ലണ്ടന്‍: വെയില്‍സ്‌താരം ആരണ്‍ റാംസി പ്രഫഷണല്‍ ഫുട്‌ബോളില്‍നിന്നു വിരമിച്ചു. സാമൂഹിക മാധ്യമ കുറിപ്പിലൂടെയായിരുന്നു പ്രഖ്യാപനം. ഇത്തരമൊരു തീരുമാനം കൈക്കൊള്ളുകയെന്നത് എളുപ്പമായിരുന്നില്ല. സുദീര്‍ഘമായ ആലോചനയ്‌ക്കുശേഷമാണ് ഫുട്‌ബോളിനോടു വിടപറയാന്‍ തീരുമാനിച്ചത്. ഇതുവരെ കളിച്ച ക്ലബുകളോടും പരിശീലകരോടും എക്കാലത്തും കടപ്പെട്ടിരിക്കും- മുപ്പത്തഞ്ചുകാരനായ റാംസിയുടെ കുറിപ്പില്‍ പറയുന്നു.
2008-ലാണ് റാംസി രാജ്യാന്തര ഫുട്‌ബോളില്‍ അരങ്ങേറിയത്. 20 വര്‍ഷത്തോളം നീണ്ട കരിയറില്‍ വെയില്‍സിനായി 86 മത്സരങ്ങളില്‍ കളത്തിലിറങ്ങി. 23 ഗോള്‍ നേടി. യൂറോ 2016 സെമിഫൈനലിലും 2022-ലെ ലോകകപ്പിലും കടന്ന വെയില്‍സിന്റെ കുതിപ്പിനുപിന്നില്‍ മധ്യനിരതാരമായ റാംസിയുടെ പ്രകടനവും നിര്‍ണായകമായിരുന്നു. ദീര്‍ഘകാലമായി വലയ്‌ക്കുന്ന പരുക്കാണ് താരത്തെ വിരമിക്കലിനു പ്രേരിപ്പിച്ചത്.
ക്ലബ് ഫുട്‌ബോളില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് ആഴ്‌സണല്‍, ഇറ്റാലിയന്‍ സിരി എ ടീം യുവെന്റസ് എന്നിവയ്‌ക്കായി പന്തുതട്ടി. ക്ലബ് ഫുട്‌ബോളില്‍ കാര്‍ഡിഫ് സിറ്റിക്കായാണ് ആദ്യം കളത്തിലിറങ്ങിയത്. 2014 എഫ്.എ. കപ്പ് ഫൈനലില്‍ ആഴ്‌സണലിനായി വിജയഗോള്‍ നേടിയത് റാംസിയായിരുന്നു. ക്ലബിന്റെ ഒന്‍പതു വര്‍ഷത്തെ കിരീടവരള്‍ച്ചയ്‌ക്കും ഇതിലൂടെ വിരാമമിടാനായി. 11 സീസണോളം ആഴ്‌സണലില്‍ തുടര്‍ന്ന റാംസിയുടെ അക്കൗണ്ടില്‍ മൂന്ന് എഫ്.എ. കപ്പ് കിരീടങ്ങളുണ്ട്. 2019-ല്‍ യുവെന്റസിലേക്കു ചേക്കേറിയ റാംസിക്ക് അവിടെയും ലീഗ് കിരീടം ചൂടാന്‍ ഭാഗ്യംസിദ്ധിച്ചു. മെക്‌സിക്കന്‍ പ്രഫഷണല്‍ ഫുട്‌ബോള്‍ ക്ലബ് പ്യൂമാസ് ഉനാമിനായാണ് അവസാനം കളിച്ചത്.


