബോയ്സ് എന്ന ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത കേരളത്തില്‍ നേടിയ വിജയം അത് തമിഴ്നാട്ടിലും ആവര്‍ത്തിക്കുന്നു എന്നതാണ്.
1991 ല്‍ നിര്‍മ്മിക്കപ്പെട്ട സന്താനഭാരതി സംവിധാനം ചെയ്ത കമലഹാസന് നായകനായി അഭിനയിച്ച ഗുണയും ഗുണയിലെ ഗാനവും ഈ ചിത്രത്തില്‍ പല സ്ഥലത്തും പ്രത്യക്ഷപ്പെടുന്നു. ചുരുക്കത്തില്‍ മലയാളത്തിലെ ഏറ്റവും വലിയ ബോക്സോഫീസ് വിജയങ്ങളായ ഈ ചിത്രത്തില്‍ തമിഴ് സിനിമയുടെ സ്വാധീനം വളരെ പ്രകടവും വ്യക്തവും ആണ്.
കേരളത്തെയും തമിഴ്നാടിനെയും ബന്ധിപ്പിക്കുന്ന സാംസ്കാരിക രൂപങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് സിനിമ. ഭൂമിശാസ്ത്രപരമായും രാഷ്ട്രീയപരമായും വ്യത്യസ്തമാണെങ്കിലും സാംസ്കാരികമായി ഏറെ ബന്ധമുള്ള രണ്ട് ഭൂപ്രദേശങ്ങളാണ് കേരളവും തമിഴ്നാടും. ആദ്യകാല തമിഴ് സാഹിത്യ കൃതികള്‍ (ബി.സി.ഇ 300-400 സി.ഇ) അഥവാ സംഘസാഹിത്യകൃതികളില് പരാമര്‍ശിക്കപ്പെടുന്ന ഭൂമിശാസ്ത്രമേഖല ഇന്നത്തെ കേരളവും തമിഴ്നാട് സംസ്ഥാനവും ഉള്‍പ്പെട്ട തമിഴകം ആയിരുന്നു.
സംഘസാഹിത്യ കൃതികളിലെ സൂചനകള്‍ പ്രകാരം കേരളത്തില്‍ രാഷ്ട്രീയാധികാരം കയ്യാളിയിരുന്ന ചേരമൂപ്പന്മാരുടെ ആസ്ഥാനം ഇന്നത്തെ തമിഴ്നാട്ടിലെ കൊങ്ങുനാട്ടിലെ വഞ്ചിയായിരുന്നു. വഞ്ചിയുടെ കൃത്യം സ്ഥലത്തെക്കുറിച്ച് അഭിപ്രായവിത്യാസങ്ങള്‍ ചരിത്രകാരന്മാര്ക്ക് ഇടയില്‍ ഉണ്ടെങ്കിലും അത് തമിഴ് നാട്ടിലെ കരൂരായിരുന്നുവെന്നാണ് പൊതുവേ കരുതപ്പെടുന്നത്.
ആറാം നൂറ്റാണ്ടിനും ഒമ്പതാം നൂറ്റാണ്ടിനും ഇടയിലെ തെക്കേ ഇന്ത്യയിലെ വൈഷ്ണവ,സന്യാസിമാരായ ആള്‍വാര്‍മാരും ശൈവസന്യാസിമാരായ നായനാര്‍മാരുടേയും പ്രധാന പ്രവര്‍ത്തന മേഖല കേരളവും തമിഴ്നാടും ഉള്‍പ്പെട്ട ഭൂമിശാസ്ത്രമേഖലയായിരുന്നു. ഇത് സൂചിപ്പിക്കുന്നത് ഈ രണ്ട് ഭൂപ്രദേശങ്ങള്‍ തമ്മിലുള്ള സാംസ്കാരിക ഐക്യത്തെകുറിച്ചാണ്. ഇത് ചരിത്രകാലഘട്ടത്തിന്റെ ആരംഭത്തില്‍ തന്നെ രേഖപ്പെടുത്തപ്പെട്ടതുമാണ്.
നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും കേരളവും തമിഴ് ദേശവും തമ്മിലുള്ള സാംസ്കാരിക വിനിമയ ബന്ധങ്ങള്‍ പൂര്‍വ്വാധികം ശക്തിയോടെ പിന്തുടര്ന്നു. ആധുനിക കാലത്ത് സിനിമയാണ് ഈ സാംസ്കാരിക ബന്ധത്തെ ഊട്ടിയുറപ്പിക്കുന്ന പ്രധാന വിനിമയ രൂപം. 1930 കളില്‍ തന്നെ തമിഴ് സിനിമയും നാടകങ്ങളും കേരളത്തിലേറെ ജനപ്രിയമായിരുന്നു.സിനിമകളിലൂടെ, നാടകങ്ങളിലൂടെ, അഭിയത്രികളും അഭിനേതാക്കളും കേരളീയര്‍ക്ക് ഏറെ സുപരിചിതരായിരുന്നു.
കേരളത്തിന്റെ ഏറ്റവും വലിയ ജനകീയ നടന് പ്രേംനസീര്‍ തമിഴ് സിനിമയിലും തമിഴ് സിനിമയിലെ അഭിനയചക്രവര്‍ത്തി ശിവാജി ഗണേശന് മലയാള സിനിമയിലും അഭിനയിച്ചിട്ടുണ്ട്. 1980 കളുടെ അവസാനത്തിലാണ് മലയാളസിനിമ തമിഴ്നാട്ടില്‍ മൊഴി മാറ്റമില്ലാതെ പ്രദര്‍ശിപ്പിക്കാന്‍ തുടങ്ങിയത്. ഇങ്ങനെ മൊഴി മാറ്റമില്ലാതെ പ്രദര്‍ശിപ്പിച്ച ന്യൂഡല്‍ഹി (1987) ഒരു സി ബി ഐ ഡയറിക്കുറിപ്പ് (1988) തമിഴ്നാട്ടില്‍ വന്‍ വിജയങ്ങളാണ് നേടിയത്. അതിനുശേഷം മലയാളത്തിലെ ജനപ്രിയ ചിത്രങ്ങള്‍ ഡബ്ബ് ചെയ്തിട്ടാണ് തമിഴില്‍ റിലീസ് ചെയ്യപ്പെട്ടത്. എന്നാല്‍ മഞ്ഞുമല ബോയ്സ് ഡബ്ബ് ചെയ്യാതെ മലയാള രൂപത്തിലാണ് ഇപ്പോള്‍ തമിഴ്നാട്ടില്‍ പ്രദര്‍ശനത്തിനെത്തിയിട്ടുള്ളത്.
2024 ഫെബ്രുവരി 22 നാണ് മഞ്ഞുമ്മല്‍ ബോയ്സ് എന്ന ചലച്ചിത്രം കേരളത്തില്‍ റിലീസ് ചെയ്യപ്പെട്ടത്. ഈ ചലച്ചിത്രം മലയാള തമിഴ് സംസ്കാരങ്ങളുടെ ഒരു സങ്കലനത്തെയാണ് കൂടിച്ചേരലിനെയാണ് സൂചിപ്പിക്കുന്നത്. സുഹൃദ്ബന്ധത്തിന്റെ ആഴത്തിനും ദൃഢതയ്ക്കുമാണ് മഞ്ഞുമ്മല്‍ ബോയ്സ് എന്ന ചലച്ചിത്രത്തിന്റെ കഥാതന്തു ഊന്നല്‍ നല്‍കുന്നത്. 2006 ല്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചലച്ചിത്രം നിര്‍മ്മിക്കപ്പെട്ടത്. കൊച്ചിക്കടുത്തുള്ള മഞ്ഞുമ്മല്‍ എന്ന ഗ്രാമത്തില്‍ നിന്ന് 11 സുഹൃത്തുക്കള്‍ തമിഴ്നാട്ടിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ കൊടൈക്കനാലിലേക്ക് പോവുകയും കൊടൈക്കനാലിലെ ഗുണ എന്ന തമിഴ് ചലച്ചിത്രത്തിലൂടെ പ്രസിദ്ധമായ ഗുണ ഗുഹയില്‍ ഒരാള്‍ അകപ്പെട്ട് പോവുകയും ആ അകപ്പെട്ട സുഹൃത്തിനെ മറ്റ് സുഹൃത്തുക്കള്‍ ചേര്‍ന്ന് രക്ഷപ്പെടുത്തുന്നതുമാണ് ചിത്രത്തിന്റെ കഥാതന്തു.
