
കണ്ണൂർ: കോൺഗ്രസ് പട്ടികയിൽ സ്ത്രീകൾക്ക് പ്രാതിനിധ്യം കൊടുത്തില്ലെന്ന എഐസിസി വക്താവ് ഷമയുടെ വിമർശനത്തിനെതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഷമാ മുഹമ്മദ് പാർട്ടിയുടെ ആരുമല്ലെന്ന് കെ സുധാകരൻ പറഞ്ഞു. വിമർശനമൊക്കെ അവരോട് ചോദിച്ചാൽ മതി. അവരൊന്നും പാർട്ടിയുടെ ആരുമല്ലെന്നും കെ സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.
കോൺഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ഇന്നലെയാണ് ഷമാ മുഹമ്മദ് രംഗത്തെത്തിയത്. ലോക്സഭ തെരഞ്ഞെടുപ്പില്‍ കോൺഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയിൽ സ്ത്രീപ്രാതിനിധ്യം കുറവായതിനെതിരെയാണ് ഷമ മുഹമ്മദ് അതൃപ്തി പ്രകടിപ്പിച്ചത്. സ്ത്രീകൾക്ക് പ്രാതിനിധ്യം നൽകുന്നില്ലെന്നത് പരാതി തന്നെയാണ്. ഇത് പാർട്ടി മനസ്സിലാക്കണമെന്നും ഷമ പറഞ്ഞിരുന്നു.
വനിതാ ബിൽ പാസായതിനുശേഷമുള്ള തിരഞ്ഞെടുപ്പിൽ സ്ഥാനാർഥി പട്ടികയിൽ ഒരു വനിത മാത്രമാണ് ഉള്ളത് എന്നത് സങ്കടകരമായ കാര്യമാണെന്നായിരുന്നു ഷമ പറഞ്ഞത്. കേരളത്തില്‍ 51% സ്ത്രീകളുണ്ട്.നേതാക്കള്‍ സ്ത്രീകള്‍ക്കു പ്രാധാന്യം നല്‍കണം. തോൽക്കുന്നിടത്തു മാത്രമല്ല, സ്ത്രീകള്‍ക്കു ജയിക്കാവുന്ന സീറ്റുകള്‍ നല്‍കണമെന്നും ഷമ പറഞ്ഞു.
സംവരണ സീറ്റായതു കൊണ്ടാണ് ഇല്ലെങ്കില്‍ ആലത്തൂരില്‍ രമ്യ ഹരിദാസിനെയും തഴയുമായിരുന്നുവെന്നും ഷമ കുറ്റപ്പെടുത്തി. പാർട്ടി പരിപാടികളിൽ സ്റ്റേജിൽ പോലും സ്ത്രീകളെ ഇരുത്തുന്നില്ല. സ്ത്രീകൾക്ക് എപ്പോഴും നൽകുന്നത് തോൽക്കുന്ന സീറ്റാണ്.
വടകരയിൽ തന്നെ പരിഗണിക്കാമായിരുന്നുവെന്നും ഷമ പറഞ്ഞു. മലബാറിലും ന്യൂനപക്ഷ വിഭാഗത്തിലുള്ളവർ ഉണ്ടായിരുന്നു. വടകരയിൽ ഷാഫിയെ കൊണ്ടുവന്നാൽ പാലക്കാട് പരിക്ക് പറ്റുമെന്നും ഷമ മുഹമ്മദ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഇതിന് മറുപടിയായാണ് കെ സുധാകരൻ രംഗത്തെത്തിയത്.






