
അവതാരകയായെത്തി സിനിമയില്‍ നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് ജുവല്‍ മേരി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ എല്ലാ വിശേഷങ്ങളും ആരാധകര്‍ക്കായ് പങ്കുവെക്കാറുണ്ട്.
ഇപ്പോഴിതാ തന്റെ 36-ാം ജന്മദിനത്തില്‍ ജുവല്‍ മേരി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. കേരള സാരിയില്‍ അതീവ സുന്ദരിയായ ഒരു ഫോട്ടോയ്‌ക്കൊപ്പമാണ് ജുവലിന്റെ പോസ്റ്റ്. '' ഓരോ പിറന്നാളും അത് വരെ നടന്ന വഴികളിലെ ഓര്‍മകളിലെല്ലാം വസന്തം മാത്രമാണ് ! ഞാന്‍ കൊണ്ട മഴകളിലും .. കുത്തി ഒലിച്ചു പോയ വേദനകളിലും ഒരു കുടക്കീഴില്‍ എന്റെ കൈകുമ്പിളില്‍ ഒരു കുടന്ന പൂവും ഇത്തിരി വെളിച്ചവും ഒരു പിടി മഞ്ചാടിയും ഒരു കുഞ്ഞു ജൂവലിന്റെ ചിരിയും ഞാന്‍ സൂക്ഷിച്ചു ! ഇനിയും ചിരിയോടെ തെളിച്ചത്തോടെ .. ജീവിക്കാന്‍ ഉള്ള ആര്‍ത്തിയോടെ ഒരു സ്വപ്നകാരി ! ഒരു പ്രേമകാരി ! ഒരു കഥാകാരി ! സ്വര്‍ണ്ണ വെളിച്ചത്തില്‍ പെണ്ണൊരുത്തി! Happy birthday to me ! What a woman ! What a life '',- ജുവല്‍ മേരി കുറിച്ചു. പോസ്റ്റിനു താഴെ നിരവധിപ്പേര്‍ ജുവലിന് ജന്മദിനാശംസകള്‍ നേര്‍ന്ന് കമന്റുകളുമായി എത്തി.
2015 -ല്‍ മമ്മൂട്ടിയുടെ നായികയായി 'പത്തേമാരി'യിലൂടെയാണ് താരം സിനിമയിലെത്തുന്നത്. ഉട്ടോപ്യയിലെ രാജാവ്, ഞാന്‍ മേരിക്കുട്ടി, പത്തേമാരി, ഒരേ മുഖം, ഗെറ്റ് സെറ്റ് ബേബി തുടങ്ങി നിരവധി സിനിമകളിലഭിനയിച്ചു. നിരവധി ചാനലുകളിലും സ്റ്റേജ് ഷോകളിലും അവതാരകയായി മിനിസ്‌ക്രീനിലും സജീവമാണ് താരം.






