ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമം (സിഎഎ)അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതി സ്റ്റേ അനുവദിച്ചില്ല. ഹര്‍ജികളില്‍ മറുപടി നല്കാന് കേന്ദ്രസര്‍ക്കാരിന് കോടതി മൂന്നാഴ്ച സമയം അനുവദിച്ചു. ഹര്‍ജികള്‍ ഏപ്രില്‍ ഒമ്പതിന് വീണ്ടും പരിഗണിക്കും.
സിഎഎ വിജ്ഞാപനം ചോദ്യം ചെയ്ത് 237 ഹര്‍ജികളാണ് കോടതിയില്‍ എത്തിയിരിക്കുന്നത്. ഏപ്രില്‍ ഒമ്പതിനകം ആര്‍ക്കെങ്കിലും പൗരത്വം നല്കിയാല് ഹര്‍ജിക്കാര്‍ക്ക് കോടതിയെ സമീപിക്കാമെന്നും ചീഫ് ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഢ്, ജസ്റ്റീസ് ജെബി പര്‍ദിവാല, ജസ്റ്റീസ് മനോജ് മിശ്ര എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
അതേസമയം, ത്രിതല പരിശോധനയ്ക്കു ശേഷമാണ് പൗരത്വം നല്‍കുകയെന്നും ആരുടേയും പൗരത്വം റദ്ദാക്കില്ലെന്നും ഹര്‍ജികള്‍ മുന്‍വിധിയോടെയാണെന്നും കേന്ദ്രസര്‍ക്കാറിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ചൂണ്ടിക്കാട്ടി.
ഇന്ത്യന്‍ യൂണിയന് മുസ്ലീം ലീഗ്, കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ്, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര എന്നിവരാണ് പ്രധാന ഹര്‍ജിക്കാര്‍. സിഎഎ നടപ്പാക്കുന്നതില്‍ വിവേചനമുണ്ടെന്നും മുസ്ലീം സമുദായത്തിന്റെ താല്പര്യത്തിന് എതിരാണെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. എതിര്‍പ്പുകള്‍ പരിശോധിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന സര്‍ക്കാരിന്റെ ആവശ്യത്തിന് എതിരല്ല. എന്നല്‍ അടിയന്തരമായി ഇത് നടപ്പാക്കുന്നതില്‍ സ്റ്റേ വേണമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.






