
ലൈംഗികാതിക്രമ കേസുകളിലും തട്ടിക്കൊണ്ടുപോകല്‍ കേസുകളിലും പ്രതിയായ കര്‍ണാടകയിലെ ഹാസന് എംപിയും ഒളിവില്‍ കഴിയുകയും ചെയ്യുന്ന പ്രജ്വല്‍ രേവണ്ണ വ്യാഴാഴ്ച ബെംഗളൂരുവിലേക്ക് മടങ്ങുമെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ജര്‍മ്മനിയിലെ മ്യൂണിക്കില്‍ നിന്ന് ബെംഗളൂരുവിലേക്ക് ഒരു ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ള പ്രജ്വല്‍ വെള്ളിയാഴ്ച പുലര്‍ച്ചയോടെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുമ്പോള്‍ തന്നെ അറസ്റ്റ് ചെയ്തേക്കുമെന്നാണ് സൂചനകള്‍.
സസ്പെന്‍ഡ് ചെയ്യപ്പെട്ട ജെഡിഎസ് എംപി മെയ് 31ന് ബംഗളൂരുവില്‍ നടക്കുന്ന എസ്ഐടി അന്വേഷണത്തില്‍ ചോദ്യം ചെയ്യലിന് എത്തേണ്ടതുണ്ട്. ബംഗളൂരുവില്‍ ഇറങ്ങിയ ഉടന്‍ തന്നെ സംസ്ഥാന പോലീസ് അറസ്റ്റ് ചെയ്യുമെന്നും കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കാവല്‍ ശക്തമാക്കിയിട്ടുണ്ടെന്നും കര്‍ണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വര പറഞ്ഞു. തന്റെ വിദേശ യാത്ര മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്നും ഒരു മാസം മുമ്പ് രാജ്യം വിട്ടതിന് ശേഷമാണ് താന്‍ ആരോപണങ്ങളെക്കുറിച്ച് അറിഞ്ഞതെന്നും പ്രതി പുറത്തുവിട്ട വീഡിയോയില്‍ പറയുന്നു.
രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ തനിക്കെതിരെ കിംവദന്തികള്‍ പ്രചരിപ്പിച്ചെന്നും താന്‍ ഇപ്പോള്‍ ഒറ്റപ്പെട്ടുവെന്നും പ്രജ്വല്‍ പറഞ്ഞു. കരിയര്‍ അവസാനിപ്പിക്കാന്‍ നടക്കുന്ന രാഷ്ട്രീയ ഗൂഢാലോചനയെ നേരിടുമെന്നും പ്രജ്വല്‍ കൂട്ടിച്ചേര്‍ത്തു. രേവണ്ണ നിരവധി സ്ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതായി ആരോപിക്കപ്പെടുന്ന അശ്ലീല വീഡിയോകള്‍ ഏപ്രിലില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ കര്‍ണാടകയിലെ ഹാസന് മണ്ഡലത്തില്‍ വോട്ടുചെയ്യുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ്. ഡിപ്ലോമാറ്റിക് പാസ്പോര്‍ട്ട് ഉപയോഗിച്ച് അതേ മാസം തന്നെ ജര്‍മ്മനിയിലേക്ക് പോവുകയായിരുന്നു. ഇരയായ ഒരാള്‍ മുന്നോട്ട് വന്നതിന് പിന്നാലെ ഏപ്രില്‍ 28 ന് തന്നെ പ്രജ്വലിനെതിരേ എഫ്ഐആര്‍ ഫയല്‍ ചെയ്തിരുന്നു. അതിനുശേഷം മൂന്ന് ബലാത്സംഗ എഫ്ഐആറുകള്‍ കൂടി അദ്ദേഹത്തിനെതിരെ ഫയല്‍ ചെയ്തു. ബലാത്സംഗക്കേസില്‍ ഉള്‍പ്പെട്ട രേവണ്ണയെ പാര്‍ട്ടിയും സസ്പെന്റ് ചെയ്തിരിക്കുകയാണ്.






