
താരവിസ്മയം മോഹന്‍ലാലിന്റെ മകനും അഭിനേതാവുമായ പ്രണവ് മോഹന്‍ലാലിന്റെ ജന്മദിനം ആരാധകരെ സംബന്ധിച്ച് ഒരു ഉത്സവത്തിന് തുല്യമാണ്. അച്ഛന്റെ പാത പിന്തുടര്‍ന്ന് സിനിമയിലെത്തിയെങ്കിലും ഒരു താരപുത്രന്റേതായ യാതൊരു ജാഡയും പ്രണവിന് ഒരിക്കലുമുണ്ടായിട്ടില്ല. അച്ഛന്റെ സ്റ്റാര്‍ഡത്തിലേക്ക് വരാതെ, യാത്രകളെ പ്രണയിച്ച് എഴുത്തും വായനയുമൊക്കെയായി ജീവിക്കാനായിരുന്നു എന്നും പ്രണവിന് ഇഷ്ടം.
ആരാധകരുടെ പ്രിയപ്പെട്ട ‘സ്റ്റാർ സിബ്ലിങ്‌സാ’ണ് പ്രണവും സഹോദരി വിസ്മയയും. ഇരുവരുടെയും വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ എപ്പോഴും വലിയ തരംഗമാകാറുണ്ട്. വിസ്മയയുടെ പ്രിയപ്പെട്ട ചേട്ടന്‍ കൂടിയായ പ്രണവിന്റെ ജന്മദിനം കൂടിയാണിന്ന്. 36-ാം പിറന്നാളാഘോഷിക്കുന്ന പ്രണവിന് ആശംസകളുമായി കുടുംബവും ആരാധകരും സഹതാരങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ എത്തുന്നുണ്ട്. തങ്ങളുടെ പ്രിയപ്പെട്ട അപ്പുവിന് ഹൃദയത്തില്‍ ചാലിച്ച ആശംസകളായി പലരും കുറിക്കുന്നത്.
ഇപ്പോഴിതാ അക്കൂട്ടത്തില്‍ ഏറ്റവും സ്പെഷ്യലായി മാറുന്നത് വിസ്മയയുടെ ജന്മദിനാശംസയാണ്. എന്നും പ്രണവിനെ ബ്രോസ്കി എന്നാണ് വിസ്മയ വിളിക്കാറുള്ളത്. ഇത്തവണയും പ്രണവിനുള്ള വിസ്മയയുടെ ആശംസയും ബ്രോസ്കി വിളിക്കൊപ്പമാണ്. ‘‘ഹാപ്പി ഹാപ്പി ബര്‍ത്ത്ഡേ ബ്രോസ്കിയോ...’’ എന്നാണ് പ്രണവിനൊപ്പമുള്ള പുതിയ ചിത്രങ്ങളും ത്രോബാക്ക് ചിത്രങ്ങളുമടക്കം പങ്കിട്ട് വിസ്മയ മോഹന്‍ലാല്‍ കുറിച്ചിരിക്കുന്നത്.
സഹോദരനൊപ്പം റോഡ് ട്രിപ്പിലുള്ള ചിത്രം ഉൾപ്പെടെ വിസ്മയ പങ്കുവെച്ചു. കാറിന്റെ ഡിക്കിയിൽ പ്രണവ് വളർത്തുനായക്കൊപ്പം ഇരിക്കുന്നതും കുട്ടിക്കാലത്തെ ഇരുവരുടെയും ചിത്രവും വിസ്മയയുടെ പോസ്റ്റിലുണ്ട്. വളർത്തുനായയ്‌ക്കൊപ്പം ഇരുവരും കടൽത്തീരത്ത് ഇരിക്കുന്നതാണ് മറ്റൊരു ചിത്രം.
