
ന്യൂഡല്‍ഹി: സിംബാബ്വെയ്ക്കെതിരായ ഇന്ത്യയുടെ ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണ് ഉണ്ടാകില്ല. ജൂലൈ ആറിനാണ് ഇന്ത്യയുടെ സിംബാബ്വെ പര്യടനം ആരംഭിക്കുന്നത്. പ്രഖ്യാപിച്ച ടീമില്‍ നിന്ന് മൂന്ന് മാറ്റങ്ങളാണ് ബിസിസിഐ പ്രഖ്യാപിച്ചത്.സഞ്ജുവിനൊപ്പം ശിവം ദുബെ, യശസ്വി ജയ്സ്വാള്‍ എന്നീ താരങ്ങളും രണ്ട് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഉണ്ടാകില്ല.
മൂന്ന് താരങ്ങള്‍ക്ക് പകരക്കാരായി സായ് സുദര്ശന്, ജിതേഷ് ശര്‍മ്മ, ഹര്‍ഷിത് റാണ എന്നിവരെ എന്നിവരെ സിംബാബ്വെക്കെതിരായ ആദ്യ രണ്ട് ടി20 മത്സരങ്ങള്‍ക്കുള്ള ഇന്ത്യൻ ടീമില്‍ ഉള്‍പ്പെടുത്തിയത്. ആറിന് തുടങ്ങുന്ന ടി20 പരമ്പരയില്‍ 10നാണ് സിംബാബ്വെക്കെതിരായ മൂന്നാം ടി20 മത്സരം. ഇതിന് മുമ്പ് ഇവരെ സിംബാബ്വെയിലേക്ക് അയക്കും. സിംബാബ്വെ പര്യടനത്തിനുള്ള ടീമിലെ പ്രധാന വിക്കറ്റ് കീപ്പറായിരുന്നു സഞ്ജു. സഞ്ജുവിന്റെ അസാന്നിധ്യത്തില്‍ ധ്രുവ് ജുറെലോ ജിതേഷ് ശര്‍മയോ ആകും ആദ്യ രണ്ട് ടി20 മത്സരങ്ങളിലും വിക്കറ്റ് കീപ്പര്‍മാരാകുക.
നേരത്തെ വെസ്റ്റ് ഇന്‍ഡീസിലെ ബാബര്‍ബഡോസില്‍ നിന്ന് സഞ്ജുവും യശസ്വിയും ശിവം ദുബെയും ഹരാരെയിലേക്ക് പോകാനായിരുന്നു തീരുമാനം. എന്നാല്‍ ലോകകപ്പ് നേടിയ ഇന്ത്യന്‍ സംഘത്തിലുള്ള മറ്റ് ടീം അംഗങ്ങള്‍ക്കൊപ്പം ഇവരും ഇന്ത്യയിലെത്തിയശേഷം സിംബാബ്വെയിലേക്ക് അയക്കാനാണ് ബിസിസിഐ ഒടുവില്‍ തീരുമാനിച്ചത്. ബാര്‍ബഡോസിലെ ചുഴലികൊടുങ്കാറ്റ് മൂലം ഇന്ത്യൻ ടീമിന് യാത്ര തിരിക്കാനായിട്ടില്ല. മടക്കയാത്ര വൈകിയതോടെ ആറിന് തുടങ്ങുന്ന ടി20 പരമ്പരയില്‍ സഞ്ജു ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് സിംബാബ്വെയില് എത്താനാവാത്ത സാഹചര്യം ഉള്ളതിനാലാണ് അടിയന്തിരമായി ടീമില്‍ മാറ്റം വരുത്താന്‍ സെലക്ടര്‍മാര്‍ നിര്‍ബന്ധിതരായത്.
സഞ്ജു, ദുബെ, ജയ്സ്വാള്‍ എന്നീ താരങ്ങള്‍ നിലവില്‍ ട്വന്റി 20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിനൊപ്പം ബാര്‍ബഡോസിലാണ്. ലോകകപ്പ് നേടിയ ഇന്ത്യൻ ടീം ഡല്‍ഹിയിലെത്തിയാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്താനും സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ ലോകകപ്പ് സംഘത്തിലുള്ള 15 പേരും ഉണ്ടാകുന്നതാകും ഉചിതമെന്ന ബിസിസിഐ നിലപാടും സഞ്ജുവിനെയും സംഘത്തിനെയും ഇന്ത്യയില്‍ തിരിച്ചെത്തിക്കാനുള്ള കാരണമായതായി സൂചനയുണ്ട്.






