
വ്യത്യസ്തമായ അഭിനയശൈലിയിലൂടെ പ്രേക്ഷകമനസ്സിലിടം നേടിയ അഭിനേതാവാണ് മണികണ്ഠന് ആചാരി. കമ്മട്ടിപ്പാടത്തിലൂടെ മലയാള സിനിമയിലെത്തിയ താരം വേറിട്ടൊരു അഭിനയത്തിലൂടെ പല മലയാള സിനിമകളുടെയും ഭാഗമായി. സൂപ്പർസ്റ്റാർ രജനികാന്തിനൊപ്പം ‘പേട്ട’ എന്ന ചിത്രത്തിലുള്‍പ്പടെ ചില തമിഴ് സിനിമകളിലും താരം തിളങ്ങിയിരുന്നു. സിനിമയിലെത്തുന്നതിന് മുമ്പുള്ള തന്റെ ജീവിതത്തെക്കുറിച്ച് പല തവണ മണികണ്ഠന് സംസാരിച്ചിട്ടുണ്ട്. തന്റെ ജീവിതം അതിനു മുമ്പ് വളരെ മോശപ്പെട്ട രീതിയിലായിരുന്നെന്നും സിനിമയില്‍ വന്നതിനു ശേഷം ജീവിതത്തിലെ മാറ്റങ്ങളും താരം തുറന്നു പറഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ താന്‍ ചെറുപ്പത്തില്‍ ഒരുപാട് കഷ്ടപ്പാടുകളിലൂടെയാണ് ജീവിച്ചതെന്നും കുടുംബ ജീവിതം താളം തെറ്റിയ അവസ്ഥയായിരുന്നെന്നും തുറന്നു പറയുകയാണ് താരം.
‘‘എന്റെ ചെറുപ്പത്തില്‍ ഒരുപാട് കഷ്ടപ്പാടുകളിലൂടെയാണ് ജീവിച്ചത്. സിനിമാ ജീവിതത്തിലെ പലതരം പ്രശ്നങ്ങള്‍ തന്റെ ജീവിതത്തേയും നന്നായി ബാധിച്ചിട്ടുണ്ട്. ചെറുപ്പത്തില്‍ എനിക്ക് ഭക്ഷണം, വസ്ത്രം, ചെരുപ്പ്, ഇതൊന്നും ഇല്ലായിരുന്നു. ഇതിനോടെല്ലാം എനിക്ക് ഭയങ്കര ആർത്തിയായിരുന്നു. വീടും എനിക്ക് ഇല്ലായിരുന്നു. പക്ഷേ ഇപ്പോള്‍ അങ്ങനെയല്ല. ഞാൻ ഭക്ഷണം കഴിക്കാറില്ല. അതായത് ജ്യൂസ് പോലുള്ള എന്തെങ്കിലും മാത്രം കുടിക്കും.
ജീവിതം ഇപ്പോള്‍ ഒരു പരീക്ഷണം പോലെയാണ്. അതാണ് പലതിനോടുമുള്ള എന്റെ സമീപനത്തില്‍ മാറ്റം ഉണ്ടാവാനുള്ള കാരണവും. എനിക്കിപ്പോള്‍ ഒരുപാട് ചെരുപ്പുകളുണ്ട്. ഓരോ നിറത്തിലുള്ളതും ഓരോ മോഡലില്‍ ഉള്ളതുമുണ്ട്. പക്ഷേ എനിക്കിപ്പോള്‍ ചെരുപ്പ് ഇടാതെ നടക്കാനാണ് ഇഷ്ടം.
കേള്‍ക്കുന്നവർക്ക് ഒരുപക്ഷേ ഭ്രാന്തനാണെന്ന് തോന്നിപ്പോകും. എന്നാല്‍ ഒരു വ്യക്തി തന്റെ ജീവിതത്തിലെ തെറ്റുകളെ സ്വയം തിരുത്തുകയാണ്. കുടുംബ ജീവിതത്തിലെ താളം തെറ്റിയ അവസ്ഥയെ കുറിച്ചും അദ്ദേഹം തുറന്നു പറഞ്ഞു. പ്രൊഫഷണല്‍ ജീവിതത്തിലെ പ്രതിസന്ധികള്‍ ദാമ്പത്യ ജീവിതത്തില്‍ ആഴത്തിലാണ് പ്രതിഫലിച്ചത്.
