
ലഖ്നൗ: സ്വയംപ്രഖ്യാപിത ആള്‍ദൈവം സംഘടിപ്പിച്ച സത്സംഗത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും ഉത്തര്‍പ്രദേശില്‍ മരണമടഞ്ഞവരുടെ എണ്ണം കൂടുന്നു. ഇതുവരെ 122 മരണം സ്ഥിരീകരിച്ചു. 150-ല്‍ അധികം പേര്‍ക്കു പരുക്കേറ്റ സംഭവത്തില്‍ മരണസംഖ്യ ഇനിയും കൂടിയേക്കുമെന്നാണ് വിവരം. സത്സംഗ് സംഘടിപ്പിച്ച വിവാദ ആള്‍ദൈവം 'ഭോലെ ബാബ' ഒളിവില്‍ പോയിരിക്കുകയാണ്.
മരിച്ചവരില്‍ ഏറെയും സ്ത്രീകളും കുട്ടികളുമാണ്.പരുക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണെന്നും വിവരമുണ്ട്. തിരക്കില്‍പ്പെട്ടവരെ കൊണ്ടുവന്ന ആശുപത്രികളില്‍ വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ആവശ്യത്തിന് ഡോക്ടര്‍മാരോ, ആംബുലന്‍സോ, ഓക്സിജന്‍ സിലിണ്ടറുകളോ ഉണ്ടായിരുന്നില്ലെന്ന് ആരോപണമുയര്‍ന്നു.
ദുരന്തത്തിന് കാരണമായ സ്വയംപ്രഖ്യാപിത ആള്‍ദൈവം 'ഭോലെ ബാബ' അഥവാ നാരായണ്‍ സാകര്‍ ഹരി ഒളിവിലാണെന്നാണ് പൊലീസ് നല്കുന്ന വിവരം. പൊലീസ് ഇദ്ദേഹത്തെ കാണാനായി മെയിന്‍പുരിയിലെ ആശ്രമത്തിലേക്ക് ചെന്നെങ്കിലും അവിടെ ഉണ്ടായിരുന്നില്ല. സത്സംഗ്' സമാപന ചടങ്ങിന്റെ അവസാനത്തിലാണ് ഇന്നലെ അപകടം നടന്നത്. സംഭവത്തില്‍ യുപി സര്‍ക്കാര്‍ ഉന്നതതല അന്വേഷണവും പ്രഖ്യാപിച്ചു.
പ്രാര്‍ത്ഥനാ പരിപാടിക്ക് ശേഷം ആളുകള്‍ മടങ്ങാനൊരുങ്ങിയപ്പോള്‍ ഇദ്ദേഹത്തിന്റെ വാഹനം കടന്ന് പോകാന്‍ വേണ്ടി ആളുകളെ തടഞ്ഞെന്നും തുടര്‍ന്നുണ്ടായ തിരക്കാണ് വലിയ ദുരന്തത്തിലേക്ക് നയിച്ചത് എന്നുമാണ് പൊലീസ് ഇപ്പോള്‍ നല്കുന്ന പുതിയ വിവരം. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ 2 ലക്ഷം രൂപ പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് അന്‍പതിനായിരം രൂപയും നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.






