
ന്യൂയോര്‍ക്ക്: ഫുട്ബോള്‍ ലോകകപ്പില്‍ അഞ്ചുവട്ടം ചാമ്പ്യനായ ബ്രസീല്‍ ഇന്നിറങ്ങും. ന്യൂ ജഴ്സി സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.30 മുതല്‍ നടക്കുന്ന സി ഗ്രൂപ്പ് മത്സരത്തില്‍ മൊറോക്കോയാണ് എതിരാളികള്‍.
ഫിഫ റാങ്കിങ്ങില്‍ ആറാം സ്ഥാനക്കാരാണ് ബ്രസീല്‍. എട്ടാം റാങ്കുകാരായാണു മൊറോക്കോ ലോകകപ്പില്‍ കളിക്കുന്നത്. ദക്ഷിണ അമേരിക്കന്‍ മേഖലാ യോഗ്യതാ റൗണ്ടില്‍ അഞ്ചാം സ്ഥാനത്താണു ബ്രസീല്‍ ഫിനിഷ് ചെയ്തത്. യോഗ്യതാ റൗണ്ട് തുടങ്ങിയ ശേഷം ആദ്യമായാണ് ബ്രസീല്‍ ആദ്യ നാലില്‍നിന്നു പുറത്താകുന്നത്. 2022 ലോകകപ്പിലെ സെമി ഫൈനലില്‍ കളിക്കാന്‍ മൊറോക്കോയ്ക്കായി. ആഫ്രിക്കന്‍ മേഖലാ യോഗ്യതാ റൗണ്ടിലെ എട്ടു മത്സരങ്ങളും ജയിച്ച ഏക ടീമാണു മൊറോക്കോ. ആഫ്രിക്ക കപ്പ ഓഫ് നേഷന്‍സ് ജേതാക്കളുമായി. 2002 ലോകകപ്പ് ജേതാക്കളായ ശേഷം ബ്രസീലിനു കിരീട വരള്‍ച്ചയാണ്.
1982 ലോകകപ്പ് മുതല്‍ നടന്ന ഗ്രൂപ്പ് ഘട്ടത്തിലെല്ലാം ഒന്നാം സ്ഥാനക്കാരായിരുന്നു ബ്രസീല്‍. നിലവിലെ കോച്ച് കാര്‍ലോ ആന്‍സലോട്ടിയും ഈ റെക്കോഡ് നിലനിര്‍ത്തുമെന്നാണു കരുതുന്നത്. ഗ്രൂപ്പിലെ മറ്റു ടീമുകളായ ഹെയ്തിയും സ്കോട്ട്ലന്‍ഡും ബ്രസീലിനു ഭീഷണിയാകുമെന്നു കടുത്ത എതിരാളികളും കരുതുന്നില്ല. സ്ട്രൈക്കര്‍ നെയ്മറിന്റെ കായിക ക്ഷമതയിലാണ് ബ്രസീലിന് ആശങ്കയുള്ളത്. മൊറോക്കോയ്ക്കെതിരേ നെയ്മര്‍ കളിക്കുമെന്ന് ആന്‍സലോട്ടി ഉറപ്പിച്ചു പറഞ്ഞിട്ടില്ല. 2023 നു ശേഷം നാല് കോച്ചുമാരെയാണു ബ്രസീല്‍ പരീക്ഷിച്ചത്. ഒരു വര്‍ഷം മുമ്പാണ് ആന്‍സലോട്ടി രംഗത്തെത്തിയത്. യോഗ്യതാ റൗണ്ടില്‍ അര്‍ജന്റീന, ഇക്വഡോര്‍, കൊളംബിയ, യുറുഗ്വേ എന്നിവര്‍ക്കു പിന്നിലാണു ബ്രസീല്‍ ഫിനിഷ് ചെയ്തത്. അവസാന രണ്ട് മത്സരങ്ങള്‍ക്കു മുമ്പാണ് റയാല്‍ മാഡ്രിഡ് വിട്ട് ആന്‍സലോട്ടി ബ്രസീല്‍ കോച്ചാകുന്നത്്. നെയ്മറിനെ കൂടുതല്‍ ആശ്രയിക്കാതെ വിനീഷ്യസ് ജൂനിയര്‍, റാഫിഞ്ഞ എന്നിവരിലൂടെ തന്ത്രങ്ങള്‍ മെനയാനാണ് ആന്‍സലോട്ടി തയാറെടുക്കുന്നത്.
വെറ്ററന്‍ ഗോള്‍ കീപ്പര്‍ അലിസണിനെയാണ് ആന്‍സലോട്ടിക്കു കൂടുതല്‍ വിശ്വാസം. പ്രതിരോധത്തിലെ പാളിച്ചകളാണ് ബ്രസീലിനെ എക്കാലവും അലട്ടുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ കോച്ച് വാലിദ് റെഗ്രാഗുയി രാജിവച്ചത് മൊറോക്കോയെ പ്രതിസന്ധിയിലാക്കി. അണ്ടര്‍ 20 ടീം കോച്ച് മുഹമ്മദ് ക്വാബിയെ പിന്ഗാമിയാക്കിയാണ് പ്രശ്നം പരിഹരിച്ചത്. കഴിഞ്ഞയാഴ്ച നോര്‍വേയ്ക്കെതിരേ 1-1 നു സമനില വഴങ്ങിയത് ആത്മവിശ്വാസമായി. അഫ്കോണില് അഞ്ച് ഗോളുകളടിച്ച ബ്രാഹിം ഡിയാസാണ് അവരുടെ പ്രധാന താരം. അയൂബ് അല്‍ കാബിയുടെ സാന്നിധ്യവും മൊറോക്കോയെ അപകടകാരികളാക്കും.






