
ബംഗലുരു: ഭര്‍ത്താവിനെ കൊല്ലുമെന്നും തന്നെ വെടിവെച്ചു കൊല്ലുമെന്നും ഭീഷണിപ്പെടുത്തി പ്രജ്വല്‍ രേവണ്ണ തന്നെ പല തവണ ബലാത്സംഗം ചെയ്തെന്ന് ആരോപിച്ച് 44 കാരിയായ പഞ്ചായത്ത് മെമ്പര്‍. കര്‍ണാടകയിലെ ഹസന് എംപിയും ജെഡിഎസ് നേതാവുമായ പ്രജ്വല്‍ രേവണ്ണയ്ക്കെതിരേ ഉയര്‍ന്നിരിക്കുന്ന രണ്ടാമത്തെ പീഡന പരാതി ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന് മെയ് 1 ന് ലഭിച്ചു.പ്രജ്വലിന്റെ പാര്ട്ടിക്കാരന് കൂടിയായ ഭര്‍ത്താവിനെ കൊല്ലൂമെന്ന് പറഞ്ഞ് ബലാത്സംഗത്തിന് ഇരയാക്കുകയും അത് മൊബൈല്‍ ഫോണില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി വീണ്ടും വീണ്ടും ശാരീരിക പീഡനത്തിന് ഇരയാക്കിയെന്നും പരാതിയില്‍ പറയുന്നു.
പ്രജ്വലിനെതിരേ ബലാത്സംഗ വീഡിയോകള്‍ പുറത്തുവന്നതിന്റെ പശ്ചാത്തലത്തില്‍ എടുത്ത കേസിന് പിന്നാലെ ആദ്യം ഉയരുന്ന ബലാത്സംഗ പരാതിയാണ് ഇപ്പോള്‍ കിട്ടിയിരിക്കുന്നത്. സാധാരണ ജനങ്ങളുടെ പ്രശ്നങ്ങള്‍ പതിവായി എംഎല്‍എമാരേയും എംപിമാരേയും ഇവര്‍ അറിയിക്കാറുണ്ട്. അതുപോലെ 2021 ല്‍ എംപി ക്വാര്‍ട്ടേഴ്സില്‍ ഒരിക്കല്‍ ഇവര്‍ ഒരുകൂട്ടം കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റല്‍ അനുവദിക്കുന്ന കാര്യത്തിനായി പ്രജ്വലിന്റെ അരികിലെത്തി. വീട്ടിലെ ഗ്രൗണ്ട്ഫ്ളോറിലുള്ള ഹാളില്‍ അനേകം ആള്ക്കാര് ഉണ്ടായിരുന്നതിനാല്‍ പ്രജ്വല്‍ പഞ്ചായത്ത് മെമ്പറോട് തന്റെ ദൂതന്മാര് വഴി കിടപ്പ്മുറിയില്‍ പോയിരുന്നോളാനും അവിടെ വന്നു കണ്ടോളാമെന്ന് പറയുകയും ചെയ്തു. കുറച്ചുകഴിഞ്ഞപ്പോള്‍ പ്രജ്വല്‍ അവിടേയ്ക്ക് വരികയും മുറിയില്‍ കയറി വാതില്‍ സാക്ഷയിടുകയും ചെയ്തു.
യുവതി ഇതുകണ്ട് പ്രതിഷേധിച്ചപ്പോള്‍ തന്റെ ഭര്‍ത്താവ് പറഞ്ഞിട്ടാണെന്നു പ്രജ്വല്‍ യുവതിയെ വിശ്വസിപ്പിച്ചു. തുടര്‍ന്ന് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അതിന് ശേഷം താന്‍ പറയുന്നത് അനുസരിക്കണമെന്നും താന്‍ ശാരീരികമായി ആവശ്യപ്പെടുന്നതെല്ലാം ചെയ്തുകൊടുത്താല്‍ ഭര്‍ത്താവിനെ രാഷ്ട്രീയത്തില്‍ ഉയര്‍ത്താമെന്നും പറഞ്ഞു. ഇത് നിരസിച്ചപ്പോള്‍ പ്രജ്വല്‍ യുവതിയെ ഭീഷണിപ്പെടുത്തി. തന്റെ കയ്യില്‍ തോക്കുണ്ടെന്നും തന്നെയും ഭര്‍ത്താവിനെയും വെറുതേ വിടില്ലെന്നും പ്രജ്വല്‍ പറഞ്ഞു. അതിന് ശേഷം തന്നെ ബലാത്സംഗം ചെയ്യുകയും അത് മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. പിന്നീട് ഈ വീഡിയോകള്‍ പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. പിന്നീട് ആവശ്യം തോന്നുമ്പോഴൊക്കെ അയാള്‍ ശാരീരികമായി പീഡിപ്പിക്കുമായിരുന്നെന്നും യുവതി പറഞ്ഞു.
പിന്നീട് കൂടെക്കൂടെ ഭര്‍ത്താവിനെ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തി പ്രജ്വല്‍ യുവതിയെ വിവസ്ത്രയാക്കുകയും ഒന്നിലധികം വീഡിയോകള്‍ റെക്കോഡ് ചെയ്യുകയും പലതവണ ബലാത്സംഗം ചെയ്യുകയും ചെയ്തതായും യുവതി നല്‍കിയിട്ടുള്ള പരാതിയില്‍ പറയുന്നു.






