
കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയിലേക്കു പോയ ഇൗഴവ വോട്ടുകളുടെ കണക്കെടുക്കാന്‍ സി.പി.എം. ഇൗഴവ സമുദായംഗങ്ങള്‍ കൂടുതലായി താമസിക്കുന്ന മേഖലകളില്‍ ബി.ജെ.പി. നേതൃത്വം നല്കുന്ന എന്‍.ഡി.എ. സ്ഥാനാര്‍ഥികള്‍ക്കു ലഭിച്ച അധിക വോട്ട് കണ്ടെത്താന്‍ സി.പി.എം. താഴേത്തട്ടിലേക്കു നിര്‍ദേശം നല്കി.
എക്കാലത്തും സി.പി.എമ്മിനോടും സി.പി.ഐയോടും ആഭിമുഖ്യം പുലര്‍ത്തിയിരുന്ന ഇൗഴവ വോട്ടുകള്‍, ബി.ഡി.ജെ.എസ്്. സ്ഥാനാര്‍ഥിയായി എസ്.എന്‍.ഡി.പി. യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി കോട്ടയത്തു മത്സരിച്ചതോടെ ബി.ജെ.പിയിലേക്ക് ഒഴുകിയെന്നാണ് സി.പി.എം. നേതൃത്വത്തിന്റെ വിലയിരുത്തല്‍. കോട്ടയം ലോക്സഭാ മണ്ഡലത്തില്‍ വൈക്കം, ഏറ്റുമാനൂര്‍ നിയമസഭാ മണ്ഡലങ്ങളിലാണ് ഇൗഴവ സമുദായാംഗങ്ങള്‍ കൂടുതലുള്ളത്.
വൈക്കം നിയോജക മണ്ഡലത്തിലെ 156 ബൂത്തുകളില്‍ 30 എണ്ണത്തില്‍ ഇടതുമുന്നണിയേക്കാള്‍ തുഷാര്‍ വെള്ളാപ്പള്ളി മുന്നിലാണ്. ഏറ്റുമാനൂര്‍ മണ്ഡലത്തില്‍ ആകെയുള്ള 165 ബൂത്തുകളില്‍ പതിനെട്ടിടങ്ങളില്‍ ഇടതു സ്ഥാനാര്‍ഥി തോമസ് ചാഴികാടന് ബി.ഡി.ജെ.എസ്. സ്ഥാനാര്‍ഥിക്കു പിന്നിലായി. കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തിലാകെ നൂറിലേറെ ബൂത്തുകളില്‍ ബി.ഡി.ജെ.എസ്. ഇടതുമുന്നണിയെ പിന്നിലാക്കിയിട്ടുണ്ട്.
കോട്ടയത്തു ബി.ജെ.പി. സ്ഥാനാര്‍ഥിയായി 2019 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ച പി.സി. തോമസിനു ലഭിച്ചത് 155135 വോട്ടാണ്. അന്ന് ഇരുപതില്‍ താഴെ ബുത്തുകളിലായിരുന്നു ബി.ജെ.പി. മുന്നിലെത്തിയത്. ഇത്തവണ തുഷാര്‍ വെള്ളാപ്പള്ളിക്കു ലഭിച്ചത് 163605 വോട്ടാണ്്. വ്യത്യാസം 8470 വോട്ട് മാത്രം.
ഇത്രയും കുറച്ചു വോട്ടിന്റെ വ്യത്യാസമേ ഉള്ളൂ എന്നിരിക്കെയാണ് ബി.ജെ.പി. നിരവധി ബൂത്തുകളില്‍ ഇടതുമുന്നണിയെ പിന്നിലാക്കിയത്. ഇൗ സാഹചര്യത്തില്‍ ഇൗഴവ വോട്ടുകള്‍ വ്യാപകമായി ബി.ജെ.പിയിലേക്ക് ഒഴുകിയെന്നാണു സി.പി.എമ്മിന്റെ വിലയിരുത്തല്‍. സി.പി.എം. സംസ്ഥാന കമ്മിറ്റി അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിലും ഇൗഴവ വോട്ടുകള്‍ വ്യാപകമായി ചോര്‍ന്നതായി വ്യക്തമാക്കിയിരുന്നു. സി.പി.എമ്മിന്റെ ശക്തികേന്ദ്രങ്ങളില്‍, ബി.ജെ.പിക്കു ബൂത്ത് ഏജന്റുമാര്‍ ഇല്ലാതിരുന്ന സ്ഥലങ്ങളില്‍പോലും പരമ്പരാഗതമായി പാര്‍ട്ടിക്കു ലഭിച്ചിരുന്ന വോട്ടുകള്‍ ബി.ജെ.പിക്ക് അനുകൂലമായെന്നാണ് കണ്ടെത്തല്‍.
തിരുവനന്തപുരം ജില്ലയിലെ ബി.ജെ.പിയുടെ വളര്‍ച്ചയാണ് സി.പി.എമ്മിനെ കൂടുതല്‍ അസ്വസ്ഥതപ്പെടുത്തുന്നത്. ജില്ലയിലെ രണ്ടു പാര്‍ലമെന്റ മണ്ഡലങ്ങളിലും വലിയ മുന്നേറ്റമാണ് ബി.ജെ.പി. കാഴ്ചവച്ചത്. തിരുവനന്തപുരത്തു രണ്ടാം സ്ഥാനത്തെത്തിയ ബി.ജെ.പിക്ക് ആറ്റിങ്ങലില്‍ പതിനയ്യായിരത്തോളം വോട്ടുകളുടെ വ്യത്യാസമാണ് ഇടതുമുന്നണിയുമായുള്ളത്.
തദേശ സ്വയംഭരണ തെരഞ്ഞടുപ്പിന് ഇനി ഒരു വര്‍ഷംമാത്രമാണ് ബാക്കി. ബി.ജെ.പിയിലേക്കു പോയ ഇൗഴവ വോട്ടുകള്‍ തിരിച്ചു പിടിക്കാനായില്ലെങ്കില്‍ പല ജില്ലകളിലും വലിയ തിരിച്ചടി നേരിടേണ്ടിവരുമെന്നാണ് സി.പി.എം. നേതൃത്വത്തിന്റെ വിലയിരുത്തല്‍.






