
കോപ്പ അമേരിക്ക 2024 ഫൈനലില്‍ അര്‍ജന്റീന കൊളംബിയയെ 1-0 ന് പരാജയപ്പെടുത്തിയതോടെ കരിയറില്‍ ക്ലബ്ബിനും രാജ്യത്തിനുമായി ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ എന്ന റെക്കോഡ് നേടി അര്‍ജന്റീന നായകന് ലിയോണേല്‍ മെസ്സി. 'ഗോട്ട്' എന്ന് പരക്കെ പരിഗണിക്കപ്പെടുന്ന ലയണല്‍ മെസ്സി തന്റെ തുടര്‍ച്ചയായ മൂന്നാം അന്താരാഷ്ട്ര കിരീടത്തിലാണ് മുത്തമിട്ടത്. കണങ്കാലിനേറ്റ പരിക്ക് മൂലം രണ്ടാം പകുതിയില്‍ കളത്തിന് പുറത്തേക്ക് ഇറങ്ങേണ്ടി വന്നതില്‍ താരം ആരാധകരോട് ക്ഷമാപണം നടത്തുകയും വിങ്ങിപ്പൊട്ടുകയും ചെയ്തു.
മെസ്സി ബെഞ്ചിലിരുന്ന് ആശ്വസിക്കാന്‍ വയ്യാതെ കരഞ്ഞപ്പോള്‍, സഹതാരങ്ങള്‍ വര്‍ദ്ധിത വീര്യത്തോടെ പൊരുതി നായകന് വിജയത്തോടെ കപ്പ് നേടിക്കൊടുക്കുകയും ചെയ്തു. അധിക സമയത്ത് ലൗട്ടാരോ മാര്‍ട്ടിനെസ് വിജയ ഗോള്‍ നേടി കപ്പുയര്‍ത്തുമ്പോള്‍ അത് മെസ്സിയുടെ കരിയറിലെ 45-ാം ട്രോഫിയായിരുന്നു. കിരീട കാര്യത്തില്‍ ബ്രസീലിന്റെ ഡാനി ആല്‍വസിനെ മറികടന്ന അദ്ദേഹം എക്കാലത്തെയും ഏറ്റവും കൂടുതല്‍ കിരീടം നേടിയ ഫുട്ബോള്‍ കളിക്കാരനെന്ന നിലയില്‍ 'ലോകറെക്കോര്‍ഡ്' നേടി.
അര്‍ജന്റീനയ്ക്ക് വേണ്ടി, വെറും മൂന്ന് വര്‍ഷത്തിനുള്ളില്‍ നാല് അന്താരാഷ്ട്ര കിരീടങ്ങള്‍ നേടിയ മെസ്സി 2022-ല്‍ ഫിഫ ലോകകപ്പും നാട്ടിലെത്തിച്ചു. കൂടാതെ 2021 മുതല്‍ 2024 വരെ രണ്ട് കോപ്പ അമേരിക്കകളും ഒരു ഫൈനല്‍സിമയും നേടി. ക്ലബ്ബ് കരിയറില്‍ ആകെ 39 കിരീടങ്ങള്‍ ആസ്വദിച്ചിട്ടുള്ള അദ്ദേഹം അതില്‍ ഭൂരിഭാഗവും കരിയറിന്റെ ഭൂരിഭാഗവും കളിച്ച ബാഴ്സലോണക്കൊപ്പമാണ് നേടിയത്. ആകെ 12 ലീഗ് കിരീടങ്ങള്‍ (10 ബാഴ്സലോണയ്ക്കൊപ്പം, രണ്ട് പിഎസ്ജി), ബാഴ്സിലോണയ്ക്കൊപ്പം നേടിയ നാല് യുവേഫ ചാമ്പ്യന്‍സ് ലീഗ് ട്രോഫികളും 17 ആഭ്യന്തര കപ്പുകളും (ആകെ 15 ബാഴ്സലോണയ്ക്കൊപ്പം, ഒന്ന് പിഎസ്ജിയ്ക്കൊപ്പം ഒന്ന്. മേജര്‍ സോക്കര്‍ ലീഗ് ഇന്റര്‍ മിയാമിയ്ക്കൊപ്പവും).
യുവേഫ സൂപ്പര്‍ കപ്പുകളും ഫിഫ ക്ലബ് വേള്‍ഡ് കപ്പും അദ്ദേഹം നേടിയിട്ടുണ്ട്, ആകെ മൂന്ന് തവണ വീതം. അന്താരാഷ്ട്ര സര്‍ക്യൂട്ടില്‍, 2005 ലെ അണ്ടര്‍ 17 ലോകകപ്പിലും 2008 ഒളിമ്പിക് ഗെയിംസിലും മെസ്സി അര്‍ജന്റീനയ്ക്കൊപ്പം വിജയങ്ങള്‍ ആസ്വദിച്ചിട്ടുണ്ട്. വ്യക്തിഗത നേട്ടത്തില്‍ എട്ടു തവണ ബാലണ്‍ ഡി ഓറുകളും ആറ് യൂറോപ്യന്‍ ഗോള്‍ഡന്‍ ബൂട്ടുകളും സ്വന്തമാക്കി. തന്റെ കരിയറില്‍ ഇതുവരെ 1068 മത്സരങ്ങളില്‍ നിന്നായി 838 ഗോളുകളും 374 അസിസ്റ്റുകളും നേിടയ മെസ്സി 1212 ഗോളുകളില്‍ പങ്കാളിയായിട്ടുണ്ട്.
കഴിഞ്ഞ 4 വര്‍ഷങ്ങളില്‍, മെസ്സി അന്താരാഷ്ട്ര വേദിയില്‍ തിളക്കമാര്‍ന്ന പ്രകടനമാണ് കാഴ്ചവെച്ചത്. അര്‍ജന്റീനയ്ക്കൊപ്പം മൂന്ന് വലിയ ട്രോഫികള്‍ നേടി, എല്ലാ സാധ്യതയിലും, കോപ്പ അമേരിക്ക 2024 കിരീടം അര്‍ജന്റീന കുപ്പായത്തിലെ മെസ്സിയുടെ അവസാനത്തേതാണ്. മുഖ്യ എതിരാളിയായി പരിഗണിക്കുന്ന ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ യൂറോയില്‍ ക്വാര്‍ട്ടറില്‍ പുറത്തായപ്പോഴാണ് അര്‍ജന്റിനയുമായി മെസ്സി കിരീടത്തിലേക്ക് കുതിച്ചത്. അന്താരാഷ്ട്ര വേദിയില്‍ റൊണാള്‍ഡോയ്ക്ക് കാര്യമായി ടീമിനെ ഉത്തേജിപ്പിക്കാനായിട്ടില്ല.






