
മ്യൂണിക്ക്: യൂറോപ്പിലെ രാജാക്കന്മാരെ കണ്ടെത്താനുള്ള പോരാട്ടത്തില്‍ ആതിഥേയരായ ജര്‍മ്മനി സ്കോട്ലന്റിനെ ഒന്നിനെതിരേ അഞ്ചു ഗോളുകള്‍ക്ക് മുക്കി. പത്തുപേരുമായി മത്സരം പൂര്‍ത്തിയാക്കേണ്ടി വന്ന സ്കോട്ലന്റിന് മേല്‍ ജര്‍മ്മനി അഴിഞ്ഞാടുകയായിരുന്നു. ആദ്യപകുതിയില്‍ തന്നെ മൂന്ന് ഗോളുകള്‍ക്ക് മുന്നിലെത്തിയ ജര്‍മ്മനി രണ്ടാം പകുതിയില്‍ രണ്ടുഗോളുകള്‍ നേടി. ജര്‍മ്മനി വഴങ്ങിയ ഏകഗോള്‍ സ്വന്തം പ്രതിരോധക്കാരന് റൂഡിഗറിന്റെ വകയായിരുന്നു.
കളി തുടങ്ങി പത്താം മിനിറ്റില്‍ തന്നെ വിര്‍ട്സിലൂടെ ജര്‍മ്മന്‍പട ആദ്യഗോള്‍ നേടി. പിന്നാലെ ഒമ്പത് മിനിറ്റ് കഴിഞ്ഞപ്പോള്‍ തന്നെ മുസിയാല ലീഡ് ഉയര്‍ത്തി. നാല്‍പ്പത്തഞ്ചാം മിനിറ്റില്‍ സ്കോട്ട്ലന്റിന്റെ പോര്‍ട്ടിയസ് ചുവപ്പ് കാര്‍ഡ് കണ്ട് മടങ്ങിയപ്പോള്‍ കിട്ടിയ പെനാല്‍റ്റി ഹാവെര്‍ട്സ് മൂന്നാം ഗോളാക്കി. സ്കോട്ലന്റിനെ പന്ത് കൈവശം വെയ്ക്കാനോ ചലിക്കാനോ പോലും അനുവദിക്കാതെ ചാര്‍ജ്ജ് ചെയ്തുള്ള കളിയായിരുന്നു ജര്‍മ്മനിയുടെ പുതിയ നിര നടത്തിയത്. വേഗത്തില്‍ പാസുകള്‍ കൈമാറിയൂം ഫിസിക്ക് ഗെയിമിലൂടെ പന്തു തട്ടിപ്പറിച്ചും സ്കോട്ലന്റിന് അവര്‍ കളത്തില്‍ ഇട അനുവദിക്കാതെയുള്ള മിന്നല്‍ നീക്കങ്ങളായിരുന്നു മുഴുവനും.
രണ്ടാംപകുതിയില്‍ പത്തുപേരായി ചുരുങ്ങിയതോടെ സ്കോട്ട്ലന്റിന് മുന്നില്‍ ജര്‍മ്മനി സര്‍വസന്നാഹവുമായി ആക്രമണം നടത്തി. 68 ാം മിനിറ്റില്‍ ഫലം കാണുകയും ചെയ്തു. ഫുള്ക്രഗായിരുന്നു സ്കോറര്‍. പിന്നാലെ ഇഞ്ചുറി ടൈമില്‍ കാനും ഗോള്‍ നേടിയതോടെ സ്കോട്ലന്റ് പൂര്‍ണ്ണമായും തകര്‍ന്നു. യൂറോയില്‍ ഈ വിജയത്തോടെ ചരിത്രമെഴുതിയാണ് ജര്‍മ്മനി തിരികെ കയറിയത്. യൂറോയുടെ ചരിത്രത്തില്‍ തന്നെ ഉദ്ഘാടനമത്സരത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടി ജയിച്ച ടീമായിട്ടാണ് ജര്‍മ്മനി മാറിയത്.
എതിരാളികള്‍ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കുന്നതായിരുന്നു ജര്‍മ്മനിയുടെ ഉദ്ഘാടന മത്സരം. 94 ശതമാനമായിരുന്നു അവരുടെ പാസ് അക്കുറസി. 43 ആക്രമണം നടത്തിയ അവര്‍ 19 ഗോള്‍ ശ്രമങ്ങള്‍ ഉണ്ടാക്കി. 655 പാസുകള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ സ്കോട്ട്ലന്റിന് പര്ൂത്തിയാക്കാനായത് 193 പാസുകളായിരുന്നു.






