
ന്യൂഡല്‍ഹി : ഒളിംപിക്സ് മെഡൽ ജേതാവായ ഗുസ്തിതാരം ബജ്റംഗ് പൂനിയയ്ക്ക് സസ്പെൻഷൻ. ദേശീയ ഉത്തേജക വിരുദ്ധ ഏജൻസിയുടേതാണ് നടപടി. ഉത്തേജക വിരുദ്ധ പരിശോധനയ്ക്ക് താരം തയ്യാറാകാതിരുന്നതോടെയാണ് നടപടിയെടുത്തിരിക്കുന്നത്. മാർച്ച് 10ന് സോണിപട്ടിൽ വെച്ച് നടന്ന ട്രയൽസിൽ ബജ്റംഗ് രോഹിത് കുമാറിനോട് പരാജയപ്പെട്ടിരുന്നു. ഇതിന്റെ ദേഷ്യത്തിൽ താരം തിരിച്ചുപോകുകയായിരുന്നു.
ബജ്റംഗ് പൂനിയയുടെ നടപടിയിൽ വിശദീകരണം നൽകാൻ മെയ് ഏഴ് വരെ താരത്തിന് സമയം നൽകിയിട്ടുണ്ട്. സസ്പെൻഷൻ തുടരുന്ന സമയത്തോളം ഇനിയൊരു ഗുസ്തി മത്സരത്തിലോ ട്രെയൽസിലോ താരത്തിന് പങ്കെടുക്കാൻ കഴിയില്ല. ഇതോടെ ജൂലൈയിൽ ആരംഭിക്കുന്ന പാരിസ് ഒളിംപിക്സിൽ ഉൾപ്പടെ ബജ്റംഗ് പൂനിയയുടെ പങ്കാളിത്തം സംശയത്തിലായിരിക്കുകയാണ്.
ഈമാസമാണ് ഇസ്താംബൂളില്‍ പാരീസ് ഒളിംപിക്സില്‍ പങ്കെടുക്കുന്നതിനായുള്ള യോഗ്യത മത്സരങ്ങള്‍ തുടങ്ങുന്നത്. സാംപിള്‍ ശേഖരിക്കാന്‍ നാഡ നല്കുന്ന കിറ്റ് കാലാവധി കഴിഞ്ഞതാണെന്ന് മാസങ്ങള്‍ക്ക് മുന്‍പ് വീഡിയോയിലൂടെ പൂനിയ ആരോപിച്ചിരുന്നു. മുന്‍ ഗുസ്തി ഫെഡറേഷന് അധ്യക്ഷന്‍ ബ്രിജ് ഭൂഷണെതിരെ സമരം ചെയ്ത ഗുസ്തി താരങ്ങളില്‍ പ്രധാനിയാണ് ബജ്റംഗ് പൂനിയ.
കഴിഞ്ഞമാസം പത്തിന് സോനിപത്തില്‍ നടന്ന ഒളിംപിക്സ് യോഗ്യതാ മത്സരത്തിന് മുന്നോടിയായുള്ള ട്രയല്‍സില്‍ പങ്കെടുത്ത ബജ്റംഗ് പൂനിയ മൂത്ര സാംപിള്‍ നല്കിയില്ലെന്നാരോപിച്ചാണ് താല്കാലിക സസ്പെന്ഷന്. ചൊവ്വാഴ്ചയ്ക്കകം വിശദീകരണം നല്‍കിയില്ലെങ്കില്‍ തീരുമാനം അച്ചടക്ക സമിതിക്ക് വിടുമെന്നും, നിസഹകരണം തുടര്‍ന്നാല്‍ തുടര്‍ന്നുള്ള മത്സരങ്ങളില്‍ വിലക്കുമെന്നും നാഡ ബജ്റംഗ് പൂനിയയെ അറിയിച്ചു.
ഗുസ്തി ഫെഡറേഷൻ മുൻ അദ്ധ്യക്ഷൻ ബ്രിജ്ഭൂഷൺ സിംഗിനെതിരായ ഗുസ്തി താരങ്ങളുടെ സമരത്തിന്റെ മുൻനിരയിൽ ബജ്റംഗ് പൂനിയ ഉണ്ടായിരുന്നു. വിരമിച്ച ഗുസ്തി താരം സാക്ഷി മാലികിന് പിന്തുണ നൽകി പദ്മശ്രീ പുരസ്കാരം താരം തിരിച്ചുനൽകിയിരുന്നു. പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ നടപ്പാതയിൽ പദ്മശ്രീ പുരസ്കാരം ഉപേക്ഷിച്ചാണ് താരം അന്ന് മടങ്ങിയത്.






