
ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ ഭീകരരുമായി നടന്ന ഏറ്റുമുട്ടലില്‍ നാലു സൈനികര്‍ക്ക് വീരമൃത്യു. തിങ്കളാഴ്ച ദോഡ ജില്ലയിലായിരുന്നു പോരാട്ടം നടന്നത്. ഒരു ഓഫീസര്‍ ഉള്‍പ്പെടെ നാല് ഇന്ത്യന്‍ സൈനികരാണ് കൊല്ലപ്പെട്ടത്. ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ചുള്ള വ്യക്തമായ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ സൈന്യവും ജമ്മു കശ്മീര്‍ പോലീസും സംയുക്തമായി നടത്തിയ തെരച്ചിലിലായിരുന്നു ആക്രമണം.
ഏറ്റുമുട്ടലില്‍ അഞ്ച് സൈനികര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായി അധികൃതര്‍ അറിയിച്ചു. ഒരാഴ്ചയ്ക്കിടെ ജമ്മു മേഖലയില്‍ രണ്ടാമത്തെ വലിയ ആക്രമണമാണിത്. കഴിഞ്ഞയാഴ്ച കത്വയില്‍ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. 12 സൈനികരെങ്കിലും ഉണ്ടായിരുന്ന രണ്ട് ട്രക്കുകള്‍ക്ക് നേരെ ഏകോപിത ആക്രമണം നടക്കുകയായിരുന്നു. 500 മീറ്ററോളം അകലത്തിലുള്ള ട്രക്കുകള്‍ക്ക് നേരെ ഗ്രനേഡുകള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. പൂഞ്ച്, രജൗരി ജില്ലകളില്‍ ആരംഭിച്ച ഭീകരാക്രമണങ്ങള്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ ഭീകരതയില്‍ നിന്ന് മുക്തമായിരുന്ന ജമ്മുവിലേക്കും വ്യാപിച്ചിരിക്കുന്നു. കഴിഞ്ഞ 32 മാസത്തിനിടെ ജമ്മു മേഖലയില്‍ 48 സൈനികരാണ് കൊല്ലപ്പെട്ടത്.
പ്രവിശ്യയിലെ 10 ജില്ലകളിലും ഇതോടെ ഭീതി വ്യാപിച്ചിരിക്കുകയാണ്. ജമ്മു മേഖലയില്‍ 60-ലധികം വിദേശ ഭീകരര്‍ - കാടുമായി ബന്ധപ്പെട്ടുള്ള യുദ്ധ പരിശീലനം നേടിയിട്ടുള്ളതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ജമ്മു മേഖലയിലെ ഭീകരത ഇല്ലാതാക്കാന്‍ സൈന്യത്തിന്റെ ഭീകരവിരുദ്ധ ശേഷിയുടെ മുഴുവന്‍ സ്പെക്ട്രവും വിന്യസിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ മാസം സൈന്യത്തോട് ആവശ്യപ്പെട്ടിരുന്നു.






