
കോഴിക്കോട്: മെഡിക്കല്‍ കോളജ് ഐ.സി.യു. പീഡനക്കേസിലെ അതിജീവിത വീണ്ടും സമരത്തിലേക്ക്. ഡോ. കെ.വി. പ്രീതിക്കെതിരായ അന്വേഷണ റിപ്പോര്‍ട്ട് ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ഇന്നു മുതല്‍ കമ്മിഷണര്‍ ഓഫീസിനു മുന്നില്‍ സമരം ആരംഭിക്കുമെന്ന് അതിജീവിത മാധ്യമങ്ങളോട് പറഞ്ഞു. ഐ.ജി. നല്കിയ ഉറപ്പ് വെറും വാക്കായെന്നും അതിജീവിത പറഞ്ഞു.
ഐ.സി.യു. പീഡനക്കേസില്‍ മൊഴിയെടുത്ത ഗൈനക്കോളജിസ്റ്റ് ഡോ. കെ.വി. പ്രീതിക്കെതിരേ അതിജീവിത സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. മൊഴി പൂര്‍ണമായി രേഖപ്പെടുത്തിയില്ലെന്നും പ്രതികളെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. പരാതി നല്കി ഒരു വര്‍ഷം ആകുമ്പോഴും അതിജീവിതയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല.
വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയെങ്കിലും ലഭ്യമായില്ല. ഇതേ തുടര്‍ന്ന് കമ്മിഷണര്‍ ഓഫീസിനു മുന്നില്‍ നടത്തി വന്ന സമരം കഴിഞ്ഞ 24 ന് അവസാനിപ്പിച്ചിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ഉത്തര മേഖല ഐ.ജി. ഇടപെട്ടതോടെയാണ് സമരം അവസാനിപ്പിച്ചത്.എന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷവും നടപടി ഇല്ലാത്തതിനാലാണ് വീണ്ടും സമര രംഗത്തേക്ക് വരുന്നത്.
വിഷയത്തില്‍ അതിജീവിത ഹൈക്കോടതിയില്‍ സങ്കട ഹര്‍ജി നല്‍കിയിട്ടുണ്ട്. 2023 മാര്‍ച്ച് 18 ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ അറ്റന്‍ഡര്‍ എം എം ശശീന്ദ്രന് പീഡിപ്പിച്ചെന്നാണു കേസ്.






