
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ചരിത്രത്തില്‍ ഇതുപോലൊരു മത്സരം ഇതുവരെ ഉണ്ടായിട്ടില്ല. ഏറ്റവും കൂടുതല്‍ റണ്‍സും സിക്സറുകളും അര്‍ദ്ധശതകവും പിറന്ന മത്സരത്തില്‍ രണ്ടു ടീമുകളും കൂടി 500 ന് മുകളില്‍ റണ്‍സ് സ്കോര്‍ ചെയ്യുന്ന മത്സരം എന്ന ചരിത്രവും എഴുതിയാണ് ഐപിഎല്‍ 2024 സീസണിലെ ഹൈദരാബാദ് - മുംബൈ മത്സരം അവസാനിച്ചത്.
രണ്ടു മുന്‍ ചാംപ്യന്മാര് ഏറ്റുമുട്ടിയ മത്സരത്തില്‍ പിറന്നത് 523 റണ്‍സായിരുന്നു. സിക്സറുകള്‍ 38 എണ്ണം പറന്നപ്പോള്‍ നാലു പേരാണ് അര്‍ദ്ധശതകം കുറിച്ചത്. സണ്‍റൈസേഴ്സ് ഹൈദരാബാദ് ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ടീമെന്ന ടി20 ഖ്യാതിയും സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്സ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 277 റണ്‍സ് എടുത്തപ്പോള്‍ മുംബൈയുടെ മറുപടി അഞ്ചിന് 246 ല്‍ അവസാനിച്ചു. ഏറ്റവും വേഗമേറിയ ഹാഫ് സെഞ്ച്വറിക്ക് വേണ്ടിയുള്ള മത്സരമായിരുന്നു സണ്‍റൈസേഴ്സില്‍ നടന്നത്.
വെറും 18 പന്തുകളില്‍ അര്‍ദ്ധശതകം തീര്‍ത്ത് സണ്‍റൈസേഴ്സിന് വേണ്ടി ഐപിഎല്ലില്‍ ഏറ്റവും വേഗമേറിയ അര്‍ദ്ധശതകത്തിന്റെ റെക്കോഡ് ട്രാവിസ് ഹെഡ് ആദ്യം നേടിയെങ്കിലും മിനിറ്റുകള്‍ മാത്രമായിരുന്നു അതിന് ജീവന്. പിന്നാലെയെത്തിയ അഭിഷേക് ശര്‍മ്മ 16 പന്തില്‍ സെഞ്ച്വറി നേടി അത് തകര്‍ത്തു. 24 പന്തുകളില്‍ ട്രാവിസ് ഹെഡ് 62 റണ്‍സ് നേടിയപ്പോള്‍ 23 പന്തുകളില്‍ അഭിഷേക് ശര്‍മ്മ 63 റണ്‍സ് എടുത്തു. എന്നാല്‍ ഇവരുടെ രണ്ടുപേരേയും അപ്രസക്തമാക്കുന്ന ബാറ്റിംഗായിരുന്നു ഹെന്റിക് ക്ലാസന്റേത്. 34 പന്തുകളില്‍ 80 റണ്‍സായിരുന്നു ക്ലാസന് അടിച്ചുകൂട്ടിയത്. മറുവശത്ത് മുംബൈ ഇന്ത്യന്‍സിന്റെ തിലക് വര്‍മ്മ 34 പന്തുകളില്‍ 64 എടുത്ത് അര്‍ദ്ധശതകം നേടി.
ഏറ്റവും കൂടുതല്‍ സിക്സറുകള്‍ക്കും സണ്‍റൈസേഴ്സില്‍ മത്സരമുണ്ടായി. അഭിഷേക് ശര്‍മ്മയും ക്ലാസനും ഏഴു വീതം സിക്സറുകള്‍ പറത്തിയപ്പോള്‍ മുംബൈ ഇന്ത്യന്‍സിന്റെ തിലക് വര്‍മ്മ അടിച്ചത് ആറു സിക്സറുകള്‍. ട്രാവിസ് ഹെഡ് മൂന്നും മാര്‍ക്രം ഒരു സിക്സറും അടിച്ചപ്പോള്‍ ഹൈദരാബാദില്‍ നിന്നും പറന്നത് 18 സിക്സറുകള്‍. മുംബൈ ഇന്ത്യന്‍സ് സിക്സറുകളുടെ കാര്യത്തില്‍ സണ്‍റൈസേഴ്സിനെ പിന്നിലാക്കി. ബാറ്റിംഗിന് ഇറങ്ങിയ എല്ലാവരും സിക്സറുകള്‍ പായിച്ചു. മുന്‍ നായകന് രോഹിത് ശര്‍മ്മ മൂന്ന്, ഇഷാന് കിഷന് നാല്, നമാന്‍ ധിര്‍ രണ്ട്, തിലക്വര്മ്മ ആറ്, നായകന് ഹര്‍ദിക് പാണ്ഡ്യ ഒന്ന്, ടിം ഡേവിഡ് മൂന്ന്, റൊമാരിയോ ഷെപ്പേഡ് ഒന്ന് എന്നിങ്ങനെ മുംബൈ അടിച്ചുകൂട്ടിയത് 20 സിക്സറുകളായിരുന്നു.
ഇരു ടീമുകളിലെയും ബൗളര്‍മാര്‍ നന്നായി അടി വാങ്ങിയപ്പോള്‍ മുംബൈയില്‍ ബൗളറായി അരങ്ങേറിയ ക്വെനെ മഫാകയ്ക്ക് കളി ദുസ്വപ്നമായിരുന്നു. നാല് ഓവറില്‍ 66 റണ്‍സാണ് വഴങ്ങിയത്. 16.50 ആയിരുന്നു എക്കണോമി.






