
ഇന്ത്യ സൃഷ്ടിച്ച ഏറ്റവും മികച്ച വനിതാ ടെന്നീസ് താരമാണ് സാനിയ മിർസ. ഇന്ത്യൻ ടെന്നീസിനായി പുതിയ ഉയരങ്ങൾ കീഴടക്കിയ താരം ആറ് തവണ ഗ്രാൻഡ് സ്ലാം ചാമ്പ്യൻ, ഡബിൾസിൽ മുൻ ലോക ഒന്നാം നമ്പർ, നാല് തവണ ഒളിമ്പ്യൻ, സാനിയ മിർസ 2003 മുതൽ 2023 വരെയുള്ള തന്റെ മഹത്തായ കരിയറിൽ നേടിയിട്ടുണ്ട്. സാനിയ ഇടയ്ക്കിടെ വാര്‍ത്തകളില്‍ നിറയാറുള്ള സ്പോര്‍ട്സ് താരം കൂടിയാണ്. ഷൊയ്ബ് മാലിക്കിനെ വിവാഹം കഴിച്ചതും പിന്നീടുണ്ടായ ഇവരുടെ വേര്‍പിരിയലും ഷൊയ്ബിന്റെ രണ്ടാം വിവാഹവുമൊക്കെ വാര്‍ത്തകളില്‍ നിറഞ്ഞതാണ്. മകന് ഇസാൻ മിർസ മാലികിനൊപ്പം സന്തോഷകരമായി ജീവിക്കുകയാണ് സാനിയ ഇപ്പോള്‍.
ഇപ്പോഴിതാ വ്രതമാസക്കാലമായ റമദാനില്‍ ആരാധനകളുടെ പ്രാധാന്യം പറയുകയാണ് സാനിയ മിർസ. റമദാനിലെ പ്രത്യേക പ്രാർഥനയായ തറാവീഹ് നമസ്കാരം ഉള്‍പ്പെടെയുള്ള ആരാധനാകർമങ്ങള്‍ നിർവഹിക്കണമെന്ന് താരം ആരാധകരോട് ആവശ്യപ്പെട്ടു. ‘ദഅ്വത്തെ റംസാൻ’ എന്ന പേരില്‍ ഹൈദരാബാദില്‍ നടക്കുന്ന റമദാൻ എക്സിബിഷനില്‍ പങ്കെടുക്കാനെത്തിയതായിരുന്നു താരം.
‘‘ആരാധനകളും നിർവഹിക്കണം. തറാവീഹിനും പോകണം. തറാവീഹിനുമുൻപ് ഇങ്ങോട്ട് വരരുത്. ഇവിടെ തഹജ്ജുദ് നമസ്കരിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്....’’ സാനിയ പറഞ്ഞു.
സാനിയയുടെ സഹോദരിയും സോഷ്യല്‍ മീഡിയ ഇൻഫ്ളുവൻസറുമായ അനാം മിർസയുടെ നേതൃത്വത്തിലാണ് ദഅ്വത്തെ റംസാൻ നടക്കുന്നത്. രാജ്യത്തെ തന്നെ വലിയ റമദാൻ എക്സിബിഷനുകളിലൊന്നാണിത്. കഴിഞ്ഞ ദിവസം പരിപാടിയില്‍ അതിഥിയായി എത്തിയ സാനിയ ആരാധകരെ അഭിസംബോധന ചെയ്തു സംസാരിച്ചപ്പോഴാണിത് പറഞ്ഞത്.
ഹൈദരാബാദിലെ ഗുഡിമല്‍കാപൂരിലുള്ള കിങ്സ് പാലസിലാണ് റമദാൻ പ്രദർശനം നടക്കുന്നത്. മാർച്ച് 27ന് ആരംഭിച്ച പരിപാടി ഏപ്രില്‍ 10 വരെ നീണ്ടുനില്‍ക്കും. ഹലീം,കബാബ്,ഹൈദരാബാദി ബിരിയാണി, മധുരങ്ങള്‍ ഉള്‍പ്പെടെ വൈവിധ്യമാർന്ന ഭക്ഷണവിഭവങ്ങളാണ് എക്സിബിഷനിലുള്ളത്. വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, ചെരിപ്പുകള്‍, ഗൃഹോപകരണങ്ങള്‍ ഉള്‍പ്പെടെയുള്ള വൻ ഷോപ്പിങ് സജ്ജീകരണങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
ഇടയ്ക്ക് സാനിയയെ ഹൈദരാബാദില്‍ സ്ഥാനാർഥിയാക്കാൻ കോണ്‍ഗ്രസ് നീക്കം നടത്തുന്നതായി റിപ്പോർട്ട് വന്നിരുന്നു. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും കോണ്‍ഗ്രസ് നേതാവുമായ മുഹമ്മദ് അസ്ഹറുദ്ദീനാണ് സർപ്രൈസ് നീക്കത്തിനു ചരടുവലിക്കുന്നതെന്നും കേട്ടിരുന്നു. എന്നാല്‍ സാനിയയോ കോണ്‍ഗ്രസ് വൃത്തങ്ങളോ ഇതുവരെ വാർത്തയെക്കുറിച്ച് ഒരു പ്രതികരണവും അറിയിച്ചിട്ടില്ല.





