
മലയാളികളെ ഇന്നും വേദനിപ്പിക്കുന്ന ഒരു വേര്‍പാടാണ് നടന് ജിഷ്ണു രാഘവന്റേത്. 2016 മാര്‍ച്ച് 24 നായിരുന്നു കാന്‍സറിനോട് പൊരുതി ജിഷ്ണു മരണത്തിന് കീഴടങ്ങിയത്. കമല്‍ സംവിധാനം ചെയ്ത നമ്മള് എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച ജിഷ്ണു പിന്നീട് നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
ഇപ്പോഴിതാ ജിഷ്ണുവിനെ കുറിച്ച് നടി ഭാവന പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ജിഷ്ണുവിനൊപ്പം നമ്മള് എന്ന സിനിമയില്‍ ഭാവനയും ഒരു പ്രധാന വേഷം അവതരിപ്പിച്ചിട്ടുണ്ട്. ഭാവനയുടെയും ആദ്യ ചിത്രമായിരുന്നു നമ്മള്.
"ജിഷ്ണു ചേട്ടൻ ഭയങ്കര ഫൺ ആയിരുന്നു. ഒരുപാട് സംസാരിക്കുകയും പഠിക്കുന്ന സമയത്തെ കുറേ കഥകളൊക്കെ പറയുകയും ചെയ്യുന്ന വളരെ ജെനുവിൻ ആയിട്ടുള്ള ഒരു മനുഷ്യനായിരുന്നു.
വളരെ ആരോഗ്യവാനായ, ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുന്ന ഒരാളായിരുന്നു. പെട്ടെന്ന്, ജിഷ്ണു ചേട്ടന്റെ ജീവിതത്തിൽ അങ്ങനെയൊരു ടേൺ വന്നപ്പോൾ നമ്മളെല്ലാവരും ഷോക്ക് ആയിപ്പോയി.
ഈ അടുത്തിടെ എനിക്ക് തോന്നുന്നു, ഒരു മൂന്ന് മാസം മുൻപ് ചരമവാർഷികം വന്നപ്പോൾ ഞാനും എന്റെ വേറെ രണ്ട് മൂന്ന് സുഹൃത്തുക്കളും കൂടി അദ്ദേഹത്തിന്റെ കാര്യം സംസാരിക്കുകയും ചെയ്തിരുന്നു. ഇപ്പോഴും അതാലോചിക്കുമ്പോൾ ഒരു സങ്കടമാണ്". - ഫ്രെയിമെക്സ് സ്റ്റുഡിയോസിന് നൽകിയ അഭിമുഖത്തിൽ ഭാവന പറഞ്ഞു.






