
തിരുവനന്തപുരം: ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ വിദേശത്തേക്ക് പഠിക്കാന്‍ പോകുന്നവരുടെ എണ്ണം കുറവ് കേരളത്തില്‍ നിന്നുമാണെന്ന് മന്ത്രി ആര്.ബിന്ദു. നാലു ശതമാനം മാത്രമാണ് കേരളത്തിന്റെ സംഭാവനയെന്നും സ്റ്റുഡന്റ് മൈഗ്രേഷന്‍ ഒരു ആഗോളപ്രതിഭാസമാണെന്നും പറഞ്ഞു. വിദേശസര്വകലാശാലകളിലേക്കുള്ള വിദ്യാര്‍ത്ഥികളുടെ കുടിയേറ്റം സഭ നിര്‍ത്തിവെച്ചു ചര്‍ച്ച ചെയ്യണമെന്ന് നിയമസഭയില്‍ മാത്യൂ കുഴല്നാടന് നല്കിയ അടിയന്തിരപ്രമേയ നോട്ടീസിനുള്ള മറുപടിയായിട്ടായിരുന്നു ആര് ബിന്ദു ഇക്കാര്യം പറഞ്ഞത്.
കേരളത്തിലെ സര്‍വകലാശാലകളില്‍ വിദ്യാര്‍ത്ഥികളുടെ കുറവ് അനുഭവപ്പെടുന്നില്ലെന്നും രാജ്യാന്തര തലത്തില്‍ തന്നെ ഇവിടുത്ത സര്‍വകലാശാലകളുടെ കീര്‍ത്തി കൂടുകയാണെന്നും പറഞ്ഞു. പുതിയ തലമുറ ആഗ്രഹിക്കുന്ന തരത്തില്‍ ഒരു ജീവിതം കേരളത്തില്‍ സാധ്യമാകുന്നില്ലെന്ന കുഴല്‍നാടന്റെ വിമര്‍ശനത്തിനും മറുപടി നല്കി. ആദ്യ ഐടി പാര്‍ക്ക് ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായിരുന്ന കാലത്താണെന്നും ആദ്യ ഡിജിറ്റല്‍ സര്വകലാശാലയുണ്ടായത് പിണറായിയുടെ കാലത്താണെന്നും കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ ഗംഭീര പ്രകടനമാണ് നടത്തുന്നതെന്നും പറഞ്ഞു.
ഇവിടെ നിന്നും എങ്ങിനെയെങ്കിലും രക്ഷപ്പെടണം എന്ന ഉദ്ദേശത്തോടെയല്ല വിദ്യാര്‍ത്ഥികള്‍ വെളിയില്‍ പോകുന്നത്. തൊഴില്‍ ചെയ്യാന്‍ കൂടിയുള്ള സൗകര്യാര്‍ത്ഥമാണ് പുറത്തുപോകുന്നതെന്നും അവര്‍ ലോ ഇന്‍കം ജോലിക്കാണ് പോകുന്നതെന്നും മന്ത്രി പറഞ്ഞു. പുറത്തുപോകുന്നവര്‍ പുറത്തുപോയി പഠിക്കട്ടെയെന്നും അവര്‍ രാജ്യത്തിന് സംഭാവനകള്‍ നല്കട്ടെയെന്നും മന്ത്രി പറഞ്ഞു.
ഡിഗ്രി, പോസ്റ്റു ഗ്രാജ്വേഷന് കോഴ്സുകളില്‍ വിദ്യാര്‍ത്ഥികളില്ലാതെ ഒഴിഞ്ഞു കിടക്കുന്ന സ്ഥിതിയുണ്ടെന്ന പ്രതിപക്ഷത്തിന്റെ പ്രസ്താവനയ്ക്ക് അനുവദിക്കപ്പെട്ട നിലവാരമില്ലാത്ത സ്വാശ്രയ കോളേജുകളാണ് പൂട്ടിപ്പോകുന്നതെന്നും കഴിഞ്ഞ സര്‍ക്കാര്‍ അനുവദിച്ചവയാണ് അവയെന്നും മന്ത്രി പറഞ്ഞതോടെ സഭയില്‍ പ്രതിപക്ഷം ബഹളം വെച്ചു. അടിയന്തിരപ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം ഇറങ്ങിപ്പോയി.






