
ബെർലിൻ: യൂറോ കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ മുൻ ചാമ്പ്യന്മാരായ പോർച്ചുഗലിനെ അട്ടിമറിച്ച് ജോർജിയ പ്രീക്വാർട്ടറിൽ. ഇതാദ്യമായാണ് ഒരു പ്രധാന ടൂർണമെന്റിനെത്തിയ ജോർജിയ നേട്ടം കൈവരിച്ചത്. മത്സരത്തിന്റെ 90-ാം സെക്കന്റിൽ തന്നെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സംഘത്തെ ഞെട്ടിച്ചുകൊണ്ട് ജോര്‍ജിയയുടെ ഗോളെത്തി. ഖ്വിച്ച ക്വാററ്റ്സ്ഖേലിയയുടെ ഗോളിലാണ് ജോര്‍ജിയ ആദ്യ ഗോൾ വലയിലെത്തിച്ചത്.
പോര്‍ച്ചുഗീസ് താരം അന്റോണിയോ സില്‍വയുടെ വലിയ പിഴവ് മുതലെടുത്തായിരുന്നു ജോർജിയയുടെ ആദ്യ ഗോള്‍. സില്‍വ പിറകിലേക്കു നല്കിയ പാസ് ജോര്‍ജിയ താരം മികോട്ടഡ്സെ സ്വന്തമാക്കി. പന്തുമായി മുന്നേറിയ താരം ഇടതുവശത്ത് ക്വാരത്സ്ഖെലിയക്ക് പാസ് നല്കി. ഇറ്റാലിയൻ ക്ലബ് നാപ്പോളി മുന്നേറ്റ താരം പന്ത് പോസ്റ്റിന്റെ വലതുവശത്തേയ്ക്ക് അടിച്ചുകയറ്റി.
രണ്ടാം പകുതിയില്‍ 57-ാം മിനിറ്റിൽ പെനാല്‍റ്റിയിലൂടെ മിക്കോട്ടഡ്സെയും ഗോൾ നേടിയപ്പോൾ പോർച്ചുഗൽ സംഘം തോൽവിയിലേക്ക് നീങ്ങി. മത്സരത്തിലുടനീളം ഗംഭീരമായ സേവുകളുമായി കളം നിറഞ്ഞ ജോര്‍ജിയന്‍ ഗോള്‍ക്കീപ്പര്‍ മാമര്ദഷ്വിലിയും ഈ ജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.
യൂറോ കപ്പിന്റെ് പ്രീക്വാര്‍ട്ടര്‍ ലൈനപ്പായി. ഗ്രൂപ്പ് ഘട്ടത്തിലെ മുപ്പത്തിയാറ് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 24 ടീമുകളുമായി തുടങ്ങിയ യൂറോ കപ്പ് പതിനാറ് ടീമിലേയക്ക് ചുരുങ്ങി. യോഗ്യതാ റൗണ്ടില്‍ ഒറ്റക്കളിയും തോല്‍ക്കാതെയെത്തിയ ഹങ്കറിയും ലോകകപ്പ് മുന്‍ സെമിഫൈനലിസ്റ്റുകളായ ക്രൊയേഷ്യയുമാണ് നോക്കൗട്ട് റൗണ്ടിലെത്താതെ പുറത്തായ പ്രമുഖ ടീമുകള്‍.
ജൂലൈ രണ്ട് വരെയാണ് യൂറോ കപ്പിലെ പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍. പ്രീക്വാര്‍ട്ടറില്‍ സ്വിറ്റ്സര്‍ലന്‍ഡ് ഇറ്റലിയെയും, ഇംഗ്ലണ്ട് സ്ലോവാക്യയെയും, റൊമാനിയ നെതര്‍ലന്‍ഡ്സിനെയും, ഓസ്ട്രിയ തുര്‍ക്കിയെയും, ജര്‍മനി ഡെന്മാര്ക്കിനെയും, സ്പെയ്ന്‍ ജോര്‍ജിയയെയും, ഫ്രാന്‍സ് ബെല്‍ജിയത്തേയും, പോര്‍ച്ചുഗല്‍ സ്ലോവേനിയയെയും നേരിടും.ഫ്രാന്‍സും പോര്‍ച്ചുഗലും സ്പെയ്നും ജര്‍മനിയും ഇംഗ്ലണ്ടും ഇറ്റലിയും ക്വാര്‍ട്ടറില്‍ നേര്‍ക്കുനേര്‍ വരാന്‍ സാധ്യതയുള്ള തരത്തിലാണ് പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍.
ജൂലൈ അഞ്ചിനും ആറിനും ക്വാര്‍ട്ടര്‍ ഫൈനലും ഒന്‍പതിനും പത്തിനും സെമിഫൈനലും നടക്കും. ജൂലൈ 14ന് രാത്രി പന്ത്രണ്ടരയ്ക്ക് ബെര്‍ലിനിലെ ഒളിംപിക്സ് സ്റ്റേഡിയത്തിലാണ് കിരീടപ്പോരാട്ടം. ഗ്രൂപ്പ് ഘട്ടത്തിലെ മുപ്പത്തിയാറ് കളിയില്‍ ആകെ പിറന്നത് എണ്‍പത്തിയൊന്ന് ഗോളുകളെങ്കില്‍ മൂന്ന് ഗോളുമായി ജോര്‍ജിയയുടെ ജോര്‍ജസ് മികൗതാഡ്സെയാണ് നിലവിലെ ടോപ്സ്കോറര്‍.




