
തിരുവനന്തപുരം: പുകപരിശോധനയുമായി ബന്ധപ്പെട്ട് ഉയരുന്ന പരാതിയില്‍ സംസ്ഥാന സര്‍ക്കാരിന് ഒന്നും ചെയ്യാനാകില്ലെന്നും അത് കേന്ദ്രസര്‍ക്കാരിന്റെ സോഫ്റ്റ്വേര്‍ ആണെന്നും ഗതാഗതമന്ത്രി കെ.ബി. ഗണേഷ്കുമാര്. കേന്ദ്രസര്‍ക്കാരിന്റെ ചട്ടത്തിന് അനുസരിച്ച് നിലവില്‍ വന്ന പുക പരിശോധനാ മാനദണ്ഡത്തില്‍ മാര്‍ച്ച് 17 മുതല്‍ 31 വരെ നടത്തിയ പരിശോധനകളില്‍ 8.85 ശതമാനം വാഹനങ്ങള്‍ പരാജയപ്പെട്ടിരുന്നു.
ഇതേ തുടര്‍ന്ന് വാഹനവകുപ്പുകള്ക്ക് വന്‍തോതില്‍ പരാതിയും കിട്ടിയിരുന്നു. എന്നാല്‍ ഇതില്‍ തങ്ങള്‍ക്ക് ഒന്നും ചെയ്യാനാകില്ലെന്ന നിലപാടാണ് മന്ത്രി എടുത്തത്. ഒന്നിലേറെ തവണ പരിശോധന നടത്തിയിട്ടും പുക പരിശോധന പരാജയപ്പെടുന്നുവെന്ന് നിരവധി പേര് അഭിപ്രായപ്പെട്ടു. പരാതികള്‍ വ്യാപകമായതോടെ ഇക്കാര്യത്തില്‍ അന്വേഷണം നടത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയെങ്കിലും അവര്‍ നടത്തിയ പരിശോധനകളില്‍ കാര്യമായ കുഴപ്പങ്ങള്‍ കണ്ടെത്താനായിരുന്നില്ല. വാഹനം കൃത്യമാണെങ്കിലേ പരിശോധനകളും വിജയിക്കൂ എന്നും അവര്‍ കണ്ടെത്തി.
നേരത്തെ പലയിടത്തും പുക പരിശോധന സംവിധാനം കൃത്യമായിരുന്നില്ല. അതുകൊണ്ടു തന്നെ പരിശോധനയ്ക്ക് എത്തുന്ന എല്ലാ വാഹനവും വിജയിക്കുന്ന രീതി ഉണ്ടായിരുന്നു. എന്നാല്‍ അങ്ങിനെ എല്ലാ വാഹനവും വിജയിക്കേണ്ടെന്നും കുഴപ്പമുള്ളവ അത് പരിഹരിച്ച് വീണ്ടും പരിശോധന നടത്തി സര്‍ട്ടിഫിക്കേറ്റ് നേടട്ടെ എന്ന നിലപാടും എടുത്തിരിക്കുന്നതിനാല്‍ ഒരു പണിയും നടക്കുന്നില്ല.
കേന്ദ്രചട്ടപ്രകാരം സംസ്ഥാനത്തെ പെട്രോള്‍ വാഹനങ്ങളുടെ പുകപരിശോധന പരിഷ്കരിച്ചതിന് ശേഷം പുകപരിശോധനയില്‍ പരാജയപ്പെടുന്ന വാഹനങ്ങളുടെ എണ്ണം കൂടിയിട്ടുണ്ട്. 1.6 ശതമാനമായിരുന്നു മുമ്പ് പരാജയപ്പെട്ടിരുന്നത്. പഴയ സംവിധാനത്തില്‍ ആദ്യ രണ്ടാഴ്ച അഞ്ചുലക്ഷം വാഹനങ്ങള്‍ പരിശോധിച്ചപ്പോള്‍ 8128 എണ്ണമാണ് പരാജയപ്പെട്ടത്. എന്നാല്‍ മാര്‍ച്ച് 17-നുശേഷം പുതിയ രീതിയില്‍ 4,11,862 വാഹനങ്ങള്‍ പരിശോധിച്ചപ്പോള്‍ പരാജയനിരക്ക് 35,574 ആയി എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
പുകപരിശോധനയില്‍ വിജയിക്കുന്ന രീതിയിലേക്ക് വാഹനങ്ങള്‍ മെച്ചപ്പെടുത്തിയില്ലെങ്കില്‍ വാഹന ഉടമയ്ക്ക് ഇന്ധന നഷ്ടവും സാമ്പത്തീക നഷ്ടവും ഉണ്ടാകും. ഇതിനൊപ്പം മലിനീകരണതോത് കൂടുകയും ചെയ്യും. പുക പരിശോധന പാസായില്ലെങ്കില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ നഷ്ടമാകും. സര്‍ട്ടിഫിക്കറ്റില്ലാതെ പിടിക്കപ്പെട്ടാല്‍ 1500 രൂപ പിഴ അടക്കേണ്ടിവരും.
ഇന്ധനജ്വലനത്തില്‍ പോരായ്മയുണ്ടാകുമ്പോഴാണ് സാധാരണഗതിയില്‍ വാഹനങ്ങള്‍ സാധാരണഗതിയില്‍ പുക പരിശോധനയില്‍ പരാജയപ്പെടാറുള്ളത്. എയര്‍ഫില്‍ട്ടര്‍, സ്പാര്‍ക്ക് പ്ലഗ്, എന്നിവ കൃത്യമായ ഇടവേളകളില്‍ മാറാതിരിക്കുമ്പോഴും, കാര്ബറേറ്ററില് അടവുണ്ടാകുമ്പോഴും മലിനീകരണത്തോത് കൂടും. പരിശോധനയില്‍ പരാജയപ്പെടുന്ന വാഹനങ്ങളുടെ സാങ്കേതികപ്പിഴവ് പരിഹരിച്ചാല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കും.






