
ഭുവനേശ്വർ: ഒഡീഷയിൽ ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിലെ ബിജെഡിയുടെ കനത്ത തോൽവിക്ക് പിന്നാലെ സജീവ രാഷ്ട്രീയം ഉപേക്ഷിച്ച് മുൻ മുഖ്യമന്ത്രി നവീൻ പട്നായിക്കിന്റെ വിശ്വസ്തനും ബിജെഡി നേതാവുമായ വി കെ പാണ്ഡ്യൻ. സംസ്ഥാനത്തെ പരാജയത്തിന് പിന്നാലെ പാണ്ഡ്യൻ തന്റെ പിൻഗാമിയല്ലെന്ന് നവീൻ പട്നായിക് പ്രസ്താവിച്ചിരുന്നു. പാണ്ഡ്യൻ തന്റെ പിൻഗാമിയല്ലെന്നും ഇക്കാര്യത്തിൽ ജനങ്ങളാണ് തീരുമാനമെടുക്കുകയെന്നുമാണ് പട്നായിക് പ്രസ്താവിച്ചത്.
''എന്റെ ഗുരുവാണ് നവീന്‍ പട്നായിക്ക്. ഇത്രയുംകാലം പ്രവര്‍ത്തിച്ചത് ഒഡിഷയിലെ ജനങ്ങളുടെ നന്മയ്ക്ക് വേണ്ടിയാണ്. എന്റെ ഏകലക്ഷ്യം നവീന്‍ പട്നായിക്കിനെ സഹായിക്കുക എന്നത് മാത്രമായിരുന്നു. ഏതൊരാളും ആഗ്രഹിക്കുന്നതുപോലെ, എന്റെ ഗുരുവിനെ സഹായിക്കു എന്നതായിരുന്നു ആഗ്രഹം. എന്നാല്‍, മറ്റു ചിലര്‍ എനിക്കെതിരെ തെറ്റായ ആരോപണങ്ങള്‍ അഴിച്ചുവിട്ടു. എനിക്കെതിരെ ഉയര്‍ന്ന രാഷ്ട്രീയ ആരോപണങ്ങളെ ചെറുക്കാന്‍ സാധിച്ചില്ല. ഒരു പ്രത്യേക പദവിക്ക് വേണ്ടി ആഗ്രഹിച്ചിട്ടില്ല. അതുകൊണ്ടാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാത്തത്. എനിക്ക് പാരമ്പര്യമായി കിട്ടിയ സ്വത്ത് മാത്രമാണുള്ളത്. സ്വന്തമായി ഒന്നും സമ്പാദിച്ചിട്ടില്ല. ഞാന്‍മൂലം പാര്‍ട്ടിക്കും പ്രവര്തത്തകര്ക്കുമുണ്ടായ വിഷമത്തില്‍ മാപ്പ് ചോദിക്കുന്നു'', വികെ പാണ്ഡ്യന് പുറത്തുവിട്ട വീഡിയോ സന്ദേശത്തില്‍ പറയന്നു.
2000 ബാച്ചിലെ ഐഎഎസ് ഓഫീസറായ പാണ്ഡ്യൻ 20 വർഷത്തോളം നവീൻ പട്നായിക്കിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. 2023 ലാണ് പാണ്ഡ്യൻ സിവിൽ സർവ്വീസിൽ നിന്ന് രാജിവെച്ച് ബിജെഡിയിൽ ചേർന്നത്. ബിജെഡിയിലെ പാണ്ഡ്യന്റെ അപ്രമാധിത്യം പാർട്ടിക്കുള്ളിൽ തന്നെ മുറുമുറുപ്പുകൾ സൃഷ്ടിച്ചിരുന്നു. ഇതിന് പുറമെ ബിജെഡിക്കെതിരായി ബിജെപി ഉപയോഗിച്ച പ്രധാന ആയുധങ്ങളിലൊന്നായിരുന്നു നവീൻ പട്നായിക്കിന് മേൽ പാണ്ഡ്യനുള്ള സ്വാധീനം.
വി കെ പാണ്ഡ്യനെ ലക്ഷ്യംവെച്ചുള്ള പ്രചാരണമാണ് ബിജെപി നടത്തിയത്. ഒഡീഷക്കാരനല്ലാത്ത പാണ്ഡ്യനാണ് ഒഡീഷയിലെ കാര്യങ്ങൾ തീരുമാനിക്കുന്നതെന്ന് ആരോപിച്ച മോദി, ഇത് ഉപയോഗിച്ച് പ്രാദേശിക വികാരം ഇളക്കി വിടുന്നതിൽ വിജയിച്ചിരുന്നു. തമിഴ്നാട്ടുകാരനായ വി കെ പാണ്ഡ്യൻ ഒഡീഷയിലെ വിഭവങ്ങളെ കൊള്ളയടിക്കുന്നുവെന്നാണ് പ്രചാരണത്തിലുടനീളം ബിജെപി ആരോപിച്ചത്.പാണ്ഡ്യന് നവീന്‍ പട്നായിക്കിനെ വീട്ടുതടങ്കലിലാക്കിയെന്നും ബിജെപി ആരോപിച്ചിരുന്നു. പ്രചാരണം കടുത്തതോടെ, വികെ പാണ്ഡ്യനെ രാഷ്ട്രീയ പിന്‍ഗാമിയായി പ്രഖ്യാപിച്ചിട്ടില്ലെന്ന് പറഞ്ഞ് നവീന്‍ രംഗത്തെത്തിയിരുന്നു.
147 അംഗ നിയമസഭയില്‍ 51 സീറ്റിൽ മാത്രമാണ് ബിജെഡിക്ക് വിജയിക്കാനായത്. 2019 ലെ 112 സീറ്റിൽ നിന്നാണ് പകുതിക്കും താഴെയുള്ള അംഗസംഖ്യയിലേയ്ക്ക് ബിജെഡി വീണത്. കഴിഞ്ഞ 24 വർഷത്തെ, തുടർച്ചയായ ബിജെഡി ജൈത്രയാത്രയാണ് ഇതോടെ അവസാനിച്ചത്. തുടർച്ചയായി ആറാം തവണയും മുഖ്യമന്ത്രി സ്ഥാനത്തെത്താമെന്ന വലിയ റെക്കോർഡ് നേട്ടം ഇതോടെ പട്നായിക്കിന് നഷ്ടമായി. 23 സീറ്റുണ്ടായിരുന്നിടത്തുനിന്ന് 78 എന്ന വലിയ സംഖ്യയിലേക്ക് ബിജെപി ഉയരുകയും ചെയ്തു. കേവല ഭൂരിപക്ഷത്തിനാവശ്യമായ 74 സീറ്റിലധികം നേടി ഒഡീഷയിലും ഡബിൾ എഞ്ചിൻ സർക്കാർ രൂപീകരിക്കാൻ ബിജെപിക്ക് സാധിച്ചു കോണ്‍ഗ്രസിന് പതിനാലും സിപിഎമ്മിന് ഒരു സീറ്റും ലഭിച്ചു. ലോക്സഭ തിരഞ്ഞെടുപ്പില്‍ ബിജെഡി സംപൂജ്യരായി. 20 സീറ്റ് ബിജെപിയും ഒരു സീറ്റ് കോണ്‍ഗ്രസും നേടി.






