
കോതമംഗലം: കോട്ടപ്പടിയിൽ ഇന്ന് പുലർച്ചെ കിണറ്റിൽ വീണ കാട്ടാനയെ മയക്കുവെടി വയ്ക്കും. കിണറ്റിലെ വെള്ളം വറ്റിച്ചശേഷം മയക്കുവെടി വെയ്ക്കാനാണ് തീരുമാനമെന്ന് മലയാറ്റൂർ ഡിഎഫ്ഒ അറിയിച്ചു. കോട്ടപ്പടി പഞ്ചായത്തിലെ 1, 2, 3, 4 വാർഡുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ആനയെ പത്ത് മണിക്കൂർ ആയിട്ടും പുറത്തെത്തിക്കാൻ ആകാതെ വന്നതോടെയാണ് മയക്കുവെടി വെക്കാൻ തീരുമാനമായത്.
സ്വകാര്യ വ്യക്തിയുടെ കിണറ്റിലാണ് ഇന്ന് പുലർച്ചെ കാട്ടാന വീണത്. ആനയെ രക്ഷിക്കാൻ വനം വകുപ്പ് മണ്ണുമാന്തി യന്ത്രം കൊണ്ടുവന്നെങ്കിലും സ്ഥലമുടമ മണ്ണുമാന്തി യന്ത്രം കടത്തിവിടുന്നില്ല. തൊട്ടടുത്ത പറമ്പിലൂടെ വേണം മണ്ണുമാന്തി യന്ത്രം കിണറിന് അടുത്തെത്തിക്കാൻ. എന്നാൽ പറമ്പിലൂടെ കൊണ്ടുപോയാൽ കൃഷി നശിക്കുമെന്നാണ് സ്ഥലമുടമയുടെ വാദം. സ്വന്തമായി രക്ഷപ്പെടാൻ കാട്ടാന ശ്രമിക്കുന്നുണ്ടെങ്കിലും അതിന് കഴിയാതെ ഏറെ നേരമായി കിണറ്റിൽ തന്നെയാണ് ആന.
ജനപ്രതിനിധികളുടെയും പോലീസിന്റെ് നേതൃത്വത്തിൽ ചർച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. തുടർന്ന് കോതമംഗലം എംഎൽഎ ആന്റണി ജോൺ അടക്കം സ്ഥലത്തെത്തി. ആനയെ പുറത്തെത്തിക്കുന്ന ദൌത്യം നീളും. ചൂട് കുറഞ്ഞ ശേഷമായിരിക്കും മയക്കു വെടി വെക്കുക.
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശങ്ങള്‍
മനുഷ്യ-മൃഗ സംഘർഷത്തിൽ നടപടികൾ സ്വീകരിക്കുന്നതിന് ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്ന സഹകരണം സ്ഥലത്തെ ജനങ്ങൾ ലഭ്യമാക്കണം.
ദുരന്ത പ്രതികരണം ഏത് രീതിയിൽ വേണം എന്നത് വനം വകുപ്പ് ഉദ്യോഗസ്ഥർ തീരുമാനിക്കും
ആനയെ കരകയറ്റിയ ശേഷം ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും വനം വകുപ്പും മൃഗ സംരക്ഷണ വകുപ്പും തദേശ സ്ഥാപന വകുപ്പും കൂടി ആലോചിച്ച്, ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അനുമതിയോടെ തുടർ നടപടി സ്വീകരിക്കും
ആനയെ കരയ്ക്ക് എത്തിക്കുന്ന അവസരത്തിൽ ആക്രമണ സ്വഭാവം കാണിക്കാനും വിവിധ ദിശകളിൽ ഓടാനും സാധ്യത ഉണ്ട് എന്നതിനാൽ പ്രദേശവാസികള്‍ കിണറിൽ നിന്നും ചുരുങ്ങിയത് 500 മീറ്റർ അകലം പാലിക്കണം
രക്ഷാപ്രവർത്തനം കാണാൻ മറ്റ് പ്രദേശങ്ങളിൽ നിന്നും വിനോദ സഞ്ചാരം എന്ന നിലയിൽ പ്രസ്തുത സ്ഥലത്തേക്ക് പോകുന്നത് ഒഴിവാക്കുക
ദുരന്ത പ്രതികരണത്തിന് തടസം നിന്നാൽ ദുരന്ത നിവാരണ നിയമം അനുസരിച്ചുള്ള നടപടികൾ നേരിടേണ്ടിവരും






