
തിരുവനന്തപുരം ∙ ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് ഒന്നിച്ച് പരോൾ നൽകുന്നത് ഗൗരവമുള്ളതാണെന്നു ടിപിയുടെ ഭാര്യയും വടകര എംഎൽഎയുമായ കെ.കെ.രമ പറഞ്ഞു.കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന കിർമാണി മനോജ്, ഷാഫി ഉൾപ്പെടെയുളളവർക്കാണ് പരോൾ. ഒന്നിച്ച് പരോൾ കൊടുത്തതിൽ അസ്വാഭാവികതയെന്ന് കെ കെ രമ എംഎൽഎ ആരോപിച്ചു. ചട്ടവിരുദ്ധമായി ഒന്നുമില്ലെന്നാണ് ജയിൽ വകുപ്പ് വിശദീകരണം.
ജയിലിൽ കിടക്കുന്ന പ്രതികൾക്കു നിയമപരമായി പരോൾ ഉണ്ട്. ഒരു വർഷം 75 ദിവസം വരെയാണു സാധാരണ പരോൾ. ടിപി കേസിലെ പ്രതികൾക്ക് കൂടുതൽ പരോളാണ് ലഭിക്കുന്നതെന്നു കെ.കെ.രമ മാധ്യമങ്ങളോട് പറഞ്ഞു. ടി പി കേസിൽ ശിക്ഷിക്കപ്പെട്ട് കണ്ണൂർ ജയിലിൽ കഴിയുന്ന പതിനൊന്ന് പേരിൽ അഞ്ച് കുറ്റവാളികൾക്കാണ് പരോൾ. രണ്ടാം പ്രതി കിർമാണി മനോജ്, നാലാം പ്രതി രജീഷ്, അഞ്ചാം പ്രതി മുഹമ്മദ് ഷാഫി, ആറാം പ്രതി സിജിത്ത്, ഏഴാം പ്രതി സിനോജ് എന്നിവർ വെളളിയാഴ്ച പുറത്തിറങ്ങി. ജയിൽ ഉപദേശക സമിതി ഇവരുടെ അപേക്ഷ മാർച്ചിൽ അംഗീകരിച്ചിരുന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിൻവലിച്ചതോടെയാണ് പരോളിൽ ഇറങ്ങിയത്. കൊടി സുനി, എം സി അനൂപ് തുടങ്ങിയവർക്ക് പരോളില്ല.
ടിപി കേസ് പ്രതികൾ എപ്പോഴും ജയിലിനു പുറത്താണ്. 10 പ്രതികളെ ഒന്നിച്ച് പുറത്തുവിടാൻ എന്താണ് കാരണമെന്നു രമ ചോദിച്ചു. ഒന്നിച്ച് പരോൾ നൽകുന്നത് ഗൗരവം കൂട്ടുന്നുണ്ട്. അത് പരിശോധിക്കപ്പെടണം. മറ്റ് കാര്യങ്ങൾ മനസ്സിലാക്കാൻ ഉദ്യോഗസ്ഥരുമായി സംസാരിക്കും. ടിപി കേസിലെ പ്രതികൾക്കു നൽകിയ പരോൾ സംബന്ധിച്ചു കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ ചോദ്യം ഉന്നയിച്ചിരുന്നെങ്കിലും മറുപടി ലഭിച്ചിട്ടില്ല. ഈ സഭാസമ്മേളനത്തിൽ അവകാശലംഘനത്തിന് നോട്ടിസ് നൽകുമെന്നും രമ പറഞ്ഞു.






