സിഡ്‌നി: മദ്യപിച്ച് വാഹനം ഓടിച്ചതിന് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണര്‍ അറസ്‌റ്റില്‍. കഴിഞ്ഞ അഞ്ചിനു രാത്രി ഓസ്‌ട്രേലിയന്‍ നഗരമായ സിഡ്‌നിക്കു സമീപം നടന്ന പരിശോധനയിലാണു താരം വലയിലായത്. മാറൗബ്രയില്‍ വാഹനഡ്രൈവര്‍മാരെ പരിശോധിക്കുന്നതിനിടെ മുപ്പത്തൊമ്പതുകാരനായ ഡ്രൈവറെ മദ്യപിച്ചതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് അറസ്‌റ്റ് ചെയ്‌തതായി ന്യൂസൗത്ത് വെയില്‍സ് പോലീസ് വ്യക്‌തമാക്കിയിരുന്നു. സ്‌റ്റേഷനിലെത്തിച്ചു നടത്തിയ രണ്ടാമത്തെ പരിശോധനയിലും രക്‌തത്തില്‍ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയതായും പോലീസ് സ്‌ഥിരീകരിച്ചു. ഇതിനു പിന്നാലെയാണു പിടിയിലായത് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണറാണെന്ന വിവരം പുറത്തുവിട്ടത്. കോടതിയില്‍ ഹാജരാകുകയെന്നതാണ് അടുത്ത നിയമനടപടി. ഓസ്‌ട്രേലിയന്‍ നിയമപ്രകാരം മദ്യപിച്ചു വാഹനം ഓടിച്ചെങ്കിലും അപകടമുണ്ടാക്കാത്തതിനാല്‍ കടുത്ത നടപടികള്‍ നേരിടേണ്ടിവരില്ലെന്നാണു വിവരം.
2024-ല്‍ രാജ്യാന്തര ക്രിക്കറ്റില്‍നിന്നു വിരമിച്ച വാര്‍ണര്‍ ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ സജീവമാണ്. പാകിസ്‌താന്‍ സൂപ്പര്‍ ലീഗ് (പി.എസ്.എല്‍) ട്വന്റ-20 ടൂര്‍ണമെന്റില്‍ കറാച്ചി കിങ്‌സിന്റെ നായകനാണ് ഇടംകൈയന്‍ ബാറ്ററായ വാര്‍ണര്‍. ടൂര്‍ണമെന്റിന്റെ ഇടവേളയില്‍ നാട്ടിലെത്തിയപ്പോഴാണ് മദ്യപിച്ചു വാഹനം ഓടിച്ചതിനു പിടിയിലായത്. കടുത്ത നിയമനടപടികള്‍ നേരിടേണ്ടിവരാനുള്ള സാഹചര്യമില്ലാത്തതിനാല്‍ വാര്‍ണര്‍ക്ക് പി.എസ്.എലില്‍ കളിക്കാനായി പാകിസ്‌താനിലേക്കു മടങ്ങാന്‍ താരത്തിനു സാധിക്കും. അടുത്ത ഒന്‍പതിന് പെഷാവറിനെതിരേയാണ് ടൂര്‍ണമെന്റിലെ കറാച്ചിയുടെ അടുത്ത മത്സരം.



