
മാഡ്രിഡ്: ചാംപ്യന്‍സ് ലീഗ് ആദ്യപാദ ക്വാര്‍ട്ടറില്‍ മുന്‍ ചാംപ്യന്മാരായ റയലും ബയേണും തമ്മിലുള്ള മത്സരത്തില്‍ ജര്‍മ്മന്‍ വമ്പന്മാര്‍ സ്പാനിഷ് വമ്പന്മാരെ കീഴടക്കി. റയലിനെ സ്വന്തം കാണികളുടെ മുന്നിലിട്ട് 2-1 നായിരുന്നു ബയേണ്‍ തോല്‍പ്പിച്ചു വിട്ടത്.
പരിക്കില്‍ നിന്നുള്ള ഹാരി കെയ്നിന്റെ ഉജ്ജ്വല തിരിച്ചുവരവാണ് ബയേണ്‍ മ്യൂണിക്കിന് തകര്‍പ്പന്‍ വിജയം നല്‍കിയത്. ബെര്‍ണബ്യൂവില്‍ നടന്ന ആവേശകരമായ പോരാട്ടത്തില്‍ റയലിനെ തോല്‍പ്പിച്ച് ബയേണ്‍ മുന്‍തൂക്കം നേടി. 32-കാരനായ ഇംഗ്ലണ്ട് നായകന്‍ മത്സരത്തിന്റെ ആദ്യ പകുതിയില്‍ ബയേണിന്റെ ആദ്യ ഗോളിന് വഴിയൊരുക്കുന്നതില്‍ പങ്കാളിയായി. ആദ്യ പകുതി അവസാനിക്കാന്‍ നാല് മിനിറ്റ് ബാക്കിനില്‍ക്കെ ലൂയിസ് ഡയസാണ് ബയേണിനെ ആദ്യം മുന്നിലെത്തിച്ചു. രണ്ടാം പകുതി തുടങ്ങിയ ഉടന്‍ തന്നെ കെയ്ന്‍ തന്റെ ക്ലാസ് പ്രകടനം നടത്തി.
റയല്‍ ഗോള്‍കീപ്പര്‍ ആന്‍ഡ്രി ലുനിന് ഒരു അവസരവും നല്‍കാതെ വലതു കാല്‍ കൊണ്ടു തൊടുത്ത മനോഹരമായ ഒരു ക്ലിനിക്കല്‍ സ്ട്രൈക്ക് ഗോള്‍പോസ്റ്റിന്റെ താഴത്തെ മൂലയില്‍ തറച്ചു. ബയേണിന്റെ വെറ്ററന്‍ ഗോള്‍കീപ്പര്‍ മാനുവല്‍ നോയര്‍ നടത്തിയ നാല് മികച്ച സേവുകള്‍ മത്സരത്തില്‍ നിര്‍ണ്ണായകമായി. ഇതില്‍ മൂന്നെണ്ണം കിലിയന്‍ എംബാപ്പെയുടെ ശ്രമങ്ങളായിരുന്നു. വിന്‍സെന്റ് കൊമ്പനിയുടെ കീഴില്‍ ഇറങ്ങിയ ബയേണിന് ഇതിലും കൂടുതല്‍ ഗോളുകള്‍ നേടാമായിരുന്ന ഒരു പോരാട്ടമായിരുന്നു ഇത്.
രണ്ടാം പകുതിയില്‍ എംബാപ്പേയുടെ വകയായിരുന്നു റയലിന്റെ ഗോള്‍. പ്രതിരോധത്തില്‍ പതറി നിന്ന ട്രെന്റ് അലക്‌സാണ്ടര്‍ അര്‍നോള്‍ഡ് തന്റെ ആക്രമണ ശൈലിയിലൂടെ 74-ാം മിനിറ്റില്‍ ഒരു ലോ ക്രോസ് നല്‍കുകയും അത് എംബാപ്പെ ഗോളാക്കി മാറ്റുകയും ചെയ്തു. കളിയുടെ അവസാന നിമിഷങ്ങളില്‍ റയല്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും ബയേണ്‍ പ്രതിരോധം പിടിച്ചുനിന്നു. ഇതോടെ മ്യൂണിക്കില്‍ നടക്കുന്ന രണ്ടാം പാദ മത്സരത്തിന് മുന്‍പ് ചെറിയ ലീഡ് സ്വന്തമാക്കാന്‍ ബയേണിന് സാധിച്ചു.




