
വിപിന്‍ ദാസ് സംവിധാനം ചെയ്ത് പൃഥ്വിരാജും ബേസിലും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ‘ഗുരുവായൂരമ്പലനടയില്‍’ മികച്ച പ്രേക്ഷകപ്രതികരണം നേടിയാണ് മുന്നേറിക്കൊണ്ടിരിക്കുന്നത്. നര്‍മ്മവും സെന്റിമെന്റ്സുമൊക്കെ നിറഞ്ഞ കംപ്ലീറ്റ് എന്റര്ടെയ്നര് ഗണത്തില്‍ പെടുന്ന 75 കോടി ക്ലബ് കടന്ന സിനിമയിലെ എല്ലാ കഥാപാത്രങ്ങളും പ്രേക്ഷകരുടെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നതാണ്. അക്കൂട്ടത്തില്‍ എടുത്തു പറയേണ്ട ഒരു കഥാപാത്രം അരവിന്ദ് ആകാശിന്റേതാണ്. കൃഷ്ണ ഭക്തയായ ബാലാമണിയായി നവ്യ നായർ എത്തിയ ന നന്ദനം എന്ന സൂപ്പര്‍ഹിറ്റ് സിനിമയില്‍ കൃഷ്ണനായി എത്തി പ്രേക്ഷകരുടെ കണ്ണും മനസ്സും ഒരുപോലെ കീഴടക്കിയ താരമാണ് ഡല്‍ഹിക്കാരനായ അരവിന്ദ്. ‘ഗുരുവായൂരമ്പലനടയില്‍’ സിനിമയിലും ക്ലൈമാക്സില്‍ അരവിന്ദ് അതിഥി വേഷത്തിലെത്തുന്നുണ്ട്.
ഇപ്പോഴിതാ തനിക്ക് കിട്ടിയ ആ ഭാഗ്യത്തിന് നന്ദിയും സന്തോഷവും സോഷ്യല്‍ മീഡിയയിലൂടെ അരവിന്ദ് കുറിക്കുകയാണ്. 22 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഗുരുവായൂരമ്പലനടയിലെത്തിയ സന്തോഷമാണ് അരവിന്ദ് കുറിക്കുന്നത്.
‘‘നന്ദനം റിലീസായിട്ട് 22 വർഷം തികയുന്നു, ഗുരുവായൂരമ്പല നടയിൽ തിരിച്ചെത്തിയത് ശരിക്കും സന്തോഷം...അവിസ്മരണീയമാണത്, അനുസ്മരണമാണത്. ഈ അവസരം ഒരുക്കിയതിന് പൃഥ്വിരാജ്, സംവിധായകന് വിപിന്‍ദാസ് എന്നിവരോട് ഞാൻ ശരിക്കും നന്ദിയുള്ളവനാണ്. ഈ സിനിമ ഒരു ബ്ലോക്ക്ബസ്റ്റർ ഹിറ്റാക്കിയതിന് മുഴുവൻ അണിയറപ്രവർത്തകർക്കും പ്രേക്ഷകർക്കും എന്റെ നന്ദി അറിയിക്കുന്നു... കഴിഞ്ഞ 22 വർഷമായി എന്നെ ഗുരുവായൂരപ്പനായി ഓർത്തതിന് പ്രേക്ഷകർക്ക് പ്രത്യേക നന്ദി രേഖപ്പെടുത്തുന്നു...’’ എന്ന് കുറിച്ചാണ് അരവിന്ദ് പൃഥ്വിരാജിനൊപ്പമുള്ള ചിത്രം പങ്കിട്ടിരിക്കുന്നത്.
22 വർഷത്തിനുശേഷം പൃഥ്വിരാജും അരവിന്ദും ഒരുമിച്ച ചിത്രം കൂടിയാണ് ഗുരുവായൂരമ്പലനടയില്‍. ചിത്രീകരണത്തിനിടെ ലൊക്കേഷനില്‍നിന്ന് പകർത്തിയ ചിത്രമാണ് അരവിന്ദ് പങ്കുവച്ചത്.
രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലൂടെയായിരുന്നു പൃഥ്വിരാജിന്റെ സിനിമാ അരങ്ങേറ്റം. നർത്തകൻ കൂടിയായ അരവിന്ദിന്റെ ആദ്യ മലയാള ചിത്രം ‘നളചരിതം നാലാം ദിവസ’മായിരുന്നു. കൂട്ട്, വജ്രം, വാണ്ടഡ്, തന്ത്ര, പ്രജാപതി, നന്മ, മമ്മി ആന്റ് മി തുടങ്ങിയ ചിത്രങ്ങളിലും താരം അഭിനയിച്ചു. വിജയ് ചിത്രം ഗോട്ടിലും താരം അഭിനയിക്കുന്നുണ്ട്. മലയാളം ചാനല്‍ ഷോകളില്‍ വിധി കർത്താവായും താരം പ്രത്യക്ഷപ്പെടാറുണ്ട്.






