കോഴിക്കോട്: മാനാഞ്ചിറ ഡോ. സി.ബി.സി. മെമ്മോറിയല്‍ ബാസ്‌കറ്റ്‌ബോള്‍ കോര്‍ട്ടില്‍ നടക്കുന്ന ഫിയാസ്‌റ്റോ 50-ാം വാര്‍ഷിക അഖിലേന്ത്യാ ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റിന്റെ രണ്ടാം ദിനത്തില്‍ കെ.എസ്.ഇ.ബി. തിരുവനന്തപുരം പുരുഷ ടീമിനും ഐ.സി.എഫ്. ചെന്നൈ വനിതാ ടീമിനും മിന്നും ജയം. പുരുഷവിഭാഗത്തില്‍ കെ.എസ്.ഇ.ബി, ഡല്‍ഹി ഇന്ത്യന്‍ എയര്‍ഫോഴ്‌സിനെ തോല്‍പ്പിച്ചു. 74-46 എന്ന സ്‌കോറിനാണ് കെ.എസ്.ഇ.ബിയുടെ ജയം.
തുടക്കം മുതല്‍ ആധിപത്യം പുലര്‍ത്തിയ കെ.എസ്.ഇ.ബി. ആദ്യ ക്വാര്‍ട്ടറില്‍ 21-3 എന്ന വമ്പന്‍ ലീഡ് നേടി. ഇടവേളയ്‌ക്കു പിരിയുമ്പോള്‍ 41-17 എന്ന നിലയിലായിരുന്നു സ്‌കോര്‍. കെ.എസ്.ഇ.ബിക്കായി ജെറോം പ്രിന്‍സ് 22 പോയിന്റുമായി ടോപ്പ് സ്‌കോററായി.
സെജിന്‍ മാത്യുവും ശരത് കൃഷ്‌ണയും 11 പോയിന്റുകള്‍ വീതം നേടി ഉറച്ച പിന്തുണ നല്‍കി. എയര്‍ഫോഴ്‌സിന് വേണ്ടി സൗരഭ് 15 പോയിന്റുകള്‍ നേടി. കഴിഞ്ഞദിവസം നടന്ന വനിതാ വിഭാഗം പോരാട്ടത്തിലെ ഉദ്‌ഘാടന മത്സരത്തില്‍ കെ.എസ്.ഇ.ബി. വിജയം നുകര്‍ന്നിരുന്നു.
വനിതാ വിഭാഗത്തില്‍ ഐ.സി.എഫ്. ചെന്നൈ 85-70 എന്ന സ്‌കോറിന് ഈസ്‌റ്റേണ്‍ റെയില്‍വേ കൊല്‍ക്കത്തയെ തോല്‍പ്പിച്ചു. ഈസ്‌റ്റേണ്‍ റെയില്‍വേയുടെ പൂനം ചതുര്‍വേദി 38 പോയിന്റുകള്‍ നേടി മികച്ച പ്രകടനം കാഴ്‌ചവച്ചെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല. ഐ.സി.എഫ്. ചെന്നൈയ്‌ക്കായി അമൃതവര്‍ഷിണി 22 പോയിന്റും ഹരിമ സുന്ദരി 16 പോയിന്റും നേടി.
തിങ്കളാഴ്‌ച രാത്രി നടന്ന ആവേശകരമായ ചെന്നൈ ഡെര്‍ബിയില്‍ ഇന്ത്യന്‍ ബാങ്കിന് വിജയം. 88-75 എന്ന സ്‌കോറിന് ഐ.സി.എഫ് ചെന്നൈയെ പരാജയപ്പെടുത്തി. ഇന്ത്യന്‍ ബാങ്കിന്റെ പ്രഗലാഥന്‍ 29 പോയിന്റുകള്‍ നേടി തകര്‍പ്പന്‍ പ്രകടനം കാഴ്‌ചവെച്ചു. പ്രശാന്ത് റാവത്ത് (18), ഹരിറാം (16) എന്നിവരും മികച്ച പ്രകടനം നടത്തി. ഐ.സി.എഫിനായി ഡാനിയേല്‍ റിച്ചാര്‍ഡ്‌സ് 21 പോയിന്റുകള്‍ നേടി.
ഇന്നു വൈകിട്ട് അഞ്ചുമുതല്‍ പുരുഷവിഭാഗത്തില്‍ യങ് ഓറിയോണ്‍സ് ബംഗളുരു-കെ.എസ്.ഇ.ബി തിരുവനന്തപുരവുമായും ഇന്ത്യന്‍ നേവി-ഇന്ത്യന്‍ ബാങ്ക് ചെന്നൈയുമായും പോരാടും. വനിതാ വിഭാഗത്തില്‍ കെ.എസ്.ഇ.ബി. തിരുവനന്തപുരവും ഈസ്‌റ്റേണ്‍ റെയില്‍വേ കൊല്‍ക്കത്തയും കൊമ്പുകോര്‍ക്കും.


