
തിരുവനന്തപുരം: ബാര്‍കോഴയുമായി ബന്ധപ്പെട്ട് ശബ്ദരേഖ പുറത്തുവന്ന സംഭവത്തില്‍ വൈസ് പ്രസിഡന്റ് അനിമോനെ തള്ളി പ്രസിഡന്റ് സുനില്‍കുമാര്‍. പണപ്പിരിവിന് നിര്‍ദേശം നല്‍കിയിട്ടില്ലെന്നും സംഘടന ഒരാളില്‍ നിന്നും പണപ്പിരിവ് നടത്തിയിട്ടില്ലെന്നും പറഞ്ഞു. പണപ്പിരിവ് നടത്തിയത് കെട്ടിട നിര്മ്മാണത്തിനാണെന്നും അനിമോനെ നേരത്തേ സംഘടനയില്‍ നിന്നും സസ്പെന്റ് ചെയ്തിരുന്നതാണെന്നും സസ്പെന്റ് ചെയ്യപ്പെട്ടയാള്‍ അതിന്റെ ബുദ്ധിമുട്ടില്‍ എന്തും പറയുമെന്നും അത് സംഘടനയെ ബാധിക്കുന്ന വിഷയമല്ലെന്നും സുനില്‍ക്കുമാര്‍ പറഞ്ഞു.
ആരോപണത്തിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്നും മാധ്യമങ്ങള്‍ക്ക് നല്കിയ പ്രതികരണത്തില്‍ വ്യക്തമാക്കി. ശബ്ദരേഖയില്‍ ഉള്ളത് അനിമോന്റെ ശബ്ദമാണോ എന്നറിയില്ലെന്നും പറഞ്ഞു. നേരത്തേ സംഘടനയ്ക്ക് തിരുവനന്തപുരത്ത് ഒരു കെട്ടിടം നിര്‍മ്മിക്കാന്‍ ആലോചന ഉണ്ടായിരുന്നു. ഇപ്പോള്‍ വിവാദം ഉണ്ടാക്കുന്നത് ഇതിനെ എതിര്‍ക്കുന്നയാളുകള്‍ ആണെന്നും തങ്ങളോട് പണം ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും പറഞ്ഞു. വേറെയൊരു സംഘടന ഉണ്ടാക്കാനുള്ള ആലോചനകളും നടക്കുന്നുണ്ടെന്നും സുനില്‍കുമാര്‍ പറഞ്ഞു.
സംസ്ഥാനത്ത് വീണ്ടും ബാര്‍ കോഴയ്ക്ക് നീക്കത്തിന്റെ സൂചന നല്കി നേരത്തേ ബാര്‍ ഉടമകളുടെ സംഘടനയായ ഫെഡറേഷന് ഓഫ് കേരള ഹോട്ടല്‍ അസോസിയേഷന് വൈസ് പ്രസിഡന്റ് അനിമോന്റേത് എന്ന് കരുതുന്ന വാട്സാപ്പ് ശബ്ദ സന്ദേശം പുറത്തുവന്നിരുന്നു. ഡ്രൈ ഡേ ഒഴിവാക്കാനും ബാര്‍ സമയം കൂട്ടാനുമടക്കം ഒരോരുത്തരും രണ്ടര ലക്ഷം രൂപ വീതം നല്‍കണമെന്നും സംഘടനയുടെ സംസ്ഥാന പ്രസിഡന്റിന്റെ നിര്‍ദേശപ്രകാരമാണ് പിരിവെന്നും ഇടുക്കി ജില്ലാ പ്രസിഡന്റ് കൂടിയായ അനിമോന്റെ വാട്സ് ആപ്പ് സന്ദേശത്തില്‍ പറയുന്നു.
ഡ്രൈ ഡെ ഒഴിവാക്കല്‍, ബാറുകളുടെ സമയം കൂട്ടല്‍ അടക്കം ബാറുടമകളുടെ ആവശ്യങ്ങള്‍ പരിഗണിച്ചുള്ള പുതിയ മദ്യനയത്തിന് തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് പണം ആവശ്യപ്പെടുന്ന ശബ്ദ സന്ദേശം പുറത്ത് വരുന്നത്. പണം കൊടുക്കാതെ ആരും നമ്മളെ സഹായിക്കില്ല. രണ്ടര ലക്ഷം രൂപ വെച്ച് കൊടുക്കാന്‍ പറ്റുന്നവര്‍ നല്‍കുക. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പുതിയ മദ്യ നയം വരും. അതില്‍ ഡ്രൈ ഡേ എടുത്ത് കളയും. അങ്ങനെ പല മാറ്റങ്ങളുമുണ്ടാകും. ഇടുക്കി ജില്ലയില്‍ നിന്ന് ഒരു ഹോട്ടല്‍ മാത്രമാണ് 2.5 ലക്ഷം നല്‍കിയത്. ചിലര്‍ വ്യക്തിപരമായി പണം നല്‍കിയിട്ടുണ്ടെന്നും ഇടുക്കി ജില്ലാ പ്രസിഡണ്ട് ശബ്ദ സന്ദേശത്തിലുണ്ട്.