ഭാര്യയുമായി നിരന്തരം വഴക്കുണ്ടായിരുന്നു. അത് ദിനംപ്രതി വർദ്ധിച്ചു വന്നപ്പോള്‍ അതിനൊരു പരിഹാരം കണ്ടെത്തി. ആ പ്രശ്നത്തിന്റെ മൂലകാരണം ഞാൻ തന്നെയായിരുന്നു. പിന്നീട് മനസിലായി അവർക്ക് അവരുടേതായ ഒരു ലോകമുണ്ട്. അതിനു അവരെ സഹായിക്കുക, സപ്പോർട്ട് ചെയ്യുക എന്നതാണ് വലിയ കാര്യമാണ്. പിന്നെ എന്റെ ഇഷ്ടങ്ങളെ അവരെ ബുദ്ധിമുട്ടിക്കാതെ ചെയ്യുക എന്നതു ഞാൻ പഠിച്ചു.
എന്റെ കൈയില്‍ പൈസയില്ലാതെ വരുമ്പോള്‍, എനിക്ക് വർക്ക് ഇല്ലാതെ വരുമ്പോള്‍ ആ ഫ്രസ്ട്രേഷൻ എല്ലാം തീർക്കുന്നത് ഭാര്യയുടെ അടുത്തായിരുന്നു. അത്തരത്തില്‍ നമ്മുടെ ഫ്രസ്ട്രേഷൻ തീർക്കാനുള്ള സ്ഥലമാണ് ഭാര്യ, അമ്മ എന്ന ചിന്തയെല്ലാം പിന്നീട് മാറി....
ഇന്നും അവസരം ചോദിക്കാറുണ്ട്. അതിന് കാരണം മറ്റൊന്നുമല്ല നമ്മള് ഇൻ്റസ്ട്രിയില്‍ വന്നതു കൊണ്ട് അവസരങ്ങള്‍ വരണമെന്നില്ല. എനിക്ക് ഇവിടെ നിലനില്ക്കണമെങ്കില് ഞാൻ അധ്വാനിക്കണം. ചെറിയ വേഷങ്ങളാണെന്ന് പറഞ്ഞാല്‍ പോലും ഞാൻ അത് ചെയ്യാൻ തയ്യാറാണ്. പാസിംഗ് സീൻ പോലും ചെയ്യാൻ ഞാൻ റെഡിയാണ്. അത്തരത്തില്‍ ചെറിയൊരു വേഷമായിരുന്നു ഭ്രമയുഗത്തിലേത്. പക്ഷേ സിനിമയുടെ സ്വഭാവം അറിയിക്കുന്ന ഒരു കഥാപാത്രമാണ് ഇതെന്ന് സംവിധായകൻ എനിക്ക് പറഞ്ഞ് മനസിലാക്കിയിരുന്നു....’’ മണികണ്ഠന് പറയുന്നു. ഒരു സ്വകാര്യ ചാനലിലെ അഭിമുഖത്തിനിടയിലാണ് താരത്തിന്റെ തുറന്നു പറച്ചില്.
ഭ്രമയുഗത്തിലെ കോരൻ എന്ന കഥാപാത്രം മണികണ്ഠന്റെ മികച്ച പ്രകടനമായി പലരും പറഞ്ഞിട്ടുണ്ട്. ആ കഥാപാത്രം അത്ര ചെറുതായിരുന്നില്ല. മണികണ്ഠന് ആ സിനിമയില്‍ ഒന്ന് രണ്ട് വാക്ക് മാത്രമേ പറയാൻ ഉണ്ടായിരുന്നു. എന്നാല്‍ അഭിനയ പ്രാധാന്യമുള്ള വേഷമായിരുന്നു അത്. ഒരേ സമയം പേടിയും, ഭ്രമവും, കാമവും പ്രതിഫലിക്കുന്ന കഥാപാത്രമായിരുന്നു അത്.






