
ഇടുക്കി: സിപിഎമ്മില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന് പാര്‍ട്ടിക്കൊപ്പം തന്നെയുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നതായി സിപിഎം നേതാവ് എംഎം മണി.
രാജേന്ദ്രന് പാര്‍ട്ടിയുടെ ഭാഗമായി തന്നെ കാണുമെന്ന് വിചാരിക്കുന്നു എന്നും പാര്‍ട്ടി ജില്ലാക്കമ്മറ്റിയംഗം, ജനപ്രതിനിധി എന്നിങ്ങനെ വിവിധ ഭാഗങ്ങളില്‍ പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചയാളാണെന്നും അദ്ദേഹം പാര്‍ട്ടിവിടുമെന്ന് കരുതുന്നില്ലെന്നും പറഞ്ഞു.
ജീവിതകാലം മുഴുവന്‍ ജീവിക്കാനുള്ള മാര്‍ഗ്ഗവും പാര്‍ട്ടി അദ്ദേഹത്തിന് ഉണ്ടാക്കിക്കൊടുത്തിട്ടുണ്ട്. ജില്ലാ സെക്രട്ടറി അടക്കമുള്ളവര്‍ അദ്ദേഹവുമായി സംസാരിച്ചിട്ടുണ്ടെന്നും ബിജെപി നേതാവ് ജാവദേക്കറെ രാജേന്ദ്രന് കണ്ടതില്‍ പ്രശ്നമില്ലെന്നും എംഎം മണി പ്രതികരിച്ചു.
അതേസമയം ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി നടത്തിയ കൂടിക്കാഴ്ച സൗഹൃദത്തിന്റെ ഭാഗമാണെന്നും ബിജെപിയിലേക്ക് ഇല്ലെന്ന വ്യക്തത വരുത്താന്‍ വേണ്ടിയാണ് കണ്ടതെന്നും രാജേന്ദ്രന് പ്രതികരിച്ചിട്ടുണ്ട്. ബിജെപിയിലേക്ക് ക്ഷണമുണ്ടായിരുന്നു. എന്നാല്‍ സിപിഎമ്മിനൊപ്പം നില്ക്കാന് തന്നെയാണ് തീരുമാനമെന്നും നേരത്തേ രാജേന്ദ്രന് മാധ്യമങ്ങളിലൂടെ പ്രതികരിച്ചിരുന്നു.
മുമ്പേ ജാവദേക്കറുമായി സൗഹൃദമുണ്ട്. ഇപ്പോള്‍ പാര്‍ട്ടിയില്‍ അത്ര സജീവമല്ലെന്നും പാര്‍ട്ടിയുമായുള്ള പ്രശ്നങ്ങള്‍ പാര്‍ട്ടിയില്‍ തന്നെ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും പറഞ്ഞു. സസ്പെന്‍ഡ് ചെയ്യപ്പെട്ടതിന് ശേഷം ഇദ്ദേഹത്തെ തിരിച്ച് പാര്‍ട്ടിയിലേക്ക് എടുത്തിരുന്നില്ല. ഇക്കാര്യത്തില്‍ ഇടുക്കിയില്‍ തന്നെയുള്ള ചില നേതാക്കളാണ് തടസം സൃഷ്ടിക്കുന്നതെന്ന് നേരത്തെ എസ് രാജേന്ദ്രന് ആരോപിച്ചിരുന്നു.






