നൗക്യാമ്പ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ആദ്യപാദത്തില്‍ ഇന്ന് സ്‌പാനിഷ് നാട്ടങ്കം. കരുത്തരായ ബാഴ്‌സലോണയ്‌ക്ക് എതിരാളികള്‍ അയല്‍പക്കക്കാരായ അത്‌ലറ്റികോ മാഡ്രിഡ്. മറ്റൊരു മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ പാരീസ് സെയ്‌ന്റ് ജെര്‍മെയ്‌ന്‍ അവരുടെ മൈതാനത്ത് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മുന്‍നിരക്കാരായ ലിവര്‍പൂളിനെ നേരിടും. രാത്രി 12.30 ന് ആരംഭിക്കുന്ന മത്സരം സോണി ടെന്‍ ചാനലുകളില്‍ തല്‍സമയം കാണാം.
സ്‌പാനിഷ് ലാലിഗയില്‍ ഇരുപക്ഷവും ഏറ്റുമുട്ടിയപ്പോള്‍ അത്‌ലറ്റികോ മാഡ്രിഡിനെ വീഴ്‌ത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ബാഴ്‌സലോണ സ്വന്തം തട്ടകത്തില്‍ ഇന്ന് ഇറങ്ങുന്നത്. കഴിഞ്ഞ അഞ്ചിനു നടന്ന കളിയില്‍ 2-1 നായിരുന്നു കറ്റാലന്‍പടയുടെ ജയം. മാര്‍ക്കസ് റാഷ്‌ഫോഡിന്റെയും ഗോളടിയന്ത്രം റോബര്‍ട്ട് ലെവന്‍ഡോവ്‌സ്കിയുടെയും മികവിലായിരുന്നു ബാഴ്‌സ ജയിച്ചു കയറിയത്.
യുവനിരയും പരിചയസമ്പന്നരും അണിനിരക്കുന്ന ടീം ചാമ്പ്യന്‍സ് ലീഗിലും അതേ പ്രകടനം ആവര്‍ത്തിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. റാഷ്‌ഫോഡിനും ലെവന്‍ഡോവ്‌സ്കിക്കുമൊപ്പം യുവസൂപ്പര്‍താരം ലമീന്‍ യമാല്‍, ഫിര്‍മിന്‍ ലോപ്പസ്, പെഡ്രി, ഡാനി ഒല്‍മോ എന്നിവരുടെ സാന്നിധ്യം ടീമിന്റെ കരുത്ത് ഇരട്ടിയാക്കുന്ന ഘടകമാണ്.
ലാ ലിഗയിലെ പരാജയത്തിന് തിരിച്ചടി നല്‍കാനുള്ള ശേഷി അത്‌ലറ്റികോ മാഡ്രിഡിനുണ്ട്. അന്റോയിന്‍ ഗ്രീസ്‌മാനും ജൂലിയന്‍ അല്‍വാരസും ചേര്‍ന്ന മുന്നേറ്റനിര ഏതൊരു വമ്പന്‍ ടീമിനും വെല്ലുവിളി ഉയര്‍ത്താന്‍ പോന്നവര്‍തന്നെ. കഴിഞ്ഞ മത്സരത്തിലെ സ്‌കോറര്‍ ഗ്യുലിയാനോ സിമിയോണിയുടെ പ്രകടനവും നിര്‍ണായകമാകും.
നിലവിലെ ചാമ്പ്യന്മാരായ പി.എസ്.ജിയെ അവരുടെ തട്ടകത്തില്‍ നേരിടുന്ന മുന്‍ ചാമ്പ്യന്മാരായ ലിവര്‍പൂളിന് സമീപകാലത്തെ മോശം പ്രകടനമാണു തലവേദന. കഴിഞ്ഞ നാലിനു നടന്ന എഫ്.എ. കപ്പ് ക്വാര്‍ട്ടറില്‍ മാഞ്ചസ്‌റ്റര്‍ സിറ്റിയോട് വന്‍മാര്‍ജിനില്‍ പരാജയം രുചിച്ചശേഷമാണ് ലിവര്‍പൂള്‍ പാരീസിനു വിമാനം കയറുന്നത്. എതിരില്ലാത്ത നാലുഗോളിനായിരുന്നു എഫ്.എ. കപ്പിലെ തോല്‍വി.
പ്രീമിയര്‍ ലീഗില്‍ ബ്രൈട്ടണെതിരേയും ചെമ്പട തോറ്റിരുന്നു. എന്നാല്‍, ചാമ്പ്യന്‍സ് ലീഗിലെ അവസാന മത്സരത്തില്‍ ടീം ജയം കുറിച്ചിരുന്നു. പ്രീ-ക്വാര്‍ട്ടറില്‍ ഗളറ്റാസറെയെ എതിരില്ലാത്ത നാലു ഗോളിനു കീഴടക്കിയാണ് ക്വാര്‍ട്ടറിലേക്കു ടീം മുന്നേറിയത്.


