
കൊച്ചി: എറണാകുളം കോതമംഗലം കെഎസ്ആര്‍ടിസി ഡിപ്പോയിൽ ജീവനക്കാർ മദ്യപിച്ചിട്ടുണ്ടോയെന്നറിയാൻ നടത്തിയ പരിശോധനയിൽ 'പണി' നൽകി ബ്രത്തലൈസർ. ഇന്ന് രാവിലെ നടത്തിയ പരിശോധനകളാണ് സാങ്കേതിക തകരാറുകളെ തുടര്‍ന്ന് തിരിച്ചടി നേരിട്ടത്. മദ്യം ഉപയോഗിക്കാത്തവരടക്കം മദ്യപിച്ചിട്ടുണ്ടെന്നാണ് പരിശോധനയില്‍ കണ്ടെത്തിയത്.
ഇന്ന് രാവിലെ നടത്തിയ ബ്രീത്ത് അനലൈസർ പരിശോധന പാളിയത്.രാവിലെ കോതമംഗലം കെഎസ്ആര്‍ടിസി ഡിപ്പോയിൽ ബ്രത്തലൈസർ മെഷീനുമായി ഇൻസ്പെക്ടർ രവി, ഇൻസ്പെക്ടർ സാംസൺ തുടങ്ങിയവരെത്തി. രാവിലെ സർവീസിനു പോകാൻ വന്ന ജീവനക്കാരെ പരിശോധിക്കുകയായിരുന്നു ഉദ്ദേശ്യം. പാലക്കാട് സർവീസ് പോകാൻ വന്ന കണ്ടക്ടർ പി.വി.ബിജുവിനെ ബ്രത്തലൈസറിൽ ഊതിച്ചു. മെഷീനിൽ മദ്യത്തിന്റെ സാന്നിധ്യമായി രേഖപ്പെടുത്തിയത് 39%. എന്നാൽ മദ്യം കഴിക്കാത്ത ബിജു ഇതിനെ എതിർത്തു. ഇത് ഉദ്യോഗസ്ഥരും കെഎസ്ആർടിസി ജീവനക്കാരും തമ്മിലുള്ള തര്‍ക്കത്തിലെത്തി. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സ്റ്റേഷൻ മാസ്റ്ററും ബിജുവിന്റെ വാദം ശരിവച്ചു.
പിന്നീട് വനിതാജീവനക്കാരെയടക്കം പരിശോധിച്ചപ്പോഴും ഫലം പോസിറ്റീവ് തന്നെ. ഇതോടെ, ‘ഊതിക്കാൻ വന്ന സാറുമ്മാർ കൂടി ഊതിയിട്ട് പോയാൽ മതി’ എന്നായി ജീവനക്കാർ. അങ്ങനെ ഇൻസ്പെക്ടർ രവി ഊതിയപ്പോൾ മദ്യത്തിന്റെ അളവ് 45%. രാവിലെ ‘ഫിറ്റാ’യി ബ്രത്തലൈസർ കാണിച്ചവരാരും തന്നെ മദ്യപിക്കുന്നവരല്ല എന്നതാണ് കൗതുകം. പെട്ടുപോയത് കേടായ ബ്രത്തലൈസറുമായി പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥരും. പിന്നീട് ബ്രീത്ത് അനലൈസർ മെഷീൻ കേടാണെന്ന് മനസിലാക്കി ഉദ്യോഗസ്ഥർ പരിശോധന അവസാനിപ്പിച്ചു. എന്നാൽ, വിഷയത്തിൽ പ്രതികരിക്കാനില്ലെന്ന് കോതമംഗലം ഡിപ്പോ അധികൃതർ അറിയിച്ചു.






