
കോപ്പാ അമേരിക്ക ഫുട്ബോളില്‍ ഇക്വഡോറിനെ തോല്‍പ്പിച്ച് അര്‍ജന്റീന സെമിയില്‍. ക്വാര്‍ട്ടറില്‍ നടന്ന പോരാട്ടത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഇക്വഡോറിന്റെ രണ്ടു കിക്കുകള്‍ തടുത്തിട്ട ഗോള്‍കീപ്പര്‍ ദിബു മാര്‍ട്ടീനസിന്റെ മികവാണ് ടീമിനെ സെമിയില്‍ എത്തിച്ചത്. ഷൂട്ടൗട്ടില്‍ ആദ്യ കിക്ക് എടുത്ത സൂപ്പര്‍താരം മെസ്സിയുടെ സ്പോട്ട് കിക്ക് ബാറിലിടിച്ചു പറന്നു. എന്നാല്‍ പിന്നാലെ വന്നവരെല്ലാം എടുത്ത കിക്കുകള്‍ ലക്ഷ്യം കണ്ടതോടെ അര്‍ജന്റീന സെമിയിലേക്ക് കുത്തിച്ചു. നിലവിലെ ചാംപ്യന്മാര്ക്ക് ആദ്യനാലില്‍ കാനഡ-വെനസ്വേല മത്സരത്തിലെ ജേതാക്കളാണ് എതിരാളികള്‍.
കളിയിലെ യഥാര്‍ത്ഥ ഹീറോ അര്‍ജന്റീനാ ഗോള്‍കീപ്പര്‍ മാര്ട്ടീനസായിരുന്നു. സാധാരണ സമയത്ത് ഇക്വഡോറിന് കിട്ടിയ പെനാല്‍റ്റി തടുത്ത മാര്‍ട്ടീനസ് പിന്നാലെ വന്ന ഷൂട്ടൗട്ടിലും രണ്ടു കിക്കുകള്‍ തടഞ്ഞു. ഇരുടീമുകളും സാധാരണസമയത്ത് ഓരോഗോള്‍ വീതമടിച്ചു സമനിലയിലായതിനെ തുടര്‍ന്നായിരുന്നു പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് കളി നീണ്ടത്. ഷൂട്ടൗട്ടില്‍ 4-2 നായിരുന്നു അര്‍ജന്റീനയുടെ ജയം. കളിയുടെ 35 ാം മിനിറ്റില്‍ മുന്നേറ്റക്കാരന് ലിസാന്ദ്രോ മാര്‍ട്ടീനസിന്റെ ഗോളില്‍ മുന്നിലെത്തിയ അര്‍ജന്റീനയെ ഇഞ്ചുറി സമയത്ത് കെവിന് റോഡ്രിഗ്രസിന്റെ ഗോളില്‍ ഇക്വഡോര്‍ സമനിലയില്‍ പിടിക്കുകയായിരുന്നു. ഷൂട്ടൗട്ടില്‍ ജൂലിയന്‍ അല്‍വാരസ്, അലക്സിസ് മക് അലിസ്റ്റര്‍, ഗോണ്‍സാലോ മോണ്ടിയേല്‍, നിക്കോളാസ് ഒട്ടാമെന്‍ഡി എന്നിവര്‍ സ്കോര്‍ ചെയ്തപ്പോള്‍ ഇക്വഡോറിനായി ജോണ്‍ യെബോയ്ക്കും ജോര്‍ഡി കെയ്കേഡോയ്ക്കും മാത്രമാണ് സ്കോര്‍ ചെയ്യാനായത്.
അനായാസം സെമിയില്‍ എത്തുമായിരുന്ന അര്‍ജന്റീനയെ കളിയുടെ 91 ാം മിനിറ്റില്‍ ഇടതുവശത്ത് നിന്നും താഴ്ന്നുവന്ന ഒരു കോര്‍ണര്‍കിക്കില്‍ തലവെച്ച് കെവിന് റോഡ്രിഗസ് സമനിലയില്‍ കുരുക്കുകയായിരുന്നു. രണ്ടാംപകുതിയില്‍ മെസ്സി ഒരു മികച്ച അവസരം പാഴാക്കുന്നതും കണ്ടു. പരിക്കേറ്റ മെസ്സിയെ ആദ്യം മുതല്‍ പരിശീലകന് കളിപ്പിച്ചിരുന്നു. കളിക്കിടയില്‍ അര്‍ജന്റീന താരം ഡീപോള്‍ ഇക്വഡോറിന്റെ അലന് ഫ്രാങ്കോയെ ബോക്സില്‍ വീഴ്ത്തിയതിന് റഫറി പെനാല്‍റ്റി അനുവദിച്ചിരുന്നു. എന്നാല്‍ എന്നര് വലന്‍സിയ എടുത്ത കിക്ക് പോസ്റ്റില്‍ തട്ടി മടങ്ങി.




