
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭയിലെ രണ്ടാമത്തെ മലയാളി സാന്നിദ്ധ്യം ജോര്‍ജ്ജ് കുര്യനും സഹമന്ത്രിയായി ചുമതലയേറ്റു. 11.30 യോടെ ഫിഷറീസ് മന്ത്രാലയത്തിന്റെ ഓഫീസില്‍ എത്തിയ അദ്ദേഹത്തെ വകുപ്പ് മേധാവികള്‍ ചേര്‍ന്ന് സ്വീകരിച്ചു. ന്യൂനപക്ഷ ക്ഷേമം, ഫിഷറീസ്, ക്ഷീരം മൃഗസംരക്ഷണ വകുപ്പുകളാണ് ജോര്‍ജ്ജ്കുര്യന്‍ നല്‍കിയിരിക്കുന്നത്. മറ്റു മന്ത്രാലയങ്ങളിലെത്തി പിന്നീട് ചുമതലയേല്‍ക്കും.
ഇതോടെ കേരളത്തിലെ രണ്ടു സഹമന്ത്രിമാരും ചുമതലയേറ്റെടുത്തു. നേരത്തേ സുരേഷ്ഗോപി ഓഫീല് എത്തി ചുമതലയേറ്റെടുത്തിരുന്നു. കേരളത്തെ സംബന്ധിച്ചിടത്തോളം വലിയ പ്രധാന്യമുള്ള വകുപ്പാണ് ന്യൂനപക്ഷ ക്ഷേമവും ഫിഷറീസും. ഘടകകക്ഷികള്‍ക്കു വഴങ്ങാതെയും അഭ്യൂഹങ്ങള്‍ അസ്ഥാനത്താക്കിയും സുപ്രധാന വകുപ്പുകളില്‍ മന്ത്രിമാരെ മാറ്റാതെയുമാണ് മൂന്നാം നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയത്. കഴിഞ്ഞ സര്‍ക്കാരില്‍ കൈകാര്യംചെയ്ത ആഭ്യന്തര, സഹകരണ വകുപ്പുകള്‍ അമിത്ഷാ നിലനിര്‍ത്തി.
പ്രധാനമന്ത്രിക്കു പിന്നാലെ രണ്ടാമനായി സത്യപ്രതിജ്ഞ ചെയ്ത രാജ്നാഥ് സിങ്ങാണു പുതിയ എന്‍.ഡി.എ. സര്‍ക്കാരിലും പ്രതിരോധമന്ത്രി. നിര്‍മലാ സീതാരാമന് ധനമന്ത്രിയായും എസ്. ജയ്ശങ്കര് വിദേശകാര്യമന്ത്രിയായും നിതിന്‍ ഗഡ്കരി ഉപരിതലഗതാഗതമന്ത്രിയായും തുടരും. ബി.ജെ.പി. ദേശീയ അധ്യക്ഷ സ്ഥാനത്തുനിന്നു കേന്ദ്രമന്ത്രിസഭയിലേക്കു കൂടുമാറിയ ജെ.പി. നദ്ദയ്ക്ക് ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ചുമതലയാണ്.
രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരില്‍ ആരോഗ്യവകുപ്പ് കൈകാര്യം ചെയ്ത മന്‍സൂഖ് മാണ്ഡവ്യ തൊഴില്‍, യുവജനകാര്യം, കായിക വകുപ്പ് മന്ത്രിയാകും. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി. നേതാവുമായ ശിവ്രാജ് സിങ് ചൗഹാനു കൃഷി, ഗ്രാമവികസന വകുപ്പുകള്‍ ലഭിച്ചപ്പോള്‍ ഹരിയാന മുന്‍ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറാണ് പുതിയ വിദ്യുച്ഛക്തി മന്ത്രി.