യാത്രകള്‍ക്കായി തനിക്ക് വേണ്ടുന്ന പണം കണ്ടെത്തുന്നതിനായിട്ടാണ് ജീത്തു ജോസഫിന്റെ അസിസ്റ്റന്റ് ഡയറക്ടറായി പ്രണവ് സിനിമയിലേക്ക് എത്തിയത്. പാപനാശം, ലൈഫ് ഓഫ് ജോസൂട്ടി എന്നീ ചിത്രങ്ങളില്‍ അസിസ്റ്റന്റ് ഡയരക്ടറായി പ്രണവ് പ്രവൃത്തിച്ചു. ജീത്തു ജോസഫിന്റെയും മോഹന്‍ലാലിന്റെയും നിര്‍ബന്ധത്തെ തുടര്‍ന്നാണ് ആദി എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തേക്ക് വന്നത്. ഇരുപത്തിയൊന്നാം നൂറ്റാണ്ട്, ഹൃദയം, വർഷങ്ങൾക്കുശേഷം എന്നിവയടക്കം കഴിഞ്ഞ ഏഴു വർഷത്തിനിടെ പ്രണവ് നായകനായി എത്തിയത് അഞ്ചു ചിത്രങ്ങളില്‍ മാത്രമാണ്. മരക്കാർ അറബിക്കടലിന്റെ സിംഹം, ബറോസ്, എമ്പുരാൻ തുടങ്ങിയ ചിത്രങ്ങളില്‍ അതിഥിവേഷത്തിലാണ് പ്രണവ് എത്തിയത്. ‘ഡീയസ് ഈറെ’ ആണ് ഒടുവിൽ തിയേറ്ററുകളിലെത്തിയ പ്രണവ് ചിത്രം.
സിനിമയേക്കാളും ക്യാമറക്കണ്ണുകളേക്കാളും യാത്രകളെയും പ്രകൃതിയെയും സാഹസങ്ങളെയും പ്രണയിക്കുന്ന പ്രണവിന് ‘റിയൽ ലൈഫ് ചാർളി’ എന്നാണ് ആരാധകര്‍ നല്‍കിയിരിക്കുന്ന വിളിപ്പേര്. ഒരു സിനിമ കഴിഞ്ഞാൽ വർഷത്തിൽ ഭൂരിഭാഗം സമയവും ഹിമാലയൻ താഴ്‌വരകളിലോ യൂറോപ്പിലെ മലനിരകളിലോ ബാഗും തൂക്കി അലഞ്ഞുതിരിയാനാണ് പ്രണവിന് കൂടുതൽ ഇഷ്ടം. യാത്രകൾക്കിടയിൽ താരം പങ്കുവെക്കാറുള്ള അതിസാഹസികമായ റോക്ക് ക്ലൈംബിങ് വീഡിയോകളും പാർക്കർ അഭ്യാസങ്ങളുമെല്ലാം നിമിഷനേരം കൊണ്ട് വൈറലാകാറുണ്ട്. ഇടയ്ക്ക് എപ്പോഴെങ്കിലും വന്ന് ഒരു സിനിമ ചെയ്ത്, അത് വൻ വിജയമാക്കി മാറ്റി വീണ്ടും തന്റെ ലോകത്തേക്ക് മടങ്ങുന്നതാണ് പ്രണവിന്റെ ശൈലി.
അച്ഛന്റെയും ചേട്ടന്റെയും പാത പിന്തുടർന്ന് വിസ്മയയും വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ്. പ്രശസ്ത സംവിധായകൻ ജൂഡ് ആന്റണി ജോസഫ് ഒരുക്കുന്ന ‘തുടക്കം’ എന്ന ചിത്രത്തിലൂടെയാണ് വിസ്മയയുടെ സിനിമാ അരങ്ങേറ്റം. ഇക്കഴിഞ്ഞ ദിവസം സിനിമയിലെ ഒരു ഗാനം റിലീസ് ചെയ്തിരുന്നു. അതിലെ വിസ്മയയുടെ പ്രകടനം ആരാധകര്‍ ആവേശപൂര്‍വ്വം ഏറ്റെടുത്തിരുന്നു.






