
ബംഗളൂരു; ഐപിഎല്ലില്‍ ആര് സിബി ഒരു ഘട്ടത്തില്‍ സി എസ് കെ പ്ലേ ഓഫിന് ആവശ്യമായ റണ്‍റേറ്റ് നിലനിര്‍ത്താമെന്ന പ്രതീക്ഷയുണ്ടായിരുന്നു. ജഡേജ - ധോണി സംഖ്യം ക്രീസില്‍ നിന്നപ്പോഴായിരുന്നു അത്. ഇരുവര്‍ക്കും 61 റണ്‍സ് കൂട്ടിചേര്‍ക്കാന്‍ സാധിച്ചിരുന്നു. ജഡേജ 42 റണ്‍സും ധോണി 25 റണ്‍സുമെടുത്തു.അവസാന രണ്ട് ഓവറില്‍ 35 റണ്‍സാണ് ചെന്നൈക്ക് റണ്‍റേറ്റ് നിലനിര്‍ത്താന്‍ വേണ്ടിയിരുന്നത്.
അത് അവസാന ഓവറായപ്പോഴേക്കും 17 റണ്‍സായി ചുരുങ്ങി. യഷ് ദയാലിനെതിരെ ആദ്യ പന്തില്‍ ധോണി സിക്സും നേടി. പിന്നീട് അഞ്ച് പന്തില്‍ ജയിക്കാന്‍ വേണ്ടത് 11 റണ്‍സ് മാത്രം. എന്നാല്‍ രണ്ടാം പന്തില്‍ ധോണി പുറത്തായി. എന്നാല്‍ ധോണിയുടെ ആ സിക്സ് തന്നെയാണ് മത്സരം ആര്‍സിബിയുടെ വരുതിയിലാക്കിയതെന്നാണ് ചിലരെങ്കിലും വിശ്വസിക്കുന്നത്. ആര്‍സിബി വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തികും അങ്ങനെതന്നെയാണ് പറയുന്നത്. 110 മീറ്റര്‍ സിക്സായിരുന്നു അത്. പന്ത് സ്റ്റേഡിയത്തില്‍ വെളിയില്‍ പോവുകയും ചെയ്തു. ഇതോടെ മത്സരത്തിന് മറ്റൊരു പന്ത് ഉപയോഗിക്കേണ്ടി വന്നു. ഇതാണ് വഴിത്തിരിവായതെന്ന് വിശ്വസിക്കുന്നവരും കുറവല്ല.
മഴയില്‍ കുതിര്‍ന്ന ഗ്രൗണ്ടില്‍ പന്തെറിയാന്‍ ബുദ്ധിമുട്ടായിരുന്നു. ബൗളര്‍മാര്‍ പന്ത് കയ്യിലൊതുക്കാന്‍ പാടുപ്പെട്ടു. നനവ് കാരണം പന്ത് വഴുതുന്നുണ്ടായിരുന്നു. എന്നാല്‍ മറ്റൊരു പന്ത് വന്നതോടെ കാര്യങ്ങള്‍ കീഴ്മേല്‍ മറിഞ്ഞു. ദയാലിന് പന്ത് നന്നായി പിടിക്കാന്‍ സാധിച്ചു. വഴുതലുണ്ടായിരുന്നില്ല.


