
ലണ്ടന്‍ : ഇംഗ്ളണ്ടില്‍ നടന്ന ക്ലാസ്സിക് മത്സരങ്ങളില്‍ ഒന്നില്‍ ലിവര്‍പൂളിനെ മൂന്നിനെതിരേ നാലു ഗോളുകള്‍ക്ക് വീഴ്ത്തി മാഞ്ചസ്റ്റര്‍ യൂണൈറ്റഡ് സെമിയില്‍ കടന്നു. എഫ്എ കപ്പ് ഫുട്ബോളില്‍ അധികസമയത്തേക്ക് നീണ്ട മത്സരത്തിലായിരുന്നു എക്സ്ട്രാ ടൈമിന്റെ അവസാന മിനിറ്റില്‍ ഗോളടിച്ച് യുണൈറ്റഡ് സെമിയില്‍ കടന്നത്. പ്രീമിയര്‍ ലീഗ് പട്ടികയില്‍ താഴെ നില്ക്കുന്ന മാഞ്ചസ്റ്റര്‍ യൂണൈറ്റഡിനും പരിശീലകന് ടെന്‍ഹാഗിനും വലിയ ആശ്വാസം പകരുന്നതാണ് എഫ്എ കപ്പിലെ വിജയം.
മക്ടോമിനേ, ആന്റണി, റാഷ്ഫോര്‍ഡ്, ഡിയാലോ എന്നിവരായിരുന്നു യുണൈറ്റഡിന്റെ സ്കോറര്‍മാര്‍. ലിവര്‍പൂളിനായി മക് അലിസ്റ്റര്‍, മൊഹമ്മദ് സലാ, എലിയോട്ട് എന്നിവര്‍ സ്കോര്‍ ചെയ്തു. തുടരന് ആക്രമണങ്ങളും തകര്‍പ്പന്‍ സേവുകളും ഗോളുകളുമെല്ലാം കണ്ട മത്സരത്തില്‍ ഇരു ടീമും ശക്തമായ ആക്രമണ പ്രത്യാക്രമണങ്ങളാണ് നടത്തിയത്. കളിയുടെ പത്താം മിനിറ്റില്‍ തന്നെ മക്ടോമിനേയിലൂടെ യുണൈറ്റഡ് മുന്നിലെത്തിയരിുന്നു. മക് അലിസ്റ്ററിലൂടെ ഒപ്പമെത്താന്‍ ലിവര്‍പൂളിന് ഇഞ്ചുറി ടൈം വരെ കാത്തിരിക്കേണ്ടി വന്നു.
ആദ്യഗോള്‍ നേടി തൊട്ടടുത്ത മിനിറ്റില്‍ വീണ്ടും സ്കോര്‍ ചെയ്ത ലിവര്‍പൂള്‍ സലായിലൂടെ ലീഡ് കൂട്ടിയപ്പോള്‍ യുണൈറ്റഡ് വിറച്ചു. എന്നാല്‍ വിട്ടുകൊടുക്കാതെ പോരാടിയ അവര്‍ 87 ാം മിനിറ്റില്‍ ലിവര്‍പൂളിന് ഒപ്പമെത്തി. ആന്റണിയുടെ വകയായിരുന്നു സമനിലഗോള്‍. സാധാരണ സമയത്ത് തുല്യത പാലിച്ചതിനാല്‍ കളി അധികസമയത്തേക്ക് നീങ്ങി. എക്സ്ട്രാ ടൈമിലും ആദ്യം സ്കോര്‍ ചെയ്തത് ലിവര്‍പൂളായിരുന്നു. എലിയറ്റിന്റെ ഗോള്‍ കളി നിര്ണ്ണയിച്ചെന്ന് കരുതിയിരിക്കെയാണ് റാഷ്ഫോര്‍ഡ് മാഞ്ചസ്റ്ററിന്റെ മൂന്നാം ഗോള്‍ നേടിയത്. വിട്ടുകൊടുക്കാതെ മാഞ്ചസ്റ്റര്‍ റാഷ്ഫോര്‍ഡിലൂടെ ഒപ്പമെത്തി. കളിയുടെ അവസാന ഇഞ്ചുറി ടൈമില്‍ ഡിയാലോയിലൂടെ നാലാംഗോളും നേടി.
മറ്റൊരു ക്വാര്‍ട്ടറില്‍ പ്രീമിയര്‍ ലീഗ് മുന്‍ ചാംപ്യന്മാരായ ചെല്‍സി ലെസ്റ്റര്‍സിറ്റിയെ മറികടന്ന് സെമിയില്‍ എത്തി. രണ്ടിനെതിരേ നാലു ഗോളുകള്‍ക്കായിരുന്നു ചെല്‍സിയുടെ ജയം. കുര്കുറേല്ല, പാല്‍മര്‍, ചുക്വുവേമേക, മഡ്യൂക്കേ എന്നിവര്‍ ചെല്‍സിയുടെ ഗോളുകള്‍ കുറിച്ചപ്പോള്‍ ഡിസാസി, മാവിഡിഡി എന്നിവരായിരുന്നു ലെസ്റ്റര്‍സിറ്റിയുടെ സ്കോറര്‍മാര്‍. ഡോയ്ലേ 73 ാം മിനിറ്റില്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതാണ് അവര്‍ക്ക് തിരിച്ചടിയായത്. കളിയുടെ അവസാന ഇഞ്ചുറി ടൈമില്‍ രണ്ടുഗോളുകളാണ് വഴങ്ങിയത്.




