
കൊച്ചി: നെടുമ്പാശേരി അവയവക്കടത്ത് കേസിലെ മുഖ്യകണ്ണിയായ കൊച്ചി സ്വദേശി മധുവിനെ പിടികൂടാന്‍ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പോലീസ് പ്രത്യേക അന്വേഷണസംഘത്തിന്റെ ആവശ്യപ്രകാരം ബ്യൂറോ ഓഫ് ഇമിഗ്രേഷനാണു ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. അന്വേഷണ ഉദ്യോഗസ്ഥന് കഴിഞ്ഞദിവസം ഇതിനായി കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. മധുവിന്റെ കൂട്ടാളിയായ ഹൈദരാബാദ് സ്വദേശിയേയും പിടികൂടാന്‍ ഊര്‍ജിത നീക്കമാണു പോലീസ് നടത്തുന്നത്.
ഇറാനിലുള്ള മധുവിനെ നാട്ടില്‍ തിരിച്ചെത്തിച്ച് അറസ്റ്റ് ചെയ്യാനാണു ശ്രമം. പാസ്പോര്‍ട്ട് റദ്ദാക്കിയോ ബ്ലൂ കോര്‍ണര്‍ നോട്ടീസ് ഇറക്കിയോ ഇയാളെ പിടികൂടാനാണു നീക്കം. ഇതിന്റെ ആദ്യനടപടിയെന്ന നിലയിലാണു ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്. ഇറാന് കേന്ദ്രീകരിച്ച് നടന്ന അവയവക്കടത്തു കേസില്‍ മുഖ്യകണ്ണിയാണു മധുവെന്നാണു പോലീസ് പറയുന്നത്. പത്തു വര്‍ഷമായി ഇയാള്‍ ഇറാനിലാണെന്നു പറയുന്നു.
പാസ്പോര്‍ട്ട് റദ്ദാക്കണമെങ്കില്‍ കോടതിയുടെ വാറന്റ് വേണം. സാധാരണഗതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച ശേഷമാകും കോടതി വാറന്റ് അനുവദിക്കുക. എന്നാല്‍, ചുരുക്കം സന്ദര്‍ഭങ്ങളില്‍ കുറ്റപത്രം നല്‍കുന്നതിനുമുമ്പും വാറന്റ് പുറപ്പെടുവിക്കാറുണ്ട്. ഇന്റര്‍പോളിന്റെ സഹായത്തോടെ ബ്ലൂകോര്‍ണര്‍ നോട്ടീസ് ഇറക്കാനുള്ള നടപടികളും സ്വീകരിക്കും. ഇതിനുള്ള പ്രാഥമിക നടപടികളും ആരംഭിച്ചു.
ഇറാനിലുള്ള മധുവിനെ കണ്ടെത്താനും അയാള്‍ മറ്റു രാജ്യങ്ങളിലേക്കു കടക്കാതെ കരുതല്‍ തടങ്കലില്‍ വയ്ക്കാനുമാണു ലുക്കൗട്ട് നോട്ടീസ്. ഇന്റര്‍പോളിന്റെ ഇറാനിലെ ഏജന്‍സിക്കു സി.ബി.ഐ. വഴിയാണു റിക്വസ്റ്റ് നല്‍കുക. അതേസമയം, കേസിലെ കണ്ണിയായ ഹൈദരാബാദ് സ്വദേശിക്കായുള്ള അന്വേഷണവും പുരോഗമിക്കുന്നുണ്ട്. ഹൈദരാബാദ് പോലീസിന്റെ സഹകരണത്തോടെ ഇയാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
അവയവക്കടത്ത് കേസില്‍ ആദ്യം അറസ്റ്റിലായ സാബിത്ത് നാസറും പിന്നീടു പിടിയിലായ സജിത്ത് ശ്യാമും കേസിലെ മുഖ്യകണ്ണിയായ മധുവിനെക്കുറിച്ചു മൊഴി നല്‍കിയിരുന്നു. മധുവിന്റെ നിര്‍ദേശപ്രകാരമാണു ഹൈദരാബാദ് കേന്ദ്രീകരിച്ചുള്ള സംഘം അവയവദാതാക്കളെ ഇറാനിലെത്തിച്ചിരുന്നത്. ഹൈദരാബാദ് സ്വദേശിയാണു സംഘത്തിലെ പ്രധാനി. ഈ സാഹചര്യത്തിലാണ് ഇവരെ പിടികൂടാനുള്ള ശ്രമം ഊര്‍ജിതമാക്കിയത്.
കോയമ്പത്തൂര്‍, ചെന്നൈ എന്നിവിടങ്ങളിലുള്ളവര്‍ അവയവ റാക്കറ്റിന്റെ ചതിയില്‍പ്പെട്ടിട്ടുണ്ട്. ഇവരെ കണ്ടെത്തി തട്ടിപ്പു ബോധ്യപ്പെടുത്തും. കേസില്‍ പരാതിക്കാരില്ലാത്തതിനാല്‍ മൊഴിയില്‍ പറയുന്ന എല്ലാ ദാതാക്കളേയും കണ്ടെത്താനാണു ശ്രമം. പരാതിയുണ്ടെങ്കില്‍ കേസെടുക്കും. സാമ്പത്തിക ഇടപാടുകളില്നിന്നാണ് ഇവരെക്കുറിച്ചു വിവരം ലഭിച്ചത്.
മധുവിന്റെ കൊച്ചിയിലെ വീട്ടില്‍ അന്വേഷണസംഘം പരിശോധന നടത്തിയിരുന്നു. പിടിയിലായ ഇരുവരുടെയും അക്കൗണ്ടിലേക്ക് മധു പണം അയച്ചതായി കണ്ടെത്തിയിട്ടുണ്ട്. അവയവക്കടത്തിന്റെ സാമ്പത്തിക ഇടപാടുകള്‍ക്കു പിടിയിലായ സജിത്ത് ശ്യാമിന്റെ മേല്‍നോട്ടത്തില്‍ കൊച്ചിയില്‍ സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നതായും കണ്ടെത്തി. സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് അവയവക്കച്ചവടവുമായി ബന്ധപ്പെട്ടുള്ള പണം വന്നിരുന്നതായും അന്വേഷണസംഘത്തിനു വിവരം ലഭിച്ചു. സ്ഥാപനത്തിലും പോലീസ് പരിശോധന നടത്തി. എന്നാല്‍, രേഖകളൊന്നും ലഭിച്ചില്ല.






