
ശക്തമായ മഴ പലപ്പോഴും കനത്ത നാശനഷ്ടങ്ങള്‍ വിതയ്ക്കാറുണ്ട്. വടക്കന്‍ ഇറ്റലിയില്‍ ഇപ്പോള്‍ സമാനമായ സാഹചര്യത്തിലൂടെ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. പലയിടത്തും വെള്ളം കയറിയ നിലയിലാണ്. ഇതിനിടെ മലവെള്ളപ്പാച്ചിലില്‍ അകപ്പെട്ട മൂന്നുപേര്‍ രക്ഷപ്പെടാന്‍ നടത്തുന്ന ശ്രമങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നൊമ്പരകാഴ്ചയായി മാറി. ഫ്രിയൂലി മേഖലയിലെ നാറ്റിസോണ് നദി മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെ നീരൊഴുക്ക് വര്‍ധിക്കുകയും പട്രീസിയ കോര്‍മോസ് (20), ബിയാന്‍ക ഡോറോസ് (23), ക്രിസ്റ്റ്യന്‍ മോള്‍നാര്‍ (25) എന്നിവര്‍ അകപ്പെടുകയുമായിരുന്നു.
കുത്തിയൊലിച്ച് വെള്ളം ഒഴുകന്ന നദിയിലേക്ക് ഇറങ്ങുന്നതിന് മുന്‍പ് സംഘം രക്ഷാപ്രവര്‍ത്തകരെ വിവരം അറിയിച്ചിരുന്നു. അവര്‍ എത്തുമ്പോള്‍ കാണുന്ന കാഴ്ച മൂവരും കെട്ടിപ്പിടിച്ച് നദിക്കരയില്‍ നിന്നും ഏതാനും മീറ്ററുകള്‍ മാറി നില്‍ക്കുന്നതാണ്. ഹെലികോപ്ടറിലെത്തിയ സേന കയര്‍ എറിഞ്ഞു രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ശക്തമായ ജലപ്രവാഹത്തില്‍ മൂവരും ഒലിച്ചുപോയി. പിന്നീട് നടത്തിയ തിരച്ചിലില്‍ ഒരു കിലോമീറ്റര്‍ അകലെയായി കോര്‍മോസിന്റെയും ഡോറോസിന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു.
എന്നാല്‍ ശക്തമായ തിരച്ചില്‍ നടത്തിയിട്ടും മോള്നാറിന്റെ വിവരമൊന്നും ലഭിച്ചിട്ടില്ല. മോള്‍നാറിനെ കണ്ടെത്തുംവരെ രക്ഷാപ്രവര്‍ത്തനം തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തകര്‍ അവസാനമായി പകര്‍ത്തിയ ഇവരുടെ വിഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. വീഡിയോ കണ്ട് ഭൂരിഭാഗം ആളുകളും തങ്ങളുടെ വേദന പങ്കുവച്ചു.
ثلاثة أصدقاء في العشرينات من العمر يحضنون بعضهم البعض قبل أن يجرفهم السيل في شمال #إيطاليا.#طقس_العالم 🚨
Three friends in their 20s embrace before being swept away in the flash floods in northern Italy. 🇮🇹
pic.twitter.com/YmWMHoF7F2— طقس_العالم ⚡️ (@Arab_Storms) June 4, 2024






