
മലപ്പുറം; എടപ്പാളില്‍ വീട്ടില്‍ കയറി യുവതിയെ കെട്ടിയിട്ട് കവര്‍ച്ച നടത്തിയതായി പരാതി. രേഷ്മയെന്ന യുവതിയെയാണ് കസേരയില്‍ കെട്ടിയിട്ട് 15 പവന് സ്വര്‍ണം കവര്‍ന്നെന്നാണ് പരാതി. ഇന്ന് രാവിലെയാണ് സംഭവം. മാസ്കും കണ്ണടയും ധരിച്ചാണ് മോഷ്ടാവ് എത്തിയതെന്നാണ് പരാതിക്കാരി ആരോപിക്കിന്നത് . വീട്ടിലേക്ക് ഇയാള്‍ അതിക്രമിച്ചു കയറുകയായിരുന്നു.
ഈ സമയത്ത് മുന്‍വശത്ത് കസേരയില്‍ ഇരിക്കുകയായിരുന്നു രേഷ്മ. ഇതേ കസേരയില്‍ രേഷ്മയെ കെട്ടിയിട്ടയാള് ശരീരത്തിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ മുഴുവന്‍ കവര്‍ന്നു. പിന്നീട് വീട്ടില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും കവര്‍ന്നു.
സംഭവ സമയത്ത് യുവതിയുടെ ഭര്‍ത്താവും അമ്മായിഅമ്മയും വീട്ടിലുണ്ടായിരുന്നു.എന്നാല്‍ ഇവരാരും സംഭവം അറിഞ്ഞിരുന്നില്ല. അമ്മായിഅമ്മ കുളിക്കുകയായിരുന്നുവെന്നും രേഷ്മയുടെ ഭര്‍ത്താവ് വീടിന്റെ മുകളിലെ മുറിയില്‍ ഉറങ്ങുകയായിരുന്നുവെന്നുമാണ് മൊഴി. രേഷ്മയെ കെട്ടിയിട്ട നിലയില്‍ കാണുന്നത് കുളികഴിഞ്ഞെത്തിയ അമ്മായിഅമ്മയാണ്.
പിന്നീടാണ് മോഷണ വിവരം പുറത്തറിഞ്ഞത്. സംഭവത്തില്‍ ചങ്ങരംകുളം പൊലീസ് അന്വേഷണം ആരംഭിച്ചു. വീട്ടിലുണ്ടായിരുന്നവരുടെയും അയല്‍വാസികളുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.






