
ഐസിസി ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം രവിചന്ദ്രന്‍ അശ്വിന് വീണ്ടും ഒന്നാമത്.ടെസ്റ്റ് ക്രിക്കറ്റില്‍ 100 മത്സരത്തില്‍ നിന്ന് 9 വിക്കറ്റ് വീഴ്ത്തി തിളങ്ങിയതിന് പിന്നാലെയാണ് ഈ നേട്ടം. അതേസമയം ബാറ്റിങ് റാങ്കിങ്ങില്‍ രോഹിത് ശര്‍മ്മ ആദ്യ പത്തില്‍ തിരിച്ചെത്തി.870 പോയ്ന്റുമായിയാണ് അശ്വിന് റാങ്കിംഗില്‍ ഒന്നാമതെത്തിയത്.
ധര്‍മ്മശാലയില്‍ നടന്ന മത്സരത്തില്‍ ആദ്യ ഇന്നിംഗ്സില്‍ നാല് വിക്കറ്റും രണ്ടാം ഇന്നിംഗ്സില്‍ അഞ്ച് വിക്കറ്റുമാണ് അശ്വിന് വീഴ്ത്തിയത്. 2015 നവംബറിലാണ് അശ്വിന് ആദ്യമായി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാമതെത്തിയത്.
നേരത്തെ ഒന്നാം സ്ഥാനത്തായിരുന്ന ജസ്പ്രീത് ബുംറ ഓസ്ട്രേലിയന്‍ പേസര്‍ ജോഷ് ഹേസല്‍വുഡിനൊപ്പം രണ്ടാം സ്ഥാനം പങ്കിടുകയാണ്. ഇരുവര്‍ക്കും 847 റേറ്റിംഗ് പോയിന്റാണുള്ളത്. ധര്‍മ്മശാലയില്‍ നടന്ന അഞ്ചാം ടെസ്റ്റില്‍ മികച്ച പ്രകടനം നടത്തിയ സ്പിന്നര്‍ കുല്‍ദീപ് യാദവും റാങ്കിംഗില്‍ നേട്ടമുണ്ടാക്കി. റാങ്കിംഗില്‍ 15 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ കുല്‍ദീപ് 16-ാം സ്ഥാനത്താണിപ്പോള്‍. അതേസമയം രവീന്ദ്ര ജഡേജ ഏഴാം സ്ഥാനത്ത് തുടരുകയാണ്.
ബാറ്റിംഗ് റാങ്കിംഗില്‍ ഇന്ത്യന്‍ നായകന് രോഹിത് ശര്‍മ്മ ആദ്യ പത്തില്‍ തിരിച്ചെത്തി. രോഹിത് ശര്‍മ്മ അഞ്ച് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ആറാം സ്ഥാനത്തെത്തി. 751 റേറ്റിംഗ് പോയിന്റുകളാണ് ഇന്ത്യന്‍ നായകന് ഉള്ളത്. യശസ്വി ജയ്സ്വാള്‍ രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി എട്ടാം സ്ഥാനത്തെത്തി. വിരാട് കോലി 737 റേറ്റിംഗ് പോയിന്റുമായി ഒന്‍പതാം സ്ഥാനത്തുമുണ്ട്. ശുഭ്മാന്‍ ഗില്‍ 11 സ്ഥാനങ്ങള്‍ ഉയര്‍ന്ന് 20-ാം സ്ഥാനത്തെത്തി.