യഥാര്‍ത്ഥത്തില്‍ 33 വര്‍ഷങ്ങള്‍ക്ക് മുമ്പ് റിലീസ് ചെയ്ത ഗുണ എന്ന ചലച്ചിത്രവും ഗുണ എന്ന ചലച്ചിത്രത്തിലെ വാലി രചിച്ച് ഇളയരാജ സംഗീതം നല്കി എസ്.ജാനകിയും കമല്‍ ഹാസനും ചേര്‍ന്ന് ആലപിച്ച കണ്മണീ അന്‍പോട് കാതലെന്‍ എന്ന ഗാനത്തിനുമുള്ള ഒരു ആദരം കൂടിയാണ്. (മഞ്ഞുമ്മല്‍ ബോയ്സിനു മുമ്പ് തന്നെ ഗുണയിലെ ഗാനം മലയാള സിനിമയില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ഇതിന് ഉദാഹരണമായിരുന്നു 2015 ലെ പ്രേമം എന്ന ചലച്ചിത്രം.)
സുഹൃദ്ബന്ധങ്ങളുടെ മനോഹാരിത വര്‍ണ്ണിക്കുന്ന ഈ ചലച്ചിത്രത്തില്‍ നാല് പ്രാവശ്യമെങ്കിലും കണ്മണീ അന്‍പൊട് കാതലെന്‍ എന്ന ഗാനം ഉപയോഗിക്കപ്പെടുന്നുണ്ട്. ഈ ഗാനത്തിന്റെ അനുപല്ലവിയിലെ രണ്ട് വരികളാണ് ആരാധകര്‍ക്കിടയില്‍ ഏറെ ശ്രദ്ധേയമാവുന്നത്.
ഇത് മനിതര്ക്കാതലല്ല, അതായത് ഇത് മനുഷ്യര്‍ക്കിടയിലുള്ള പ്രണയമല്ലെന്നും അതിനേക്കാള്‍ അപ്പുറത്തുള്ളതാണെന്നുള്ള വരികള്‍ മഞ്ഞുമ്മല്‍ ബോയ്സിലെ സുഹൃത്തുക്കള്‍ തമ്മിലുള്ള സുഹൃദ്ബന്ധത്തിന്റെ ദൃഡതയും കെട്ടുറപ്പും വര്‍ണ്ണിക്കാന്‍ ഉപയോഗിക്കപ്പെടുന്നു. ചിത്രത്തില്‍ ഒരു ഗുണാഗുഹയില് അകപ്പെട്ട് പോയ സുഹൃത്ത് രക്ഷപ്പെടുന്നിടത്താണ് മനോഹരമായ തമിഴ്ഗാനം അതീവ തീവ്രതയോട് കൂടി ഉപയോഗിക്കപ്പെട്ടിട്ടുള്ളത്.
ഗുണ എന്ന ചലച്ചിത്രത്തിലെ മനോഹരമായ ഗാനത്തെ അതിലെ അര്‍ത്ഥപൂര്‍ണ്ണമായ വരികളെ വളരെ വിദഗ്ദമായി ഉപയോഗിച്ചത് ചിത്രത്തിന്റെ തമിഴ് നാട്ടിലെ ബോക്സോഫീസ് വിജയത്തെ ഏറെ സഹായിച്ചു.
ഇങ്ങനെ ഒരു മലയാള സിനിമയിലൂടെ 33 വര്‍ഷം മുമ്പ് റിലീസ് ചെയ്യപ്പെട്ട ഒരു തമിഴ് സിനിമയും അതിലെ മനോഹരഗാനവും ഒരിക്കൽ കൂടി പുനര്ജ്ജനിക്കപ്പെടുന്നു. ഇത് കേരളവും തമിഴ്നാടും തമ്മിലുള്ള അല്ലെങ്കില്‍ രണ്ട് ജനതകള്‍ തമ്മിലുള്ള സംസ്കാരത്തിന്റെ തുടര്ച്ചയേയുമാണ് ഇത് സൂചിപ്പിക്കുന്നത്. അങ്ങനെ മഞ്ഞുമ്മല്‍ ബോയ്സിലൂടെ മലയാളസിനിമയില്‍ തമിഴ് സിനിമ വീണ്ടും പുനര്‍ജ്ജനിക്കുന്നു.






